ഭാര്യമാരെ കബളിപ്പിച്ച് വിദേശത്തേക്ക് മുങ്ങുന്നവരെ കുടുക്കാന്‍ നിയമം വരുന്നു

Web Desk February 14, 2018

ഭാര്യമാരെ കബളിപ്പിച്ച് വിദേശത്ത് കഴിയുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ നിയമം വരുന്നു. ക്രിമിനല്‍ നിയമത്തില്‍ മാറ്റം വരുത്തി, ഇത്തരത്തില്‍ ഭാര്യമാരെ കബളിപ്പിച്ച് വിദേശത്തേക്ക് കടന്നുകളയുന്നവരെ കുടുക്കാന്‍ പുതിയ നിയമത്തിനാണ് കേന്ദ്രനീക്കമെന്ന് കേന്ദ്രവനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി വ്യക്തമാക്കി. വിവാഹമോചനം നടത്താതെ ഭാര്യമാരെ കബളിപ്പിച്ച് കഴിയുന്നവരെ കുടുക്കാനാണ് പുതിയ നിയമം.

വിവാഹശേഷം വിദേശത്തേയ്ക്ക് കടന്നുകളയുന്ന ഭര്‍ത്താവിനെ തിരിച്ചുകൊണ്ടുവരാനോ ഇവരില്‍ നിന്ന് ജീവനാംശം ഈടാക്കാനോ നിലവില്‍ ഇന്ത്യയില്‍ നിയമമൊന്നുമില്ല. ഭര്‍ത്താവിനെ പറ്റി വിവരമൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യമാര്‍ പൊലീസിനെ സമീപിക്കുകയും പരാതി ചൂണ്ടിക്കാട്ടി പൊലീസ്, വിദേശത്തെ അതാത് ഇന്ത്യന്‍ എംബസിക്ക് കത്ത് അയക്കുകമാത്രമാണ് നിലവില്‍ ചെയ്യുന്നത്.

ഇത് കാര്യക്ഷമല്ലെന്ന് മാത്രമല്ല, എംബസികള്‍ക്ക് വിദേശത്ത് കഴിയുന്നവരുടെ കാര്യത്തില്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ നിയമപ്രകാരം സാധിക്കുകയുമില്ല. ഈ സാഹചര്യത്തിലാണ് പുതിയ നിയമം എന്ന തീരുമാനത്തിലേക്ക് കേന്ദ്രം കടക്കുന്നത്.

പുതിയ നിയമപ്രകാരം ഇത്തരത്തില്‍ ഭാര്യയെ കബളിപ്പിച്ച് വിദേശത്ത് ഒളിച്ചുകഴിയുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് എംബസി നോട്ടീസ് അയയ്ക്കും. മൂന്ന് തവണയാണ് ഇത്തരത്തില്‍ വിദേശത്തെ ഇന്ത്യന്‍ എംബസി നോട്ടീസ് അയയ്ക്കുക. ഇതിനുള്ളില്‍ എംബസിയില്‍ ഹാജരാകണം. ഇല്ലെങ്കില്‍ ഒളിച്ചോടിയതായി കണക്കാക്കി നാട്ടിലെ സ്വത്ത് കണ്ടുകെട്ടുകയും ഭാര്യയും മക്കളുമടക്കമുള്ള ബന്ധുക്കള്‍ക്ക് നല്‍കുകയും ചെയ്യുന്ന രീതിയാണ് പുതിയ നിയമത്തിലൂടെ നടപ്പിലാക്കാനൊരുങ്ങുന്നത്.

Tags:
Read more about:
EDITORS PICK
SPONSORED