എത്ര കണ്ടാലും മതി വരാത്ത തണുപ്പുള്ള കാഴ്ച്ചകളാല്‍ കണ്ണുനിറച്ച ഹരിതസുന്ദരി ഊട്ടി!

Pavithra Janardhanan February 28, 2018

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ഊട്ടി
തമിഴ്‌നാട്ടിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സഞ്ചാരികളെ ഏറ്റവും ആകർഷിക്കുന്ന സ്ഥലമായ ഊട്ടി ക്വീൻ ഓഫ് ഹിൽ സ്റ്റേഷൻസ് എന്നാണ്‌ അറിയപ്പെടുന്നത്. ഉദഗമണ്ഡലം എന്നാണ് ഔദ്യോഗിക നാമം. ഊട്ടക്കമണ്ഡ് എന്നാണ് ബ്രിട്ടീഷുകാർ വിളിച്ചിരുന്നത്. അതിന്റെ ചുരുക്കമാണ്‌ ഊട്ടി.

ബ്രിട്ടീഷ് സർക്കാരിന്റെ കാലത്ത് മദ്രാസ് പ്രസിഡൻസിയുടെ വേനൽക്കാല ആസ്ഥാനകേന്ദ്രമായാണ്‌ ഇതിനെ വികസിപ്പിച്ചു കൊണ്ടുവന്നത്. ഇന്ത്യയിൽ നീലക്കുറിഞ്ഞി പൂക്കുന്ന അപൂർവ്വം ചില സ്ഥലങ്ങളിൽ ഒന്നാണിത്. പ്രകൃതിരമണീയമായ മലകൾ കൊണ്ട് അനു ഗ്രഹീതമാണ് ഈ പ്രദേശം. മഞ്ഞില്‍ പൊതിഞ്ഞ നീലഗിരിക്കുന്നുകളുടെ പശ്ചാത്തലമാണ് ഊട്ടിയെ ഇത്ര സുന്ദരമാക്കുന്നത്.

ടൂറിസത്തിന് പുറമെ കൃഷിയും ഈ പട്ടണത്തിന്റെ പ്രധാന വരുമാന മാര്‍ഗ്ഗമാണ്. ഹരിത ഭംഗിയിൽ പരന്ന് കിടക്കുന്ന തേയിലതോട്ടങ്ങളും കാപ്പി തോട്ടങ്ങളും സഞ്ചാരികളിൽ വശ്യസൗന്ദര്യം തുളുമ്പുന്ന കാഴ്ചയാണ്. കൂടാതെ പേരുകേട്ട ഒരുപാട് എസ്റ്റേറ്റുകളും ഇവിടെയുണ്ട്.

ഊട്ടിക്ക്‌ വര്‍ണവും സുഗന്ധവും വിതറി പുഷ്പമേളയും നടത്താറുണ്ട്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ദൊഡ്ഡബെട്ട കൊടുമുടി, ഊട്ടി തടാകം, കല്‍ ഹാത്തി വെള്ളച്ചാട്ടം, ഫ്ളവര്‍ ഷോ എന്നിവ സന്ദര്‍ശകരുടെ കണ്ണും മനസ്സും കവരുന്ന ഊട്ടിയിലെ കാഴ്ചകളില്‍ ചിലത് മാത്രമാണ്. ഏപ്രിൽ മാസത്തില്‍ ഉൗട്ടിയിലേയ്ക്ക് സഞ്ചാരികളുടെ നീണ്ട ഒഴുക്കാണ്.

പച്ചപ്പരപ്പുള്ള മനോഹരമായ താഴ്‌വരയിൽ പൂക്കളും ചെടികളും മരങ്ങളും നിറഞ്ഞ ഈ പുല്‍മേടാണ് ബൊട്ടാണിക്കൽ ഗാർഡൻ. ആദ്യ കാഴ്ചയിൽ തന്നെ സഞ്ചാരികളുടെ മനസ്സ് കീഴടക്കിയ മനോഹരമായ പുൽമേട്. നാട്ടില്‍ വളരുന്നതും വിദേശത്തു മാത്രം കണ്ടുവരുന്നതുമായ എണ്ണമറ്റ വൃക്ഷങ്ങളും ചെടികളും ഒപ്പം ഔഷധസസ്യങ്ങളും കുറ്റിച്ചെടികളും ബോണ്‍സായി മരങ്ങളും ഇവിടെയുണ്ട്.

ഫ്ലവര്‍ഷോ കാണാന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തും. ഈ ഉദ്ദ്യാനം ഇന്ന് തമിഴ്‌നാട്ടിലെ ഹോർട്ടികൾച്ചർ വിഭാഗം ആണ് സം‍രക്ഷിക്കുന്നത്. മെഴുകുകോണ്ടുള്ള മ്യൂസിയം വളരെയധികം ജന ശ്രദ്ധയാകർഷിക്കുന്നതാണ്.വനമേഖലയാൽ ചുറ്റുപ്പെട്ട മലനിരയാണ് ദൊഡ്ഡബെട്ട.

നീലഗിരി പർവ്വതനിരകളിലെ ഏറ്റവും വലിയ പർവ്വതം.ഊട്ടിയിൽ നിന്നും 9 കിലോമീറ്റർ മാറി, ഊട്ടി കോട്ടഗിരി റോഡരികിലാണ് ദൊഡ്ഡബെട്ട. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ പെടുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രംകൂടിയാണ് ഇവിടം.

ആനമുടിക്കും, മീസപുളിമലയ്ക്കും ശേഷം മൂന്നാമത്തെ ഏറ്റവും വലിപ്പമേറിയ പർവ്വതമാണ് ദൊഡ്ഡബെട്ട. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. തമിഴ്നാട് ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റ ടെലിസ്കോപ്പ് ഹൗസിലൂടെ സഞ്ചാരികൾക്ക് ആകാശക്കാഴ്ചകൾ കാണാനും മലയുടെ ഭംഗി ആസ്വദിക്കാനും സാധിക്കും. ദൊഡ്ഡബെട്ടയിൽ എത്തുന്നവർ കോട്ടഗിരിയുടെ സൗന്ദര്യം കാണാതെ മടക്കയാത്രയില്ല. 

സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു ഹില്‍സ്റ്റേഷന്‍ ആണ് കോട്ടഗിരി.സ‍ഞ്ചാരികളെ ആകർഷണവലയത്തിലാഴ്ത്തുന്ന കാഴ്ചകളുടെ കലവറ എന്നു വേണമെങ്കിൽ കോട്ടഗിരിയെ വിശേഷിപ്പിക്കാം. ദൊഡ്ഡബെട്ട കൊടുമുടിയെ ചുറ്റിയാണ് കോട്ടഗിരിയിലേക്കുള്ള വഴി . ഊട്ടി താഴ്‌വരയിലേക്ക് ഒലിച്ചിറങ്ങുന്ന വെള്ളത്തിൽ അണക്കെട്ട് നിര്‍മ്മിച്ചാണ് ഈ തടാകം ഉണ്ടാക്കിയിരിക്കുന്നത്.

ഇരുകരകളിലും തിങ്ങിനില്‍ക്കുന്ന യൂക്കാലിപ്റ്റ്‌സ് മരങ്ങൾ ബോട്ടു സവാരിക്ക് മാറ്റുകൂട്ടുന്നു. പല സിനിമകൾക്കും ഇടം തേടിയ ഇവിടം സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ പ്രിയങ്കരമാണ്.

Tags: ,
Read more about:
EDITORS PICK
SPONSORED