ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പി.എസ്.ശ്രീധരന്‍ പിളള തന്നെ മല്‍സരിക്കും

Web Desk February 13, 2018

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പി.എസ്.ശ്രീധരന്‍ പിളള തന്നെ മല്‍സരിക്കും. നേരത്തേ മല്‍സരിക്കാനില്ലെന്ന് പി.എസ്.ശ്രീധരന്‍ പിളള വ്യക്തമാക്കിയിരുന്നെങ്കിലും പാര്‍ട്ടിക്ക് അകത്ത് നിന്നുളള സമ്മര്‍ദ്ദത്തിനു പിന്നാലെയാണ് തീരുമാനം മാറ്റിയത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും വലിയ മുന്നേറ്റമാണ് ചെങ്ങന്നൂരില്‍ ബിജെപി നടത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും പി.എസ്.ശ്രീധരന്‍ പിളള തന്നെയായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി.

സിപിഎം നേതാവ് കെ.കെ.രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂര്‍ നിയമസഭ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 2016 ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കെ.കെ.രാമചന്ദ്രന്‍ 36 ശതമാനം വോട്ട് നേടി ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.സി.വിഷ്ണുനാഥ് 30 ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്തും പി.എസ്.ശ്രീധരന്‍ പിളള 29 ശതമാനം വോട്ട് നേടി മൂന്നാം സ്ഥാനത്തും എത്തിയിരുന്നു.

2011 ല്‍ യുഡിഎഫ് വിജയിച്ച മണ്ഡലത്തില്‍ ഏറെക്കുറെ തുല്യ വോട്ട് വിഹിതത്തിലേക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം നടത്തി. 2011 ലെ തിരഞ്ഞെടുപ്പില്‍ നാല് ശതമാനം മാത്രം വോട്ട് നേടിയ ബിജെപി 2016 ലേക്ക് എത്തിയപ്പോള്‍ വോട്ട് വിഹിതം 29 ആക്കി ഉയര്‍ത്തി.
നായര്‍ സമുദായത്തിന് സ്വാാധീനമുളള ചെങ്ങന്നൂരില്‍ ശ്രീധരന്‍ പിളളയ്ക്ക് എന്‍എസ്എസുമായുളള അടുപ്പവും മണ്ഡലത്തിലുളള ജനപിന്തുണയും മുന്‍നിര്‍ത്തിയാണ് ഇദ്ദേഹത്തെ തന്നെ മല്‍സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്.

Read more about:
EDITORS PICK