അതിരപ്പിള്ളി, വാഴച്ചാല്‍, ഷോളയാര്‍ വഴി വാല്‍പ്പാറയിലേക്ക് ഒരു യാത്ര!

News Desk March 6, 2018

കേരളത്തില്‍ പേരുകേട്ട വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി. ഒരുതവണയെങ്കിലും പോയാല്‍ കൊള്ളാമെന്ന് ആര്‍ക്കായാലും തോന്നാം. വെള്ളചാട്ടവും,മലനിരകളും നിറഞ്ഞ അതിരപ്പിള്ളിയിലേക്ക് ദിവസവും എത്തുന്നത് നൂറുക്കണക്കിന് വിനോദ സഞ്ചാരികളാണ്.

ത്യശൂരില്‍ നിന്ന് ചാലക്കുടി,തുമ്പൂര്‍ മൊഴി ഡാം,അതിരപ്പിള്ളി, വാഴച്ചാല്‍, ഷോളയാര്‍ വഴി മലക്കപ്പാറ വാല്‍പ്പാറയില്‍ എത്താം. ഈ റൂട്ടില്‍ പെട്രോള്‍ പമ്പ്,വര്‍ക്ക് ഷോപ്, ഹോട്ടല്‍ മുതലായവ അധികം ഇല്ല. അതുകൊണ്ടുതന്നെ ആവശ്യത്തിനുള്ള ഇന്ധനവും ഭക്ഷണവും വെള്ളവും കരുതിയിരിക്കണം. കൂടാതെ യാത്രചെയ്യുന്ന വാഹനവും നല്ല കണ്ടിഷനില്‍ ഉള്ളതായിരിക്കണം.

കാലത്ത് അഞ്ചുമണിക്ക് പുറപ്പെട്ടാല്‍ വൈകീട്ട് ഇരുട്ടാവുന്നതിനു മുന്‍പ് തിരിച്ചെത്താം. അതിരപ്പിള്ളി റോഡില്‍ എത്തുന്നതുവരെ പുതിയ നാലുവരിപ്പാതയിലൂടെ വേഗത്തില്‍ ഡ്രൈവ് ചെയ്യാം. ചാലക്കുടിയില്‍ എത്തുന്നതിനു മുന്‍പായി തന്നെ ഇടത് വശത്ത് അതിരപ്പിള്ളി റോഡ് കാണാം.

തൃശൂരില്‍നിന്ന് അതിരപിള്ളിയിലേക്ക് 61 കിലോമീറ്റര്‍ ദൂരമുണ്ട്. കാലത്ത് ആറുമണി മുതലാണ് ചെക്‌പോസ്റ്റ് വഴി വാഹനങ്ങള്‍ കടത്തി വിടുകയുള്ളൂ. സംശയം തോന്നിയാല്‍ അവര്‍ വാഹനത്തിന്റെ അകവും പരിശോധിക്കും. മദ്യം, പ്ലാസ്റ്റിക് കവര്‍ എന്നിവ കാട്ടിനകത്ത് കൊണ്ട് പോകാന്‍ പാടില്ല.എന്നാല്‍ തിരിച്ചു കൊണ്ടുവരും എന്ന ഉറപ്പില്‍ അവര്‍ പ്ലാസ്റ്റിക് കവര്‍, ബോട്ടില്‍ എന്നിവ കൊണ്ടുപോകാന്‍ സമ്മതിക്കും.

വണ്ടിയുടെ നമ്പര്‍, യാത്രക്കാരുടെ എണ്ണം, ഡ്രൈവറുടെ പേര്, എവിടെനിന്നും വരുന്നു, എങ്ങോട്ട് പോകുന്നു, എപ്പോള്‍ തിരിച്ചുവരും മുതലായ വിവരങ്ങള്‍ ചെക്‌പോസ്റ്റില്‍ ഉള്ളവര്‍ക്ക് പറഞ്ഞ് കൊടുക്കണം. അവര്‍ തരുന്ന റെസീപ്റ്റ് വാങ്ങി സൂക്ഷിച്ചുവച്ചു അത് അടുത്ത ചെക്‌പോസ്റ്റില്‍ കാണിച്ചു കൊടുക്കുകയും വേണം.

പിന്നെ കാണാനുള്ളത് ഷോളയാര്‍ കാടാണ്‌. ഷോളയാര്‍ കാടുകളില്‍ നിറയെ ആനകളാണ്. മാന്‍, മ്ലാവ് എന്നിവയും ഉണ്ട്. വാഴച്ചാല്‍ ചെക്‌പോസ്റ്റ് കഴിഞ്ഞു ഇരുപതു കിലോമീറ്റര്‍ കൂടി യാത്ര ചെയ്താല്‍ ആനക്കയം പാലം ആയി. പിന്നെ നിറയെ തേയിലത്തോട്ടങ്ങളാണ്. ഡാമിന്റെ മുകള്‍ഭാഗം ചേര്‍ന്നാണ് വാല്‍പാറയിലേക്കുള്ള റോഡ്. ഡാമില്‍ നിന്നും ഇരുപത്തിയഞ്ച് കിലോമീറ്റര്‍ ദൂരമുണ്ട് വാല്‍പാറയിലേക്ക്. രാവിലെ ഇറങ്ങിയാല്‍ വൈകിട്ടോടെ തന്നെ കാഴ്ച്ചകള്‍ കണ്ട് തീര്‍ക്കാം.

Tags:
Read more about:
EDITORS PICK
SPONSORED