അമ്മ മരിച്ചിട്ടും പരോള്‍ നല്‍കിയില്ല; ചെയ്യാത്ത കുറ്റത്തിന് 20 വര്‍ഷം ഒമാനിലെ ജയിലില്‍ കഴിയേണ്ട മലയാളികള്‍ തിരിച്ചെത്തി

Falcon News Desk February 24, 2018

കൊച്ചി: ചെയ്യാത്ത കുറ്റത്തിന് 20 വര്‍ഷം ഒമാനിലെ ജയിലില്‍ കഴിയേണ്ടിവന്ന രണ്ടുമലയാളികള്‍ വെള്ളിയാഴ്ച നെടുമ്പാശ്ശേരിയില്‍ തിരിച്ചെത്തി. ഒമാനില്‍ നിന്ന് മുബൈ വഴിയാണ് ഇവര്‍ കൊച്ചിയിലെത്തിയത്. അമ്പലപ്പുഴ-കക്കാഴം സ്വദേശി സന്തോഷ് കുമാര്‍, തിരുവനന്തപുരം തങ്കക്കല്ല് സ്വദേശി അബ്ദുള്‍ റഷീദ് ഷാജഹാന്‍ എന്നിവരാണ് തിരിച്ചെത്തിയത്. ചില മലയാളി സംഘടനകളും എംബസിയും വര്‍ഷങ്ങളായി തുടരുന്ന പരിശ്രമത്തിനൊടുവിലാണ് ഇരുവരുടേയും മോചനം സാധ്യമായത്. ഇത്തരത്തില്‍ ഒമാനിലെ ജയിലില്‍ കിടക്കുന്ന ഏഴു മലയാളികളുടെ മോചനത്തിനുള്ള ശ്രമങ്ങളും നടന്നുവരികയാണ്.

ബാങ്ക് കൊള്ളയടിക്കുകയും കാവലിലുണ്ടായിരുന്ന കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളായ പാക്കിസ്ഥാനികള്‍, സന്തോഷും റഷീദും ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നാണ് ഗ്യാസ് കട്ടര്‍ വാങ്ങിയത്. ഗ്യാസ് കട്ടര്‍ നല്‍കിയ ഇവര്‍ക്കും കൊള്ളയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് പോലീസ് ഇരുവരേയും പിടികൂടിയത്. ഇരുവര്‍ക്കും ജീവപര്യന്തമാണ് ശിക്ഷവിധിച്ചത്. എന്നാല്‍ ഗ്യാസ് കട്ടര്‍ കൊള്ളയ്ക്ക് വേണ്ടിയാണെന്ന് അറിയാതെയാണ് നല്‍കിയതെന്ന് ഇരുവരും പറയുന്നു. തങ്ങളുടെ നിരപരാധിത്യം തെളിയിക്കാന്‍ ഇപ്പോളാണ് സാധിച്ചതെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ഏതാനം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സന്തോഷിന്റെ മാതാവ് മരിക്കുന്നത്.

ഈ കാരണം ചൂണ്ടിക്കാട്ടി സന്തോഷിന് നാട്ടിലെത്താനുള്ള അപേക്ഷ ഇന്ത്യന്‍ എംബസി വഴി മലയാളി സംഘടനകളും ബന്ധുക്കളും നല്‍കിയിരുന്നു. പക്ഷെ അപേക്ഷ തള്ളുകയായിരുന്നു. കവര്‍ച്ച നടത്തിയ പാക്കിസ്ഥാനികള്‍ക്ക് നേരത്തെ വധശിക്ഷ ഒമാന്‍ കോടതി വിധിച്ചിരുന്നു.

Read more about:
EDITORS PICK
SPONSORED