കാല്‍പ്പന്ത് കളിയില്‍ വീണ്ടും കയ്യാങ്കളി! ആരാധകനെ കയ്യേറ്റം ചെയ്ത സെര്‍ജിയോ അഗ്വേറോ വിവാദത്തില്‍

Web Desk February 20, 2018

ലോകത്തിന്റെ മുഴുവന്‍ ശദ്ധയും ഒരു ഗോളത്തിലേക്ക് ഏകീകരിക്കപ്പെടുന്ന നിമഷമാണ് ലോകകപ്പ് ഫുട്‌ബോള്‍. ഇരമ്പിയടുക്കുന്ന സമുദ്രത്തിന്റെ ഗര്‍ജ്ജനം പോലും കാല്‍പന്ത് കളിയുടെ ആരവത്തില്‍ മുങ്ങിപ്പോകും. കാല്‍പ്പന്ത് കളിയെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുന്ന ദൗത്യം ഏറ്റെടുത്ത് അതിനായി പടപൊരുതിയ ഒരുപാട് പ്രതിഭകളെ നമുക്ക് അറിയാം. എന്നാല്‍ അവരുടെയെല്ലാം ഫുട്‌ബോള്‍ ഓര്‍മകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന പ്രവര്‍ത്തികളാണ് കുറച്ച് നാളുകളായി മൈതാനങ്ങളില്‍ നിന്നും കാണാന്‍ സാധിക്കുന്നത്.

കുറച്ച് നാളുകളായി കാല്‍പ്പന്ത് കളിയെ കുറച്ച് പേര്‍ ചേര്‍ന്നു കയ്യാങ്കളിയാക്കി മാറ്റിയിരിക്കുകയാണ്. മൈതാനങ്ങളെ ഗോദായായും, എതിര്‍ ടീം അംഗങ്ങളെ ഗുസ്തിക്കാരായുമാണ് ഇപ്പോള്‍ താരങ്ങള്‍ കാണുന്നത് എന്ന് വേണം പറയാന്‍. ഫുട്‌ബോളിന്റെ സ്വന്തം നാടായ ബ്രസീലില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്ത് വന്ന വാര്‍ത്ത ലോക ഫുട്‌ബോളിനെ തന്നെ നാണം കെടുത്തുന്നതായിരുന്നു. ചുവപ്പ് കാര്‍ഡിന്റെ എണ്ണക്കൂടുതല്‍ കാരണം കളിക്കാന്‍ ആളില്ലാതെകളി നിര്‍ത്തേണ്ടി വന്ന അവസ്ഥ ഇനി ഫുട്‌ബോള്‍ ലോകത്ത് ഉണ്ടാവരുത്.

എന്നാല്‍ അത് ഒന്നു അവസാനിച്ചതിനു പുറകെ അടുത്ത വാര്‍ത്തയാണിപ്പോള്‍ മൈതാനത്ത് നിന്നും എത്തുന്നത്. എഫ്.എ കപ്പ് മല്‍സരത്തില്‍ എതിര്‍ ക്ലബിന്റെ ആരാധകനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്വേറോ വിവാദത്തില്‍. എഫ്എ കപ്പ് അഞ്ചാം റൗണ്ട് മല്‍സരത്തിനിടെയാണ് വിഗന്‍ അത്‌ലറ്റിക് ആരാധകനുമായി അഗ്വേറോ കയ്യാങ്കളിയില്‍ ഏര്‍പ്പെട്ടത്.

സംഭവത്തെപ്പറ്റി ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. കുറ്റംതെളിഞ്ഞാല്‍ സെര്‍ജിയോ അഗ്വേറോയ്ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകും.

എഫ്എ കപ്പിലെ അഞ്ചാം റൗണ്ട് മല്‍സരത്തില്‍ ദുര്‍ബലരായ വിഗനോട് മാഞ്ചസ്റ്റര്‍ സിറ്റി തോറ്റിരുന്നു. റഫറിയുടെ അവസാന വിസിലിന് ശേഷം വിഗന്‍ ആരാധകര്‍ മൈതാനത്തേക്ക് ഇരച്ചെത്തുകയും കളിക്കാര്‍ക്കൊപ്പം വിജയം ആഘോഷിക്കുകയും ചെയ്തു. ഇതിനിടെയാണ് വിഗന്റെ ആരാധകരില്‍ ഒരാള്‍ അഗ്വേറോയുടെ അടുത്തേക്ക് എത്തിയത്.

 

ഇയാള്‍ താരത്തോട് എന്തോ സംസാരിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ പ്രകോപിതനായ അഗ്വേറോ ഇയാളെ കയ്യേറ്റം ചെയ്യുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ സഹപരിശീലകന്‍ മിക്കേല്‍ ആര്‍റ്റേറ്റയും ഒരു വിഗന്‍ താരവും ചേര്‍ന്നാണ് അഗ്വേറോയെ ശാന്തനാക്കിയത്.

എന്നാല്‍ ഇത് മൈതാനത്ത് കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആരാധകരും മൈതാനത്തെ സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ ഏറെ നേരം സംഘര്‍ഷം ഉണ്ടായി. മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് വിഗന്റെ വിജയം.

 

79ാം മിനിറ്റിലാണ് സിറ്റിയുടെ നെഞ്ച് പിളര്‍ന്ന ഗോള്‍ വീണത്. അതിവേഗ നീക്കത്തിനൊടുവില്‍ മധ്യനിരക്കാരന്‍ വില്‍ ഗ്രെയ്ഗാണ് വിഗന്റെ വിജയ ഗോള്‍ നേടിയത്. മല്‍സരശേഷം ഇരുടീമിന്റെ പരിശീലകരും കളിക്കാരും തമ്മിലുളള വാക്കേറ്റം വിവാദമായി.

 

Read more about:
EDITORS PICK