പിസ്സ കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക !

Pavithra Janardhanan February 14, 2018

ജീവിതത്തിരക്കിനിടയിൽ സുഹൃത്തുക്കൾക്കൊപ്പം ആസ്വദിച്ചു കഴിക്കാവുന്ന രുചികരമായ ഭക്ഷണം. വളരെ ലളിതവും പ്രസിദ്ധിയാർജിച്ചതും സ്വാദിഷ്ഠവുമായ ഭക്ഷണം ഇതൊക്കെയാണ് പിസ്സയ്ക്കു നൽകാവുന്ന നിർവചനം. ഒരു രാജ്യത്തിന്റേതു മാത്രമായ ദേശീയ ഭക്ഷണം ലോകം മുഴുവൻ കൈനീട്ടി സ്വീകരിക്കുന്നതു വളരെ അപൂർവമാണ്. ഇറ്റലിയുടെ മാത്രമായ പാസ്തയും പിസ്സയും ഇന്ന് എല്ലാ രാജ്യക്കാരും ആസ്വദിക്കുന്നു.

എന്താണ് പിസ്സ എന്നു ചോദിച്ചാൽ ഒരു സംശയവും ഇല്ലാതെ തുറന്നു പറയാം വട്ടത്തിലുള്ള മൈദ ബേസിന്റെ മുകളിൽ സോസും ചിക്കനും വെണ്ണയും തക്കാളിയും ചേർത്ത് ബേക്ക് ചെയ്ത് എടുക്കുന്നതാണെന്ന്. പക്ഷേ, പല പരിണാമദശകൾ കഴിഞ്ഞാണ് പിസ്സ ഇന്നത്തെ രൂപത്തിൽ എത്തിയിരിക്കുന്നത്.

പിസ്സ ആരോഗ്യകരമോ?

ഇന്നത്തെ നമ്മുടെ ജീവിതസാഹചര്യത്തിൽ അധ്വാനം വളരെ കുറവും കൊഴുപ്പു കൂടിയ ഭക്ഷണത്തിന്റെ ഉപയോഗം കൂടുതലുമാണ്. പിസ്സ പോലുള്ള ഭക്ഷണം കൂടുതലായി കഴിക്കുന്നവർ മടിയൻമാരായി മാറുന്നതായി പല പഠനങ്ങളും തെളിയിക്കുന്നു. പിസ്സ ഒരു മോശം ഭക്ഷണമാണെന്ന് ഒരിക്കലും പറയാൻ സാധിക്കില്ല. ആവശ്യത്തിനുള്ള പോഷകങ്ങൾ അതിലുണ്ട്.

കൂടുതലായുള്ള കൊഴുപ്പാണ് പിസ്സയെ അനാരോഗ്യകരമാക്കുന്നത്. കൂടുതൽ ചീസും ഹാമും(പ്രോസസ് ചെയ്ത മാംസം) ഒക്കെ ചേർക്കുകയാണെങ്കിൽ ഒരു പിസ്സസയുടെ ഊർജം 1000 മുതൽ 1200 കലോറി വരെയാകും. വെജിറ്റേറിയൻ ടോപ്പിങ്ങും ചീസിന്റെ അളവ് കുറവുമാണെങ്കിൽ ആരോഗ്യകരമാണ്. എങ്കിലും മറ്റ് ഫാസ്റ്റ്്ഫുഡുകളെപ്പോലെ പിസ്സയും വല്ലപ്പോഴും മാത്രം കഴിക്കേണ്ടതാണെന്ന് ഓർക്കുക.

കഴിക്കുമ്പോൾ ശ്രദ്ധിക്കാൻ

1. ചെറിയ അളവിലുള്ള പിസ്സ തിരഞ്ഞെടുക്കുക. കൂടുതലായിട്ടുള്ള ഫില്ലിങ് ഒഴിവാക്കാൻ ഇത് സഹായിക്കും.

2. വെജിറ്റേറിയൻ ടോപ്പിങ്ങിനു പ്രാധാന്യം കൊടുക്കുക. ഉള്ളി, കാപ്സിക്കം, ടുമാറ്റോ, മഷ്റൂം മുതലായവ കൂടുതലുള്ളത് തിരഞ്ഞെടുക്കാം.

3. കൂടുതലായി ടോപ്പിങ് ഇടാൻ ആവശ്യപ്പെടാതിരിക്കുക. കൂടുതൽ ഊർജം അകത്താകുന്നതിന് അത് കാരണമാകും.

4. രണ്ടു പീസിൽ കൂടുതൽ കഴിക്കാതെ ശ്രദ്ധിക്കുക.

5. ടുമാറ്റോ സോസും വെണ്ണയും അധികം ഉപയോഗിക്കാതിരിക്കുക.

6. പിസ്സയ്ക്കൊപ്പം കോളകൾ ഒഴിവാക്കി സോഡ ചേർന്ന നാരങ്ങാവെള്ളം ഉപയോഗിക്കുക

Read more about:
EDITORS PICK