പരിചയക്കാരൻ മാത്രമായിരുന്ന ഒരാളെ നാട്ടുകാരനെന്ന പേരിൽ സഹായിച്ച തലശ്ശേരിക്കാരന് നഷ്ടമായത് സ്വന്തം ജീവിതം! പ്രവാസിയായ റഹീമിന്റെ ജീവിതത്തിൽ സംഭവിച്ചത്?

Pavithra Janardhanan February 13, 2018

മലയാളികൾ മലയാളികൾക്ക് തന്നെ പാരയാണോ? പരിചയക്കാരൻ മാത്രമായിരുന്ന ഒരാളെ നാട്ടുകാരനെന്ന പേരിൽ സഹായിച്ച തലശ്ശേരിക്കാരന് നഷ്ടമായത് നാടും വീടും ഭാര്യയും സ്വന്തം മകനും എല്ലാമായിരുന്നു.കണ്ണൂർ തല്സശ്ശേരി സ്വദേശിയായ റഹീമിന്റെ ജീവിതത്തിലാണ് ആ ദുരവസ്ഥ ഉണ്ടായത്.തലശ്ശേരി സ്വദേശിയായ കോമത്ത് അബ്ദുല്‍ റഹീം 20 വർഷം മുൻപ് വീട്ടിലെ പ്രാരാബ്ദങ്ങളോടു മല്ലിടാൻ ഗൾഫിലേക്ക് വിമാനം കയറുകയായിരുന്നു. ഇതിനിടെ നിക്കാഹ് കഴിഞ്ഞ റഹീം ഒട്ടുമിക്ക പ്രവാസിയെയും പോലെ ഭാര്യയെ നാട്ടിലാക്കി  വീണ്ടും പ്രവാസ ജീവിതത്തിലേക്ക് വിമാനം കയറി.

ഇതിനിടയിലാണ് തൃശ്ശൂരുകാരനായ അനൂപ് എന്ന ചെറുപ്പക്കാരൻ റഹീമിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്.അബ്ദുല്‍ റഹീമിന്റെ ബസിയാസ് സ്‌ക്വയറിലെ റെഡിമെയ്ഡ് വസ്ത്രശാലയില്‍ ഇടയ്ക്ക് വന്നു തുടങ്ങിയതോടെ അയാളുമായി സൗഹൃദത്തിലായ റഹീമിന് അയാളുടെ പേരും തൃശ്ശൂരുകാരൻ ആണെന്ന് മാത്രമേ അറിയാമായിരുന്നുള്ളു.

ഇടയ്‌ക്ക് കടയിൽ വന്നിരിക്കും, വിശേഷങ്ങൾ പറയും. നന്നായി സംസാരിക്കുന്ന ഒരു ചെറുപ്പക്കാരൻ. അങ്ങനെയിരിക്കെയാണ് അത് സംഭവിക്കുന്നത്.ഷെയിഖ് സായിദ് റോഡില്‍ ഒരു മാന്‍ പവര്‍ സപ്ലൈ കമ്പനി നടത്തിയിരുന്ന അനൂപ് ഒരിക്കല്‍ ഒരു കേസില്‍ കുടുങ്ങി. പണം നല്‍കാനുള്ളയാള്‍ കൊടുത്ത വ്യാജ ചെക്ക് മാറാന്‍ ശ്രമിച്ചെന്ന കേസില്‍ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലായി.

അനൂപ് ജയിലിലായെന്നും വക്കീലന്‍മാര്‍ പറ്റിച്ചെന്നും ഒരു കൂട്ടുകാരന്‍ പറഞ്ഞതനുസരിച്ച് നല്ല വക്കീലിനെ ഏര്‍പ്പെടുത്തി ജാമ്യമെടുക്കാൻ റഹീം മുന്നിട്ടിറങ്ങുകയും ചെയ്തു.എന്നാൽ എല്ലാം അവിടം കൊണ്ടവസാനിക്കുമെന്നി രിക്കുമ്പോഴാണ് ജാമ്യം കിട്ടി ജാഫിലിയ സ്‌റ്റേഷനില്‍ എത്തിയ അനൂപിനെ കാത്തിരുന്നത് ചെക്കു മടങ്ങിയതിന്റെ മറ്റൊരു കേസായിരുന്നു. ‘ഒന്നുകില്‍ നല്‍കാനുള്ള പണം അടക്കുക, അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് ജാമ്യമായി വെക്കുക’ എന്നതായിരുന്നു പുറത്തു വിടാനുള്ള വ്യവസ്ഥ.

കൈയില്‍ പണമില്ല, പാസ്‌പോര്‍ട്ട് നേരത്തേയുള്ള കേസിന്റെ ആവശ്യത്തിന് ഗ്യാരണ്ടിയായി നല്‍കിയിരിക്കുന്നു.സഹായിക്കണമെന്നഭ്യര്‍ഥിച്ച് അനൂപിന്റെ ഭാര്യയും വീട്ടുകാരും ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം സമീപിച്ചെങ്കിലും എല്ലാവരും കൈവിട്ടതോടെ റഹീമിന്റെ അടുത്ത് വന്നു സഹായം അഭ്യർത്ഥിച്ചു.പുറത്തിറങ്ങിയാലുടന്‍ പണം സ്വരൂപിച്ച് കെട്ടിവെച്ച് പാസ്‌പോര്‍ട്ട് തിരിച്ചെടുത്തു തരാമെന്ന് വാക്ക് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ 2016 അവസാനത്തില്‍ പാസ്‌പോര്‍ട്ട് നല്‍കി.

രണ്ട് മാസത്തിനകം വിസ പുതുക്കാനുള്ളതാണെന്നും വേഗത്തില്‍ പ്രശ്‌നത്തിന് തീര്‍പ്പുണ്ടാക്കണമെന്നും പറഞ്ഞാണ് പാസ്‌പോര്‍ട്ട് നല്‍കിയത്. ജാമ്യത്തിലിറങ്ങിയ ശേഷം അനൂപും വീട്ടുകാരും റഹീമിന് നന്ദി അറിയിച്ച് എത്തുകയും ചെയ്തു.
എന്നാൽ ജാമ്യം ലഭിച്ചതിനു പിന്നാലെ അനൂപും വീട്ടുകാരും അപ്രത്യക്ഷരായി. ഫോണുകള്‍ സ്വിച്ച് ഓഫ്.

അനൂപിന്റെ വിവരങ്ങള്‍ അറിയിച്ചിരുന്ന സുഹൃത്തുക്കള്‍ ഒഴിഞ്ഞുമാറി. അനൂപിനായി ജാമ്യം വെച്ച പാസ്‌പോര്‍ട്ടില്‍ വിസ കാലാവധി കഴിഞ്ഞതോടെ റഹീമിന്റെ യുഎഇയിലെ താമസം നിയമവിരുദ്ധമായി. അനൂപ് വരുത്തിയ ബാധ്യതകള്‍ തീര്‍ക്കാന്‍ ബനിയാസ് സ്‌ക്വയറില്‍ നടത്തി വന്ന മൂന്ന് കടകളും വില്‍ക്കേണ്ടി വന്നു. ഇനിയും വലിയ തുക പിഴയായി അടയ്ക്കേണ്ടി വരും.അതിനിടെ ഉമ്മ ഖദീജയ്ക്ക് അസുഖം കലശലായി. മകനെ കാണാൻ കൊതിച്ചു നീറിയ ആ ഉമ്മ ഒടുവിൽ ആഗ്രഹം ബാക്കി വച്ചു മരണത്തിനു കീഴടങ്ങി.

പാസ്‌പോര്‍ട്ട് വിട്ടുകിട്ടണമെങ്കില്‍ പ്രതി നേരിട്ട് ഹാജറാകണമെന്ന് അധികൃതര്‍ പറഞ്ഞതോടെ ഉമ്മയുടെ ഖബറടക്കിനു പോലും എത്താൻ കഴിഞ്ഞില്ല. ബധിരയും മൂകയുമായ ഭാര്യ ജസീലയുടെ ആരോഗ്യവും ഇതിനിടെ മോശമായി. തീരെ കുഞ്ഞായിരിക്കെ കണ്ട മകന്‍ അസമിന് ഇപ്പോള്‍ മൂന്നു വയസായി.മനുഷ്യത്വത്തിന്റെ പേരിൽ ഒരു കുടുംബത്തെ സഹായിച്ച റഹീമിപ്പോൾ സ്വന്തം മകനെയും ഭാര്യയെയും കാണാനാകാതെ കഴിയുകയാണ് ,കേസില്‍ കുടുങ്ങിയ ദിവസങ്ങളില്‍ എന്നും പലവട്ടം വിളിച്ചിരുന്ന റഹീമിന്റെ നമ്പറിലേക്ക് അനൂപോ അദ്ദേഹത്തിന്റെ ബന്ധുക്കളോ ഒന്നു വിളിച്ചിരുന്നെങ്കിൽ എന്ന പ്രാർഥനയുമായി.

Tags:
Read more about:
EDITORS PICK