അമ്മയുടെ മരണം അറിഞ്ഞില്ല:മൃതദേഹത്തെ ചേർന്നുറങ്ങി അഞ്ചുവയസ്സുകാരൻ!

Pavithra Janardhanan February 14, 2018

ഹൈദരാബാദ്: ആശുപത്രിയില്‍ ചികിത്സയിലിരിക്കേ അമ്മ തന്നെ തനിച്ചാക്കി മരണത്തിനു കീഴടങ്ങിയത് ആ അഞ്ചു വയസ്സുകാരന്‍ അറിഞ്ഞില്ല. അമ്മയ്‌ക്കൊപ്പം ആശുപത്രി കിടക്കയില്‍ ഉറങ്ങാന്‍ കിടന്ന അവന്‍ അമ്മയുടെ മൃതദേഹം കെട്ടിപ്പിടിച്ച് സുഖമായി ഉറങ്ങി. ഹൈദരാബാദിലെ ഉസ്മാനിയ ജനറല്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയാണ് ഏവരെയും ദു:ഖത്തിലാഴ്ത്തിയ സംഭവം നടന്നത്.

കത്തേദന്‍ സ്വദേശിനി സമീന സുല്‍ത്താന (36) ആണ് ചികിത്സയിരിക്കേ കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങിയത്.ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്നത് മകനായ 5 വയസ്സുകാരന്‍ ഷൊയിബ് മാത്രം.എന്നാല്‍ ഇവര്‍ക്ക് ഒരു പരിചരണവും ലഭിച്ചിരുന്നില്ല. രാത്രിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇവര്‍ മരിക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് ആയൂബ് മൂന്നു വര്‍ഷം മുന്‍പ് ഇവരെ ഉപേക്ഷിച്ച് മഹാരാഷ്ട്രയിലേക്ക് പോയിരുന്നു. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മറ്റൊരാളാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇതിനു ശേഷം ഇയാള്‍ മുങ്ങുകയും ചെയ്തു.

അമ്മ മരിച്ചകാര്യം ഉള്‍ക്കൊള്ളാന്‍ പോലും ഷൊയിബിന് കഴിഞ്ഞിരുന്നില്ല. മൃതദേഹം കിട്ടുകൊടുക്കാതെ അവന്‍ കെട്ടിപിടിച്ച് കിടന്നു. ഒടുവില്‍ ആശുപത്രി അധികൃതരും സന്നദ്ധ ആരോഗ്യപ്രവര്‍ത്തകരും വളരെ പാടുപെട്ടാണ് മരണവിവരം അവനെ പറഞ്ഞുമനസ്സിലാക്കിയത്. മൃതദേഹം പിന്നീട് മോര്‍ച്ചറിയിലേക്ക് മാറ്റി. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു സമീനയെ ആശുപത്രിയില്‍ എത്തിച്ചത്. അധികൃതര്‍ തിരിഞ്ഞുനോക്കാതെ വന്നതോടെ വിവരം അറിഞ്ഞെത്തിയ സന്നദ്ധ പ്രവര്‍ത്തകരാണ് ഇവര്‍ക്കു വേണ്ടി സൗകര്യം ഒരുക്കിയത്. എന്നാല്‍ പുലര്‍ച്ചെ 12.30 ഓടെ സമീന മരണമടഞ്ഞു. സമീനയുടെ ബാഗില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് ഇവരുടെ ബന്ധുക്കളെ തേടിപ്പിടിച്ചു കണ്ടെത്തി. മൃതദേഹം സമീനയുടെ സഹോദരന്‍ മുഷ്താഖ് പട്ടേലിനു കൈമാറി. മരണം ഹൃദയാഘാതത്തെ തുടര്‍ന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായും പൊലീസ് പറഞ്ഞു.

Tags:
Read more about:
EDITORS PICK
SPONSORED