കോഹ്ലിയെ ടീമില്‍ എടുക്കുന്നതിനെ ധോണി എതിര്‍ത്തു, കാരണം അവന്‍ ചെന്നൈ താരമല്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദിലീപ് വെങ്സര്‍ക്കാര്‍

Web Desk March 10, 2018

മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്.ധോണിയ്ക്കും ബിസിസിഐയ്ക്കും മുന്‍ പരിശീലകന്‍ ഗാരി കേഴ്സ്റ്റനെതിരേയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ സെലക്ടര്‍ ദിലീപ് വെങ്സര്‍ക്കാര്‍. തന്റെ സെലക്ടര്‍ സ്ഥാനം നഷ്ടമായതടക്കമുള്ള സംഭവത്തെ കുറിച്ചാണ് പഴയ താരത്തിന്റെ വെളിപ്പെടുത്തല്‍.

2008 ല്‍, അന്ന് യുവതാരമായിരുന്ന വിരാട് കോഹ്ലിയെ ടീമിലെടുക്കുന്നതിനെ ധോണിയും ഗാരി കേഴ്സ്റ്റണും എതിര്‍ത്തിരുന്നതായാണ് വെങ്സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍. ധോണിയ്ക്കും ഗാരിയ്ക്കും താല്‍പര്യം ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമംഗമായിരുന്ന ബദ്രിനാഥിനെ ടീമിലെത്തിക്കാനായിരുന്നു താല്‍പര്യം.

‘കോഹ്ലിയെ ടീമിലെടുക്കാന്‍ അതാണ് നല്ല സമയമെന്ന് എനിക്ക് തോന്നി. സെലക്ഷന്‍ കമ്മറ്റിയിലെ മറ്റ് നാലു പേരും അത് അംഗീകരിച്ചു. പക്ഷെ ധോണിയും ഗാരി കേഴ്സ്റ്റണും അതിനെ എതിര്‍ത്തു. അവര്‍ കോഹ്ലിയെ കണ്ടിരുന്നില്ല. ഞാന്‍ കണ്ടിട്ടുണ്ടെന്നും ടീമിലെടുക്കണമെന്നും പറഞ്ഞു.’ വെങ്സര്‍ക്കാര്‍ പറയുന്നു.

‘അവര്‍ എസ്.ബദരിനാഥിനെ ടീമില്‍ സ്ഥിരമാക്കാനുള്ള ശ്രമമായിരുന്നു. കാരണം അവന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്നു. കോഹ്ലി വന്നാല്‍ ബദരിനാഥ് പുറത്താകും. അവനെ പുറത്താക്കുന്നത് അന്നത്തെ ബിസിസിഐ ട്രഷററായിരുന്ന എന്‍.ശ്രീനിവാസന് ഇഷ്ടമല്ലായിരുന്നു. കാരണം അവരുടെ ആളായിരുന്നു അവന്‍’ അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

എമേര്‍ജിങ് പ്ലെയേഴ്‌സ് ട്രോഫിയിലെ പ്രകടനവും അണ്ടര്‍ 19 ലോകകപ്പും അന്ന് കോഹ്ലിയ്ക്ക് ടീമിലേക്കുള്ള വാതില്‍ തുറന്നിരുന്നുവെന്നും അദ്ദേഹം വ്യക്താക്കി. അന്ന് ലോകകപ്പ് നേടിയ ടീമിന്റെ ക്യാപ്റ്റനായിരുന്നു വിരാട്. തുടര്‍ന്ന് ബദരിനാഥിനെ പുറത്താക്കിയതിനെ ചൊല്ലി ശ്രീനിവാസനുമായി തര്‍ക്കമായെന്നും പിന്നീട് തനിക്ക് തന്റെ സെലക്ടര്‍ സ്ഥാനം നഷ്ടമായെന്നും വെങ്സര്‍ക്കാര്‍ പറയുന്നു.

Read more about:
EDITORS PICK
SPONSORED