അമ്മയില്ലാത്ത വീട്ടില്‍ അന്ന ഇനി തനിച്ചാണ്

News Desk February 24, 2018

ഷാര്‍ജ: അന്നയെ തനിച്ചാക്കി അമ്മ ഈ ലോകത്തോട് വിടപറഞ്ഞു. ഇനി അന്നക്ക് കൂട്ട് അച്ഛനും അമ്മയെക്കുറിച്ചുള്ള നൊമ്പരമുണര്‍ത്തുന്ന ഓര്‍മകളും മാത്രം. മൂന്ന് വര്‍ഷമായി അന്ന പരിചരിച്ചിരുന്ന അമ്മ, അരയ്ക്ക് താഴെ തളര്‍ന്ന് കിടപ്പായിരുന്നു. കൊല്ലം പുനലൂര്‍ സ്വദേശി രാധാ സുരേഷ് കുമാര്‍. ഷാര്‍ജ യര്‍മൂഖിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ രാധയെ ഉടന്‍ കുവൈത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിദഗ്ധ ചികിത്സയ്ക്കായി ഈയാഴ്ച നാട്ടിലേയ്ക്ക് മടങ്ങാനിരിക്കെയായിരുന്നു മരണം.

പതിനൊന്ന് വര്‍ഷം ഒമാനിലായിരുന്നു ഇലക്ട്രീഷ്യനായ സുരേഷ് കുമാറും കുടുംബവും. അവിടെ സ്വന്തമായി നടത്തിയിരുന്ന ബിസിനസ് പൊളിഞ്ഞതിനെ തുടര്‍ന്ന് സന്ദര്‍ശക വീസയില്‍ യുഎഇയിലേയ്ക്ക് വരികയായിരുന്നു. ഇതിന് സഹായിച്ച ഒരു പരിചയക്കാരനായ വാസുദേവന്‍ എന്നയാള്‍ സുരേഷിന്റെയും രാധയുടെയും പാസ്‌പോര്‍ട്ടുമായി മുങ്ങിക്കളഞ്ഞു.

2014ലായിരുന്നു എണീറ്റിരിക്കാന്‍ പോലും സാധിക്കാതെ രാധ കിടപ്പിലായത്. സുരേഷ് കുമാര്‍ രോഗിയായ ഭാര്യയെയും കൊച്ചുമകളെയും വിട്ട് കൃത്യമായി ജോലിക്ക് പോകാനാവാതെ വലഞ്ഞു. ഒടുവില്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് അവധിയെടുത്തു. തുടര്‍ന്ന് ആ ജോലിയും നഷ്ടപ്പെട്ടു. ഇതോടെ കുടുംബം വഴിയാധാരമായി. അതില്‍പ്പിന്നെ കൃത്യമായി ഭക്ഷണം പോലും കഴിക്കാതെയാണ് വര്‍ഷങ്ങളായി കുടുംബം കഴിഞ്ഞത്

അജ്മാനിലെ സ്വകാര്യ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ എട്ട് വയസ്സുകാരി അന്നയാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി രോഗിയായ അമ്മയെ പരിചരിച്ചിരുന്നത്.

Tags:
Read more about:
EDITORS PICK
SPONSORED