പ്രണയദിനം! അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ കൊച്ചിയില്‍ കടുത്ത പോലീസ് കാവല്‍

Web Desk February 14, 2018

യുവതി-യുവാക്കള്‍ പ്രത്യേകിച്ച് കൗമാരക്കാര്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്ന ദിവസമാണ് ഫെബ്രുവരി 14 വാലന്റൈന്‍സ് ഡെ. പ്രണയിക്കുന്നവര്‍ക്കും പ്രണയിക്കാന്‍ പോകുന്നവര്‍ക്കുമെല്ലാം കലണ്ടര്‍ മാസം അനുവദിച്ച് നല്‍കിയ ദിനം. ആത്മാര്‍ത്ഥമായി പ്രണയിക്കുന്ന പ്രണയ ജോഡികളും, പ്രണയം പരസ്പരം തുറന്നു പറയാന്‍ വെമ്പുന്ന കമിതാക്കളും, കാണുന്നവരെയൊക്കെ പ്രണയിക്കാന്‍ തോന്നുന്ന കോഴി ചങ്ങായിമാര്‍ക്കും എല്ലാമായി ഒരു ദിവസം.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാലന്റൈന്‍സ് ഡേ ആഘോഷം നടക്കുന്ന നഗരമാണ് കൊച്ചി. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, മറൈന്‍ ഡ്രൈവ് എന്നിവിടങ്ങളിലേല്ലാമാണ് പ്രണയദിനത്തില്‍ കമിതാക്കള്‍ കൂടുതലും എത്താറുള്ളത്.

അതിനാല്‍ തന്നെ നഗരം കടുത്ത പോലീസ് സുരക്ഷയിലാണ്. പ്രണയദിനത്തില്‍ എത്തുന്ന കമിതാക്കള്‍ക്കെതിരെ വിവിധ സംഘടനകളുടെ അക്രമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കന്നത്.

മുന്‍പ് മറൈന്‍ഡ്രൈവില്‍ യുവതി യുവാക്കളെ ശിവസേന പ്രവര്‍ത്തകര്‍ ചൂരല്‍ വടി ഉപയോഗിച്ച് അടിച്ചോടിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നത് കണക്കിലെടുത്താണ് പോലീസ് നടപടി. മാത്രമല്ല പ്രണയ ദിനത്തോട് അനുബന്ധിച്ച് വിവിധ ഹോട്ടലുകളില്‍ ഡി.ജെ അടക്കമുള്ള ആഘോഷപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.

അതിനാല്‍ തന്നെ ഡി.ജെ പാര്‍ട്ടിക്ക് കൊഴുപ്പേകാന്‍ ഇവിടേയ്ക്ക് വലിയ തോതില്‍ ലഹരി വസ്തുക്കള്‍ എത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയാനുള്ള സന്നാഹങ്ങളും പോലീസ് ഒരുക്കിയിട്ടുണ്ട്.

Read more about:
RELATED POSTS
EDITORS PICK
SPONSORED