മുംബൈയെ സൂക്ഷിക്കുക! എതിര്‍ ടീമുകളിലെ താരങ്ങള്‍ക്കായി വലയെറിഞ്ഞ് മുംബൈ എഫ്.സി; നോട്ടമിട്ടിരിക്കുന്നത് ഇവരെയൊക്കെ

Web Desk March 5, 2018

ഐ.എസ്.എല്‍ നാലാം സീസണില്‍ പ്ലേഓഫ് കാണാതെ പുറത്തായതിനു പിന്നാലെ മറ്റു ടീമുകളിലെ വമ്പന്‍ താരങ്ങളെ ലക്ഷ്യമിട്ട് മുംബൈ എഫ്.സി. ഐ.എസ്.എല്ലിനു പുറമേ സൂപ്പര്‍ കപ്പിലും ടീമിനു നേരിട്ട് യോഗ്യത ലഭിക്കാതെ വന്നതിനെത്തുടര്‍ന്നാണ് സീസണിലെ മികച്ച താരങ്ങള്‍ക്കായി ടീം വലയെറിയുന്നത്.

ലീഗില്‍ 18 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുമായി ഏഴാം സ്ഥാനത്താണ് മുംബൈ. ഇതോടെയാണ് അടുത്ത സീസണിലേക്കുള്ള താരങ്ങള്‍ക്കായി നേരത്തെ രംഗത്തിറങ്ങിയത്.

കേരള ബ്ലാസ്റ്റേഴ്സ് മിഡ്ഫീല്‍ഡര്‍ മിലന്‍ സിങ്ങ് മുംബൈയുമായി ചര്‍ച്ചയിലേര്‍പ്പെട്ട് കഴിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മിലന്‍ സിങ്ങുമായി മുംബൈ അവസാനവട്ട ചര്‍ച്ചയില്‍ എത്തിയിരിക്കുകയാണെന്നും ഉടന്‍ തന്നെ താരം മുംബൈയുമായി കരാറില്‍ ഏര്‍പ്പെടുമെന്നുമാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

രണ്ടു വര്‍ഷത്തേക്കാകും മിലന്‍ സിങ്ങുമായി മുംബൈ കരാറിലേര്‍പ്പെടുക. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ഡൈനാമോസിനു വേണ്ടി കളിച്ച മിലന്‍ സിംഗ് മുമ്പ് നോര്‍ത്ത് ഈസ്റ്റിനു വേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്.

ജംഷദ്പൂര്‍ എഫ്.സി താരമായ സൗബിക് ചക്രവര്‍ത്തിയെയാണ് മുംബൈ രണ്ടാമതായി ടീമുകളിലെത്തിക്കാന്‍ തയ്യാറെടുക്കുന്നത്. സെന്‍ട്രല്‍ മിഡ് ഫീല്‍ഡറായി കളത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന സൗബിക്കിനെ ടീമിലെത്തിക്കാന്‍ കഴിഞ്ഞാല്‍ മുംബൈ എഫ്.സിക്ക അത് അടുത്ത സീസണിലേക്കുള്ള കരുതലാകുമെന്നതില്‍ സംശയമില്ല.

ഡല്‍ഹി ഡൈനാമോസ് താരമായ സെന റാള്‍ട്ടെയുമായും ക്ലബ്ബ് ചര്‍ച്ചകളില്‍ ഏര്‍പ്പെട്ട് കഴിഞ്ഞിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

മുംബൈയുടെ പട്ടികയില്‍ നാലാമതായി ഇടംപിടിച്ചിരിക്കുന്നത്. എ.ടി.കെ കൊല്‍ക്കത്തയുടെ വിങ്ങര്‍ ബിപിന്‍ സിങ്ങിന്റേതാണ്. 22 കാരനായ ബിപിന്‍ ഷില്ലോങ്ങ് എഫ്.സിയിലൂടെയാണ് കൊല്‍ക്കത്തയില്‍ എത്തുന്നത്.

ബെംഗളൂരു എഫ്.സിയുടെ ലെഫ്റ്റ് ബാക്കായ സുഭാഷിഷ് ബോസിനേയും മുംബൈ നോട്ടമിട്ടുകഴിഞ്ഞു. സീസണില്‍ ബെംഗളൂരുവിനായി 16 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ സുഭാഷിഷ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്.

Read more about:
EDITORS PICK