സൂപ്പര്‍ ബൈക്കുകള്‍ക്ക് വിലവെട്ടി കുറച്ചു; ഹാര്‍ലിക്കും, ഡുക്കാറ്റിക്കും ഏഴ് ലക്ഷം വരെ വിലക്കുറവ്‌

Web Desk March 9, 2018

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന 800 സി.സിക്ക് മുകളിലുള്ള സൂപ്പര്‍ ബൈക്കുകളുടെ വില വെട്ടിക്കുറച്ചു. ഇറക്കുമതി ചുങ്കത്തില്‍ സര്‍ക്കാര്‍ മൂന്നാഴ്ച്ച മുമ്പ് കുറവ് വരുത്തിയിരുന്നു. 800 സിസിക്ക് മുകളിലുളള ബൈക്കുകള്‍ക്ക് 25 ശതമാനം ഇറക്കുമതി നികുതിയാണ് കുറച്ചിരുന്നത്. നേരത്തേ 75 ശതമാനമായിരുന്ന ഇറക്കുമതി ചുങ്കം 50 ശതമാനം ആയതോടെയാണ് ബൈക്കുകള്‍ക്ക് വില കുറഞ്ഞത്. ജനപ്രിയത ഏറെയുളള സൂപ്പര്‍ ബൈക്കുകളായ ദുക്കാട്ടി, ഹാര്‍ലി ഡേവിഡ്‌സണ്‍ എന്നിവയ്ക്ക് വിലക്കുറവ് പ്രഖ്യാപിച്ചു.

ഇറ്റലിയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഡുക്കാറ്റി മോഡലുകളായ മോണ്‍സ്റ്റര്‍ 1200, മോണ്‍സ്റ്റര്‍ 1200 ട റെഡ്, 1200 ട ചാര്‍ക്കോള്‍ ഗ്രേ, എന്നിവയ്‌ക്കൊക്കെ വില കുറഞ്ഞിട്ടുണ്ട്. മോണ്‍സ്റ്റര്‍ 1200ന്റെ വിലയില്‍ 2.92 ലക്ഷം കുറച്ച് ഇപ്പോഴത്തെ വില 20.10 ലക്ഷം രൂപയാണ്. പനിഗൈല്‍ ആര്‍ ഫൈനല്‍ എഡിഷന്‍ ബൈക്കുകള്‍ക്ക് 7.36 ലക്ഷം രൂപയാണ് കുറവ് വരുത്തിയത്. ഇതോടെ ബൈക്കിന് 51.82 ലക്ഷം രൂപയായി വില കുറഞ്ഞു.

ഹാര്‍ലി ഡേവിഡ്‌സണിന് കുറഞ്ഞത് 3.73 ലക്ഷം രൂപ കുറഞ്ഞിട്ടുണ്ട്. സിവിഒ ലിമിറ്റഡിന് മുമ്പ് 53.72 ലക്ഷം രൂപ ഉണ്ടായിരുന്നത് ഇപ്പോഴത്തെ വില 49.99 ലക്ഷം രൂപയാണ്. റോഡ് ഗ്ലൈഡ് സ്‌പെഷ്യലിന് 2.62 ലക്ഷം രൂപ കുറഞ്ഞ് 32.99 ലക്ഷം രൂപയായി മാറിയിട്ടുണ്ട്.

ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളിന് ഉയര്‍ന്ന ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയ ഇന്ത്യയ്‌ക്കെതിരെ നേരത്തേ വിമര്‍ശനം ഉന്നയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രംഗത്തെത്തിയിരുന്നു. ഇറക്കുമതി ചെയ്യുന്ന വലിയ ബ്രാന്റ് മോട്ടോര്‍ സൈക്കിളിന് 50 ശതമാനം വരെ തീരുവ കുറച്ചിട്ടും ഇത്രയും ചെലവാകുന്നത് അന്യായമാണെന്ന് ട്രംപ് പറഞ്ഞു.

സ്റ്റീല്‍ വ്യവസായത്തെ കുറിച്ചുളള ചര്‍ച്ചയ്ക്കിടെയാണ് ട്രംപ് രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. ഇന്ത്യന്‍ മോട്ടോര്‍സൈക്കിളുകള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുമ്പോഴും നികുതി കൂട്ടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. മോട്ടോര്‍സൈക്കിള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ അമേരിക്ക നികുതിയൊന്നും തന്നെ ഈടാക്കുന്നില്ല. എന്നാല്‍ ഇന്ത്യ 75 ശതമാനത്തില്‍ നിന്ന് 50 ശതമാനത്തിലേക്ക് താഴ്ത്തി. ഇത് അപര്യാപ്തമാണെന്നും ട്രംപ് വ്യക്തമാക്കി.

പല രാജ്യങ്ങളിലും ഇറക്കുമതിയും കയറ്റുമതിയും ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയിലേത് അന്യായമാണെന്ന് അദ്ദേഹം തുറന്നടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം നടത്തിയ സംഭാഷണത്തേയും ട്രംപ് പേര് പരാമര്‍ശിക്കാതെ പരിഹസിച്ചു. ‘മാന്യനായ ഒരാള്‍ എന്നെ ഇന്ത്യയില്‍ നിന്നും വിളിച്ചിരുന്നു.

75 ശതമാനം ആയിരുന്ന ഇറക്കുമതി ചുങ്കം 50 ആക്കി കുറച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ഇവിടെ അമേരിക്കയില്‍ ഇന്ത്യയുടെ പല മോട്ടോര്‍സൈക്കിളും ഇറക്കുമതി ചെയ്യുന്നുണ്ട്. ഞങ്ങള്‍ എത്രയാണ് തീരുവ ചുമത്തുന്നതെന്ന് അറിയാമോ? ഒന്നും ചുമത്തുന്നില്ല’, ട്രംപ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇറക്കുമതി നികുതി കുറച്ചത്.

Read more about:
EDITORS PICK
SPONSORED