തേനൂറും കാഴ്ചകളുമായി തെന്മല!

Pavithra Janardhanan February 20, 2018

കാഴ്ചകളുടെ തേനൊഴുക്കുന്ന മലയാണു തെന്മല. കൊല്ലം ജില്ലയിലെ തെന്മല പരപ്പാർ ഡാമിനു സമീപമുള്ള തെന്മല ഇക്കോ ടൂറിസം പദ്ധതിയിലെത്തിയാൽ കോൺക്രീറ്റ് സംസ്കാരത്തിൽ നിന്നു രക്ഷപ്പെട്ട് ശുദ്ധമായ പ്രാണവായു ശ്വസിച്ചു മണിക്കൂറുകൾ ചെലവഴിക്കാം.

കൊല്ലം ജില്ലയിലെ ഒരു ഇക്കോ ടൂറിസം പദ്ധതിയാണു് തെന്മല ഇക്കോ ടൂറിസം. 2001 ൽ ആരംഭിച്ച ഇത് ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത ഇക്കോ ടൂറിസം കേന്ദ്രമാണ്.കേരള സർക്കാരിന്റെ കീഴിലുള്ള തെന്മല ഇക്കോടൂറിസം പ്രൊമോഷണൽ സൊസൈറ്റിക്കാണ് ഇതിന്റെ നടത്തിപ്പവകാശം. കുളത്തൂപ്പുഴ റിസേർവ് വനമേഖലയിലെ ചെന്തുരുണി വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ ആസ്ഥാനം തെന്മലയാണ്.

അഡ്വഞ്ചര്‍ സോണ്‍, ലീഷര്‍ സോണ്‍, കള്‍ചര്‍ സോണ്‍, ഡീപ് സോണ്‍ എന്നിങ്ങനെ നാലായി തിരിച്ചിട്ടുണ്ട്. അഡ്വഞ്ചര്‍ സോണില്‍ പച്ചപ്പിനു മുകളിലൂടെയുള്ള ഫ്‌ലൈയിങ് ഫോക്‌സ്, നേച്ചര്‍ ട്രെയ്ല്‍, എലിവേറ്റഡ് വോക്ക് വേ, ലോട്ടസ് പോണ്ട്, മൗണ്ടന്‍ ബൈക്കിങ്, റോക്ക് ക്ലൈംബിങ്, ടണല്‍ വോക്ക്, വാലി ക്രോസിങ്, ബര്‍മ ബ്രിജ്, പെഡല്‍ ബോട്ടിങ്, ഏരിയല്‍ സ്‌കേറ്റിങ്, ആര്‍ച്ചറി, ഷൂട്ടിംങ് റേഞ്ച് എന്നിവ ഇവിടുത്തെ മുഖ്യ ആകര്‍ഷണങ്ങളാണ്.

ലീഷര്‍ സോണില്‍ തെന്മല ഡാമിനു താഴെ കല്ലടയാറിനു കുറുകെയുള്ള തൂക്കുപാലം, വിവിധ നടപ്പാതകള്‍, ശില്‍പോദ്യാനം, വിശ്രമ കേന്ദ്രങ്ങള്‍, തെന്മല പരപ്പാര്‍ ഡാം, വെള്ളച്ചാട്ടം എന്നിവയുണ്ട്.

ശലഭ ഉദ്യാനം

കേരളത്തിൽ കാണപ്പെടുന്ന 300ൽ പരം ശലഭങ്ങളിൽ ഏതാണ്ട് 120ഓളം ശലഭങ്ങൾ തെന്മലയിലെ ശലഭപാർക്കിൽ കാണാം. വെയിലുറയ്ക്കും മുൻപാണു് ഇവയെ കാണാൻ പറ്റിയ സമയം. ഇതിനോടനുബന്ധിച്ച ഉദ്യാനത്തിൽ അരിപ്പൂ മുതൽ ഓർക്കിഡ് പുഷ്പങ്ങൽ വരെ നട്ടു വളർത്തിയിട്ടുണ്ടു്.

സഞ്ചാരികൾക്ക് ശലഭങ്ങളുടെ ചിത്രമെടുക്കാനുള്ള സൗകര്യവും ലഭ്യമാണു്. ശലഭത്തിന്റെ ജീവിത ചക്രം വിവരിക്കുന്ന ശിൽപങ്ങളും ഇവിടെയുണ്ട്.

നക്ഷത്രവനം

ശലഭഉദ്യാനത്തോടു ചേർന്നു തന്നെയാണു് നക്ഷത്ര വനവും. ഇവിടെ 27 നക്ഷത്രങ്ങളുമായും ബന്ധപ്പെട്ട വൃക്ഷങ്ങളെ പരിപാലിച്ചു പോരുന്നു. ഓരോ വൃക്ഷവും ഏതേത് നക്ഷത്രവുമായി ബന്ധപ്പെട്ടു കിടക്കുകയാണെന്നും അവയെക്കുറിച്ചുള്ള കുറിപ്പും വായിക്കാം.

മാൻ പുനരധിവാസ കേന്ദ്രം

ശലഭഉദ്യാനത്തിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരെയാണ് ഇത്. പുള്ളിമാൻ, സാമ്പാർ, Barking deer എന്നിവ ഇവിടെയുണ്ട്. വന്മരങ്ങൾ നിറങ്ങയിടമാണിതു്. വിശ്രമത്തിനായി ഏറുമാടങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

ലെഷർ സോൺ

ഇതിൽ പരിസ്ഥിതി സൗഹൃദ പദ്ധതികളാണുൾപ്പെടുന്നതു്. ആഫി തീയേറ്റർ, റെസ്റ്റോറന്റ്, ഷോപ് കോർട്ട് എന്നിവ ഇതിലുൾപ്പെടുന്നു. ഇവിടെ നിന്നും കേരളത്തിന്റെ തനത് ഭക്ഷ്യവിഭവങ്ങളും മറ്റ് വനവിഭവങ്ങളും വാങ്ങാൻ സാധിക്കും.

ശിൽപോദ്യാനം

മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന നിരവധി പ്രതിമകൾ ഇവിടെ കാണാം.

പരപ്പാർ അണക്കെട്ട്

കല്ലട ജലസേചന പദ്ധതിയ്ക്കായി നിർമ്മിച്ചതാണു ഈ അണക്കെട്ട്. അണക്കെട്ടിനു മുകളിലൂടുള്ള യാത്രയും ഇരുവശത്തുമുള്ള കാടുകളും നയനാന്ദകരമാണു്. അണക്കെട്ടിൽ ബോട്ടിങ്ങിനുള്ള സൗകര്യവും ലഭ്യമാണു്.പരപ്പാർ തടാകത്തിലൂടെ ഒരു മണിക്കൂർ ദൈർഘ്യമുള്ള യാത്രയാണിതു്. ആനകളും മാനുകളുമടക്കമുള്ള വന്യമൃഗങ്ങളെ യാത്രയ്ക്കിടയിൽ കാണാനാകും.സംഗീതത്തിനനുസരിച്ച് ജലധാര വിവിധ വർണ്ണങ്ങളിൽ നൃത്തം ചെയ്യുന്നു. രാത്രിയിൽ മാത്രമേ ഇത് പ്രവർത്തിക്കുകയുള്ളൂ.

Tags:
Read more about:
EDITORS PICK
SPONSORED