‘മാണിക്യ മലരായ’ ഗാനം പിന്‍വലിക്കില്ല

Web Desk February 15, 2018

അഡാര്‍ ലവിലെ ‘മാണിക്യ മലരായ’ ഗാനം പിന്‍വലിക്കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍. പാട്ടിന് ലഭിച്ച പിന്തുണയാണ് തീരുമാനം മാറ്റാന്‍ കാരണമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഈ ഗാനം മുസ്ലിം മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്ന് കാണിച്ച് ഒരു പറ്റം ആളുകള്‍ നല്‍കിയ പരാതിയില്‍ ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിനും ചിത്രത്തില്‍ അഭിനയിച്ച പ്രിയ വാര്യര്‍ക്കുമെതിരേ ഹൈദരാബാദില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

സെക്ഷന്‍ 295 എ പ്രകാരം ഫലക്നുമ പൊലീസാണ് ഒമറിനെതിരെ കേസെടുത്തിരിക്കുന്നത്. മുഹമ്മദ് അബ്ദുള്‍ മുഖീത് ഖാന്‍ എന്നയാളും അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കളുമാണ് പരാതി നല്‍കിയതെന്ന് ഹൈദരാബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ വി. സത്യനാരായണ പറഞ്ഞു. പ്രവാചകന്‍ മുഹമ്മദ് നബിയേയും അദ്ദേഹത്തിന്റെ ഭാര്യ ഖദീജബീവിയേയും അപമാനിക്കുന്ന വരികളാണ് പാട്ടിലേതെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു.

മലയാളത്തിലെ വരികള്‍ മനസ്സിലാക്കിയിരുന്നില്ലെന്നും പിന്നീട് പരിഭാഷപ്പെടുത്തിയപ്പോഴാണ് പ്രവാചകന്റെ ഭാര്യയെക്കുറിച്ചുള്ള പരാമര്‍ശം മുസ്ലീം വികാരത്തെ വ്രണപ്പെടുത്തിയതാണെന്ന് മനസിലായതെന്ന് ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

യഥാര്‍ത്ഥ ഗാനവും അതിന്റെ ഇംഗ്ലീഷ് പരിഭാഷയും പരാതിക്കൊപ്പം ഇവര്‍ നല്‍കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെ താരമായ പ്രിയ ആര്‍ വാര്യര്‍ക്കെതിരെ പരാതി എന്ന റിപ്പോര്‍ട്ടായിരുന്നു ആദ്യം വന്നത്.

Read more about:
EDITORS PICK
SPONSORED