തലയെടുപ്പോടെ പുതിയ ആര്‍ 3

Web Desk February 20, 2018

മലിനീകരണ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ ഇന്ത്യ വിട്ട യമഹയുടെ R3 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ തിരിച്ചെത്തി. കഴിഞ്ഞ വര്‍ഷം ബിഎസ് ഫോര്‍ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് R3യെ ഇന്ത്യന്‍ നിരയില്‍ നിന്ന് പിന്‍വലിച്ചത്.

കാര്യമായ അഴിച്ചുപണി തന്നെ നടത്തിയാണ് R3യെ യമഹ വീണ്ടും രംഗത്തിറക്കിയിരിക്കുന്നത്. പുതിയ ബിഎസ് ഫോര്‍ എന്‍ജിന്‍, ഡ്യൂവല്‍ ചാനല്‍ എ.ബി.എസ്, വലിയ ടയറുകള്‍, പുത്തന്‍ ഗ്രാഫിക്സ്, പുതിയ നിറങ്ങള്‍ തുടങ്ങിയവയെല്ലാം പുതിയ R3 യില്‍ സജ്ജീകരിച്ചിട്ടുണ്ട്.

പഴയ R3യില്‍ കണ്ട 321 സിസി ഇന്‍ലൈന്‍ ട്വിന്‍ എന്‍ജിനാണ് പുതിയ മോഡലിലുമുള്ളത്. എന്നാല്‍, ബിഎസ്ഫോര്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ട്. 10,750 ആര്‍.പി.എമ്മില്‍ 41 ബിഎച്ച്പി കരുത്തും 9,000 ആര്‍പിഎമ്മില്‍ 29.6 എന്‍എം ടോര്‍ക്കുമാണ് എന്‍ജിനില്‍ നിന്ന് പുറത്തേക്ക് വരിക. ആറു സ്പീഡ് ഗിയര്‍ബോക്സാണിതിന്. സസ്പെന്‍ഷനില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.

റേസിങ് ബ്ലൂ, മാഗ്മ ബ്ലാക് എന്നീ രണ്ടു പുത്തന്‍ നിറങ്ങളാണ് യമഹ R3 യുടെ പ്രധാന ആകര്‍ഷണം.

ഡ്യൂവല്‍ ചാനല്‍ എ.ബി.എസാണ് മറ്റൊരു പുതുമ. 17 ഇഞ്ച് വീലുകളില്‍ ഒരുങ്ങിയ വീതികൂടിയ മെറ്റ്സെലര്‍ സ്പോര്‍ടെക് എം.5 ടയറുകള്‍ എടുത്തു നില്‍ക്കുന്നു. 41 മില്ലീമീറ്റര്‍ കയാബ ഫോര്‍ക്കുകള്‍ മുന്നിലും പ്രീ ലോഡ് അഡ്ജസ്റ്റോടെയുള്ള മോണോഷോക്ക് യൂണിറ്റ് പിന്നിലുമുണ്ട്. 298 മില്ലിമീറ്റര്‍ ഡിസ്‌ക് ബ്രേക്കാണ് മുന്നില്‍. 220 മില്ലീമീറ്റര്‍ ഡിസ്‌കാണ് പിന്നില്‍.

കൂളന്റ് ലെവല്‍, ഡ്യൂവല്‍ ട്രിപ് മീറ്ററുകള്‍, ഇന്ധനക്ഷമത എന്നിവ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ കാണിക്കും. വലിയ ഫെയറിങ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ കാഴ്ച കൂട്ടുന്ന ഘടകങ്ങളുമുണ്ട്.

3.48 ലക്ഷമാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ടി.വി.എസിന്റെ പുതിയ അപ്പാച്ചെ ആര്‍ആര്‍ 310, കെ.ടി.എം. ആര്‍.സി. 390 എന്നിവരാണ് തിരിച്ചുവരവില്‍ R3 യുടെ മുഖ്യ എതിരാളികള്‍.

Read more about:
EDITORS PICK
SPONSORED