കളം നിറഞ്ഞ് ധവാന്‍! ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

Web Desk March 9, 2018

ത്രിരാഷ്ട്ര ടി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ എട്ട് പന്ത് ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 43 പന്തില്‍ നിന്ന് 55 റണ്‍സ് നേടിയ ശിഖര്‍ ധവാന്റെ അര്‍ധ സെഞ്ച്വറി മികവിലായിരുന്നു ഇന്ത്യന്‍ ജയം.

റൂബല്‍ ഹൊസൈന്‍ രണ്ട് വിക്കറ്റും മുസ്തഫിസുര്‍ റഹ്മാന്‍, ടാസ്‌കിന്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റുമാണ് നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശിന് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 30 പന്തില്‍ മൂന്നു ബൗണ്ടറികളോടെ 34 റണ്‍സെടുത്ത ലിട്ടന്‍ ദാസാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി ജയ്ദേവ് ഉനദ്കട് നാല് ഓവറില്‍ 38 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനത്തെ ശരിയെന്നു തോന്നിക്കുന്ന പ്രകടനമാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ കണ്ടെത്തിയ താരങ്ങള്‍ ബംഗ്ലദേശ് ബാറ്റ്സ്മാന്‍മാരെ തിളങ്ങാന്‍ അനുവദിച്ചില്ല. അതേസമയം, നാലു തവണ വീണുകിട്ടിയ ക്യാച്ച് കൈവിട്ടു സഹായിച്ച ഇന്ത്യന്‍ ഫീല്‍ഡര്‍മാരും ബംഗ്ലദേശിന്റെ ഇന്നിങ്സില്‍ സഹായമേകി.

Read more about:
EDITORS PICK
SPONSORED