വീരവിരാട ചരിത്രം! ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ചരിത്രം കുറിച്ച് കോഹ്ലിപ്പട, പരമ്പര

Web Desk February 14, 2018

ഒരുപാടു നാളത്തെ കാത്തിരിപ്പിനൊടുവില്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ കോഹ്ലിയും സംഘവും ചരിത്രം തിരുത്തി എഴുതി. അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പരാജയപ്പെടുത്തി ഇന്ത്യ ആദ്യമായി ഏകദിന പരമ്പര സ്വന്തമാക്കി. 73 റണ്‍സിനാണ് ഇന്ത്യയുടെ ജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തപ്പോള്‍, ദക്ഷിണാഫ്രിക്കയുടെ തിരിച്ചടി 42.2 ഓവറില്‍ 201 റണ്‍സില്‍ അവസാനിച്ചു. ഇതോടെ അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യയ്ക്ക് 4-1ന്റെ ലീഡായി. പരമ്പര ജയത്തോടെ ഏകദിനത്തിലെ ഒന്നാം റാങ്കും ഇന്ത്യയ്ക്കു സ്വന്തം.

കൈക്കുഴ സ്പിന്നിന്റെ മാന്ത്രികത വീണ്ടെടുത്ത കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ സഖ്യം വീണ്ടും ഇന്ത്യയുടെ വിജയശില്‍പികളായി. ജെ.പി. ഡുമിനി, എബി ഡിവില്ലിയേഴ്‌സ് എന്നിവരെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യ മത്സരം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ആദ്യമായി സെഞ്ചുറി കുറിച്ച രോഹിത് ശര്‍മയുടെ പ്രകടനവും വിജയത്തിനു കരുത്തേകി. കുല്‍ദീപ് യാദവ് 10 ഓവറില്‍ 57 റണ്‍സ് വഴങ്ങി നാലും ചാഹല്‍ 9.2 ഓവറില്‍ 43 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി. പാണ്ഡ്യ ഒന്‍പത് ഓവറില്‍ 30 റണ്‍സിന് രണ്ടു വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ബുംമ്ര ഒരു വിക്കറ്റ് നേടി.

ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ രണ്ടുതവണ ജീവന്‍ നല്‍കിയ ഹാഷിം അംലയാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. 92 പന്തില്‍ അഞ്ചു ബൗണ്ടറികളോടെ 71 റണ്‍സെടുത്ത അംലയെ തകര്‍പ്പന്‍ ത്രോയിലൂടെ പുറത്താക്കിയ ഹാര്‍ദിക്, ഫീല്‍ഡിങ്ങിലും തിളങ്ങി. ഇന്ത്യന്‍ സ്പിന്നര്‍മാരെ മെരുക്കാന്‍ ഹെന്റിക് ക്ലാസന്‍ അവസാനം വരെ ചെറുത്തുനിന്നെങ്കിലും കുല്‍ദീപിന്റെ പന്തില്‍ ധോണിയുടെ തകര്‍പ്പന്‍ സ്റ്റംപിങ്ങില്‍ പുറത്തായതോടെ ദക്ഷിണാഫ്രിക്കയുടെ പോരാട്ടവും തീര്‍ന്നു. ക്ലാസന്‍ 42 പന്തില്‍ രണ്ടു വീതം സിക്‌സും ബൗണ്ടറിയും ഉള്‍പ്പെടെ 39 റണ്‍സെടുത്തു.

ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രം (40 പന്തില്‍ 32), ഡേവിഡ് മില്ലര്‍ (56 പന്തില്‍ 36) എന്നിവരും ചെറുത്തുനിന്നെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. ജെ.പി. ഡുമിനി (ഏഴു പന്തില്‍ ഒന്ന്), എബി ഡിവില്ലിയേഴ്‌സ് (എട്ടു പന്തില്‍ ആറ്), കഴിഞ്ഞ കളിയിലെ ഹീറോ ആന്‍ഡില്‍ ഫെലൂക്വായോ (നാലു പന്തില്‍ പൂജ്യം), കഗീസോ റബാഡ (26 പന്തില്‍ മൂന്ന്), മോണി മോര്‍ക്കല്‍ (എട്ടു പന്തില്‍ ഒന്ന്), ടെബ്രായിസ് ഷംസി (രണ്ടു പന്തില്‍ പൂജ്യം) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. ലുങ്കി എന്‍ഗിഡി നാലു റണ്‍സുമായി പുറത്താകാതെ നിന്നു.

Read more about:
EDITORS PICK
SPONSORED