കമന്ററിക്കാരനാവാന്‍ താനില്ല, ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞാല്‍ യുവിയുടെ പ്ലാന്‍ ഇതാണ്‌

Web Desk February 13, 2018

ഇന്ത്യയുടെ എക്കാലത്തേയും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് യുവരാജ് സിംഗ്. യുവി അടിച്ചു പറത്തിയ സിക്‌സറുകള്‍ കണ്ട് കണ്ണു തള്ളിയ ബൗളര്‍മാര്‍ എല്ലാ ടീമിലും കാണും. എന്നാല്‍ കുറച്ച് നാളുകളായി ഫോം ഔട്ടായി കളത്തിനു പുറത്തിരിക്കുന്ന യുവരാജ് മടങ്ങി വരവിനായുള്ള കഠിന പ്രയത്‌നത്തിലാണ്.

1999-2000 സീസണില്‍ അരങ്ങേറിയ യുവി ഒരുപാട് നായകന്മാരുടെ കീഴില്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. എന്നാല്‍ തന്നേക്കാള്‍ പ്രായം കുറഞ്ഞ നായകന്റെ കീഴില്‍ കളിക്കുന്നതിനെ കുറിച്ചു അനുഭവത്തെ കുറിച്ച് യുവി പറയുന്നത് ഇങ്ങനെയാണ്.

‘അവന്‍ ധോണിയില്‍ നിന്നും വളരെ വ്യത്യസ്തനാണ്. ധോണി വളരെ ശാന്തനാണ് പക്ഷെ വിരാട് അഗ്രസ്സീവാണ്. ക്യാപ്റ്റനെന്ന നിലയില്‍ റിസല്‍ട്ടും ലഭിക്കുന്നുണ്ട്. വിരാടിന്റെ കീഴില്‍ ടീം മാറിയിട്ടുണ്ട്.’ യുവി പറയുന്നു.

അതേസമയം, ഏറെക്കുറ അവസാനിക്കാറായ തന്റെ കരിയറിന് ശേഷമുള്ള പദ്ധതികളെ കുറിച്ചും യുവി മനസു തുറന്നു. ഒരിക്കലും ഒരു കമന്റേറ്ററായി ബോക്സിനുള്ളിലിരിക്കില്ലെന്ന് യുവി പറയുന്നു. തന്റെ എന്‍.ജി.ഒയിലൂടെ ക്യാന്‍സര്‍ രോഗികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് യുവി പറയുന്നു.

അതോടൊപ്പം താല്‍പര്യമുണ്ടായിട്ടും ഉയര്‍ന്നു വരാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് ക്രിക്കറ്റ് പരിശീലനം നല്‍കാനും തനിക്ക് താല്‍പര്യമുണ്ടെന്നും യുവി പറയുന്നു. അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നതും തന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നായി യുവി കാണുന്നു.

Tags:
Read more about:
EDITORS PICK