ഈ വീക്കെന്റില്‍ ഒരു യാത്ര പോകാം:സൈലന്റ് വാലിയിലെ ടെന്റില്‍ അന്തിയുറങ്ങാം

News Desk March 5, 2018

യാത്രകള്‍ക്ക് എന്ത് രസമാണ്.ഒരു യാത്ര പോയാലോ എന്ന് കരുതുന്നവര്‍. നമ്മുടെ തൊട്ടടുത്ത് തന്നെയുണ്ട് ആരും കൊതിക്കുന്ന ചില ഇടങ്ങള്‍.അതിലൊന്നാണ് ഇടുക്കി.മഹേഷിന്റെ പ്രതികാരം എന്ന ഒറ്റ സിനിമയില്‍ തന്നെ ഉണ്ട് ഇടുക്കിയുടെ മുഴുവന്‍ സൗന്ദര്യവും.

ഇത്ര സുന്ദരമായ നാട് ലോകത്ത് എവിടെയാണുള്ളത്. മഞ്ഞു കൊണ്ടു മൂടപ്പെട്ട് പച്ചപുതച്ചു കിടക്കുന്ന മാമലകളും, വന്യ ജീവികളും, ഔഷധ ചെടികളും കരിങ്കല്‍പാറകളും, ഗുഹകളും അടങ്ങിയ ഇടുക്കി.

അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി. വലിപ്പത്തിന്റെ കാര്യത്തില്‍ ലോകത്ത് തന്നെ രണ്ടാം സ്ഥാനമുള്ള ആര്‍ച്ച് ഡാമായ ഇടുക്കി അണക്കെട്ടും ഇടുക്കിയിലെ കൗതുകങ്ങളില്‍ ചിലതുമാത്രമാണ്.

ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്കും സാഹസികപ്രിയര്‍ക്കും ഉല്ലാസയാത്രയ്ക്ക് വരുന്നവര്‍ക്കുമൊക്കെ ഇടുക്കി ഒരു പോലെ പ്രിയപ്പെട്ട സ്ഥലമാണ്. മൂന്നാര്‍ ആണ് ഇടുക്കി ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം. മൂന്നാര്‍ കൂടാതെ വാഗമണ്‍, പീരുമേട്, രാമക്കല്‍മേട് തുടങ്ങിയ സ്ഥലങ്ങളും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ്. ഇതുകൂടാതെ മറ്റു പല സ്ഥലങ്ങളും ഇടുക്കിയിലുണ്ട്.

പരുന്തുംപാറ

കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് പരുന്തുപാറ. പീരുമേട് താലൂക്കിലുള്ള പ്രകൃതി രമണീയമായ ഈ സ്ഥലം പീരുമേടിനും തേക്കടിക്കും ഇടയിലായി പീരുമേട്ടില്‍നിന്നും ഏകദേശം 8 കി.മീ. ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. പീരുമേടില്‍ നിന്ന് 6 കിലോമീറ്ററും, തേക്കടിയില്‍ നിന്ന് 25 കിലോമീറ്ററും, ദേശീയപാത 183 ല്‍ നിന്ന് 3 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം. വളര്‍ന്നു വരുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്.

മീശപ്പുലിമല

ചാര്‍ലി എന്ന സിനിമ ഇറങ്ങിയതിനു ശേഷമാണു കൂടുതല്‍ ആളുകളും മീശപുലിമല എന്ന് കേള്‍ക്കുന്നത്. എന്നാല്‍ ഇപ്പോഴും അതെന്താണെന്നോ എവിടയാന്നെന്നോ മിക്കവര്‍ക്കും അറിയില്ല. മഹേഷിന്റെ പ്രതികാരത്തിലെ സുന്ദരിയായ ഇടുക്കി ജില്ലയിലാണ് മീശപുലിമല. മൂന്നാറില്‍ നിന്നും 27 KM ദൂരമുണ്ട്.

മൂന്നാറില്‍നിന്നു മാട്ടുപ്പെട്ടി റൂട്ടില്‍ 21 കിലോമീറ്റര്‍ അകലെ സൈലന്റ്വാലിയിലും റോഡോവാലിയിലുമാണു ബേസ് ക്യാംപ്. ഉച്ചയ്ക്കു രണ്ടു മണിക്കു മുന്‍പായി മൂന്നാറിലെത്തണം. ഒന്നരമണിക്കൂറിനുള്ളില്‍ ബേസ് ക്യാംപിലെത്താം.ഇവിടെയുള്ള കുറിഞ്ഞിവാലി വെള്ളച്ചാട്ടം മനോഹരമാണ്. ടെന്റില്‍ താമസിക്കുന്നതിനും ഭക്ഷണത്തിനും ഉള്‍പ്പെടെ രണ്ടു പേര്‍ക്കു 3,500 രൂപയാണ് ഈടാക്കുന്നത്.

ഒരു ടെന്റില്‍ രണ്ടു പേര്‍ക്കു താമസിക്കാം. ആകെ 10 ടെന്റുകളുണ്ട്. രാവിലെ മലകയറ്റമാണ്..ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ഏര്‍പ്പെടുത്തിയ സഹായിയും ഒപ്പമുണ്ടാകും.
ആകാശത്തിന്റെ അടുത്ത് മേഘങ്ങളെ തൊട്ടു സാഹസികമായ ഒരു സഞ്ചാരമാണ് മീശപുലിമയിലേക്കുള്ള കയറ്റം. ടോപ് സ്റ്റേഷന്‍, ഇരവികുളം നാഷണല്‍ പാര്‍ക്ക്, ആനയിറങ്കല്‍ ഡാം എന്നിങ്ങനെ മീശപുലിമലയില്‍ നിന്നുള്ള കാഴ്ചകള്‍ ഏറെയാണ്.

വാഗമണ്‍

സമുദ്രനിരപ്പില്‍ നിന്നും 1200 ലേറെ അടിയില്‍ സ്ഥിതി ചെയ്യുന്ന വാഗമണ്‍ എന്ന വിനോദസഞ്ചാരകേന്ദ്രം കോട്ടയം ഇടുക്കി ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്നു. വാഗമണ്ണില്‍ പൊതുവേ വളരെ തണുത്ത കാലാവസ്ഥയാണുള്ളത്. ഇവിടത്തെ വേനല്‍ക്കാല പകല്‍ താപനില 10 മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെ ആണ്.

സൂയിസൈഡ് പോയിന്റും, ഇന്‍ഡൊ സ്വിസ് പ്രോജെക്റ്റിന്റെ ഭാഗമായ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രവും, തീര്‍ത്ഥാടന കേന്ദ്രങ്ങളായ കുരിശുമല, മുരുഗന്‍മല, തങ്ങള്‍മല തുടങ്ങിയവയെല്ലാം സഞ്ചാരികള്‍ക്കുവേണ്ടി മനം കുളിര്‍പ്പിക്കുന്ന കാഴ്ചകളുമായി കാത്തിരിക്കുന്നു.

ഈരാട്ടുപേട്ടയില്‍ നിന്നും തീക്കോയി വഴി ഏകദേശം 25kms സഞ്ചരിച്ചാല്‍ വാഗമണ്ണിലെത്താം. മലനിരകള്‍ ആരംഭിച്ചു തുടങ്ങുന്നത് തീക്കോയിയില്‍ നിന്നാണ്.

തൊടുപുഴയില്‍ നിന്നും 43 കിലോമീറ്ററും പാലയില്‍ നിന്നും 37 കിലോമീറ്ററും കുമിളിയില്‍ നിന്ന് 45 കിലോമീറ്ററും കോട്ടയത്തു നിന്നും 65 കിലോമീറ്ററും അകലെയാണ് വാഗമണ്‍.

പ്രധാന നഗരമായ കൊച്ചി വാഗമണ്ണില്‍ നിന്നും 102 കിലോമീറ്റര്‍ പടിഞ്ഞാറായിട്ടാണ്. നെടുമ്പാശ്ശേരിയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. കോട്ടയമാണ് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. കാഞ്ഞാറില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയുമാണ്.

http://munnar.kfdcecotourism.com/BaseCamp.aspx
കൂടുതല്‍ വിവരങ്ങള്‍ക്ക് KFDC മൂന്നാര്‍ :8289821400, 8289821401, 8289821408
ഈ നമ്പറിലേക്ക് ബന്ധപെടുക.

Tags:
Read more about:
EDITORS PICK
SPONSORED