പാണ്ഡ്യയും എല്ലിയും പ്രണയത്തിലൊ? ഒടുവില്‍ വെളിപ്പെടുത്തലുമായി എല്ലി അവ്‌റം

Dhanesh February 12, 2018

ഇന്ത്യന്‍ ക്രിക്കറ്റും ബോളിവുഡും തമ്മില്‍ വളരെ അടുത്ത ബന്ധമാണ്. ക്രിക്കറ്റ് താരങ്ങളുടെ പ്രണയം തന്നെയാണ് ഈ ബന്ധത്തിന്റെ തറക്കല്ല്. ക്രിക്കറ്റ് താരങ്ങള്‍ കൂടുതലും പ്രണയത്തിലാകുന്നത് ബോളിവുഡ് നടിമാരുമായാണ്. ക്രിക്കറ്റും ബോളിവുഡും തമ്മിലുള്ള പ്രണയ ബന്ധത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് വിരുഷ്‌ക ദമ്പതികള്‍. ഒന്നും ഇല്ലെങ്കില്‍ പോലും ഏതേലും ക്രിക്കറ്റ് താരം ഒരു ബോളിവുഡ് നടിക്കൊപ്പം നില്‍ക്കുന്ന ഒരു ചിത്രം കണ്ടാല്‍ പിന്നെയുള്ള കാര്യങ്ങള്‍ പാപ്പരാസികള്‍ ഏറ്റു എന്നതാണ് അനുഭവങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പിന്നാലെയാണ് മാധ്യമങ്ങള്‍.

കുറച്ചു നാളുകളായി ഗോസിപ്പ് കോളങ്ങളിലെ ചര്‍ച്ചയായിരുന്നു ഇന്ത്യന്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യയും ബോളിവുഡ് നടി എല്ലി അവ്‌റവും തമ്മിലുള്ള ബന്ധം. ഇരുവരും ഇക്കാര്യത്തെക്കുറിച്ച് പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും പാപ്പരാസികളുടെ പ്രചരണങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ല. ഹാര്‍ദ്ദിക്കിന്റെ സഹോദരനും മുംബൈ ഇന്ത്യന്‍സ് താരവുമായ ക്രുണാല്‍ പാണ്ഡ്യയുടെ വിവാഹത്തിന് എല്ലി എത്തിയതു മുതലാണ് പ്രണയ വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങിയത്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം എല്ലിയുമുണ്ട്. ഇന്ത്യന്‍ താരങ്ങളുടെ ഭാര്യമാര്‍ക്കൊപ്പം ദക്ഷിണാഫ്രിക്കയില്‍ കറങ്ങി നടക്കുന്ന താരത്തിന്റെ ചിത്രം പുറത്തു വന്നിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്റെ ഭാര്യ ആയിഷയാണ് ചിത്രം പുറത്തു വിട്ടത്.
താരങ്ങള്‍ക്കൊപ്പം എല്ലി സെഞ്ചൂറിയനിലെ പാര്‍ക്കും സന്ദര്‍ശിച്ചിരുന്നു. ഇതോടെ ഹാര്‍ദ്ദിക്കും എല്ലിയും തമ്മില്‍ പ്രണയത്തിലാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് മാധ്യമങ്ങളും ആരാധകരും.

എന്നാല്‍ ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എല്ലി. ‘ജനങ്ങള്‍ ജിജ്ഞാസയോടെ തന്നെ ഇരിക്കട്ടെ, ഞാന്‍ എന്തിന് അത് വിശദീകരിക്കണം. ഞാന്‍ ഇതേ കുറിച്ച് സംസാരിച്ചാല്‍ വീണ്ടും റൂമറുകള്‍ പരക്കും. വര്‍ഷങ്ങളായി ഒരുപാട് റൂമറുകള്‍ പരന്നിട്ടുണ്ട്, ഒന്നിനെ കുറിച്ചും വിശദീകരിക്കാന്‍ ഞാന്‍ നിന്നു കൊടുത്തിട്ടില്ല’, എല്ലി പറഞ്ഞു. താനും പാണ്ഡ്യയും തമ്മില്‍ ഒന്നുമില്ലെന്ന് പറഞ്ഞാല്‍ റൂമര്‍ പ്രചരിപ്പിക്കുന്നവര്‍ താന്‍ നുണ പറയുന്നവരാണെന്ന് പറയുമെന്നും എല്ലി വ്യക്തമാക്കി.

Read more about:
EDITORS PICK