കാശ്മീരില്‍ സൈനിക ക്വാര്‍ട്ടേഴ്‌സിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു, ഒമ്പത് പേര്‍ക്ക് പരിക്ക്‌

Dhanesh February 11, 2018

ജമ്മു കാശ്മീരില്‍ സൈനിക കുടുംബങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. 9 പേര്‍ക്ക് പരിക്കേറ്റു. മൂന്നു ഭീകരരെ സൈന്യം വധിച്ചിട്ടുണ്ട്. ജെയ്ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

അഞ്ച് സ്ത്രീകളും കുട്ടികള്‍ക്കുമുള്‍പ്പെടെയാണ് ഭീകരാക്രമണത്തില്‍ പരിക്കേറ്റത്. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് മരിച്ചത്. മദന്‍ ലാല്‍ ചൗധരിയെന്ന ഉദ്യാഗസ്ഥനും അഷ്റഫ് അലിയെന്ന മറ്റൊരു സൈനികനുമാണ് മരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ സന്ദര്‍ശിച്ചു. സ്ഥലത്ത് അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് എ.കെ 56 തോക്കുകള്‍ കണ്ടെടുത്തിട്ടുണ്ട്. കേന്ദ്ര പ്രതിരോധ മന്ത്രാലയ വൃത്തങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

സ്ഥലത്ത് കൂടുതല്‍ ഭീകരരുണ്ടോയെന്നറിയാന്‍ പരിശോധന തുടരുകയാണ്. സന്‍ജ്വാന്‍ മേഖലയിലെ സൈനിക ക്യാമ്പിലെ ഫാമിലി ക്വാര്‍ട്ടേഴ്സില്‍ ഇന്നലെ പുലര്‍ച്ചെയോടെയായിരുന്നു ആക്രമണം. ക്യാമ്പില്‍ അതിക്രമിച്ച് കയറിയ ഭീകരര്‍ തുടരെ വെടിവെക്കുകയായിരുന്നു.

Read more about:
EDITORS PICK
SPONSORED