നടനായി മരിക്കാന്‍ താനില്ല, അഭിനയം നിര്‍ത്തുന്നുവെന്ന് ഉലകനായകന്‍

Web Desk February 14, 2018

അഭിനയം നിര്‍ത്തുന്നുവെന്ന് ഉലകനായകന്‍. റിലീസാകാനുളള രണ്ടു സിനിമകള്‍ക്കുശേഷം മറ്റൊരു സിനിമയിലും അഭിനയിക്കില്ല. മുഴുവന്‍ സമയവും രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി നീക്കിവയ്ക്കാനാണ് അഭിനയം നിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും രാഷ്ട്രീയത്തില്‍ തുടരുമോ എന്ന ചോദ്യത്തിന് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനായി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹം. തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ പോകുന്നില്ലെന്നും കമല്‍ പറഞ്ഞു.

”കഴിഞ്ഞ 37 വര്‍ഷമായി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. ഈ 37 വര്‍ഷത്തിനിടയില്‍ 10 ലക്ഷത്തോളം അനുയായികളെ കൂടെ കൂട്ടാനായി. 37 വര്‍ഷമായി അവര്‍ എന്റെ കൂടെയുണ്ട്. അവര്‍ കൂടുതല്‍ യുവാക്കളെ ജനക്ഷേമത്തിനായുളള എന്റെ പോരാട്ടത്തില്‍ പങ്കുചേര്‍ക്കുന്നുണ്ട്” കമല്‍ പറഞ്ഞു.

ബാങ്ക് അക്കൗണ്ട് കൂട്ടാനല്ല താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്നും കമല്‍ അഭിപ്രായപ്പെട്ടു. ”എനിക്ക് വേണ്ടതെല്ലാം ഞാന്‍ അധ്വാനിച്ച് നേടിയിട്ടുണ്ട്. എനിക്ക് സന്തോഷമായ ഒരു റിട്ടയേഡ് ജീവിതം ആസ്വദിക്കാം. ഒരു നടനായിട്ട് മരിക്കാന്‍ എനിക്ക് ആഗ്രഹമില്ലാത്തതിനാലാണ് രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചത്. ജനങ്ങളെ സേവിച്ചതിനുശേഷം മരിക്കണം, അത് എന്നോട് തന്നെ ഞാന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്”.

എന്റെ രാഷ്ട്രീയത്തിന്റ നിറം കറുപ്പാണ്. ദ്രവീഡിയന്‍ ശബ്ദവും അവരുടെ നിറവുമാണ് എന്റെ കറുപ്പിലൂടെ പ്രതിഫലിപ്പിക്കുന്നത്. തമിഴരെ സംബന്ധിച്ചിടത്തോളം കറുപ്പ് നിറം മോശമല്ലെന്നും കമല്‍ പറഞ്ഞു. ബിജെപിയുമായി യാതൊരുവിധ സഖ്യത്തിനും താനില്ലെന്നും കമല്‍ വ്യക്തമാക്കി.

Tags:
Read more about:
EDITORS PICK
SPONSORED