കടക്കു പുറത്ത്! ബ്ലാസ്റ്റേഴ്‌സില്‍ നിന്നും സി.കെ വിനീതിനെ പുറത്താക്കുന്നു

Web Desk March 8, 2018

ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ താരം സി.കെ.വിനീതിനെ ടീമില്‍ നിന്നും പുറത്താക്കുന്നു. കഴിഞ്ഞ വര്‍ഷം ബ്ലാസ്റ്റേഴ്‌സുമായി കരാറിലൊപ്പിട്ട വിനീതിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതാണ് താരത്തെ പുറത്താക്കുക എന്ന തീരുമാനത്തിലേക്ക് ടീമിനെ എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

പോയവര്‍ഷം ജൂലൈ 17നായിരുന്നു ബ്ലാസ്റ്റേഴ്സ് സി.കെ.വിനീതുമായി കരാറിലൊപ്പിടുന്നത്. അതുവരെ ബെംഗളൂരു എഫ്സിയുടെ താരമായിരുന്നു വിനീത്. എന്നാല്‍ ലോണ്‍ അടിസ്ഥാനത്തില്‍ മഞ്ഞപ്പടയില്‍ കളിക്കുകയായിരുന്നു. ഐഎസ്എല്‍ ഡ്രാഫ്റ്റ് നിയമം അനുസരിച്ച് സുനില്‍ ഛേത്രിയേയും ഉദാത്ത സിങ്ങിനേയും നിലനിര്‍ത്താന്‍ നീലപ്പട തീരുമാനിച്ചതോടെയാണ് വിനീതിന് ബ്ലാസ്റ്റേഴ്സ് കരാറിലേക്കുള്ള വഴി തുറന്നത്.

ബെംഗളൂരുവിനായി 85 മല്‍സരങ്ങളില്‍ നിന്നും 21 ഗോളുകള്‍ നേടിയിട്ടുള്ള വിനീത് രണ്ട് ഐ ലീഗ് കിരീട നേട്ടത്തിലും പങ്കാളിയായിരുന്നു. താരത്തെ ഒരു കോടിയ്ക്കാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. വിനീതിന്റെ സൈനിങ് മഞ്ഞപ്പടയ്ക്കും ഏറെ ആവേശം പകരുന്നതായിരുന്നു. എന്നാല്‍ ആ പ്രതീക്ഷയ്ക്കൊത്തുയരാന്‍ താരത്തിന് സാധിച്ചില്ല.

ബ്ലാസ്റ്റേഴ്സിനായി നാല് ഗോളുകള്‍ നേടിയെങ്കിലും കഴി#്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വിനീത് ഫോം ഔട്ടായിരുന്നു. പലപ്പോഴും ചില മിന്നലാട്ടങ്ങളില്‍ മാത്രം ഒതുങ്ങി വിനീതിന്റെ പ്രകടനം. ഇതാണ് ടീമിന്റെ പുതിയ നീക്കത്തിന് പിന്നിലെന്നാണ് പറയുന്നത്. വിനീതും ടീം അധികൃതരും പരസ്പര ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, വാര്‍ത്തയ്ക്ക് ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായത്തില്‍ സി.കെ.വിനീത് ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.

Read more about:
EDITORS PICK