ഇങ്ങനെ ഉണ്ടോ തോല്‍വി! തുടര്‍ പരാജയങ്ങളില്‍ കലിമൂത്ത ആരാധകര്‍ ഗ്രൗണ്ടിലിറങ്ങി താരങ്ങളെ പഞ്ഞിക്കിട്ടു, വീഡിയോ

Web Desk March 12, 2018

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കായിക ഇനമാണ് ഫുട്ബോള്‍. അതിനാല്‍ തന്നെ ഫുട്ബോളിന്റെ വീറും വാശിയും ഒന്നും മറ്റൊന്നിനും നല്‍കാന്‍ കഴിയില്ല. അവസാന സെക്കന്റുകളില്‍ പോലും ഗതി മാറാന്‍ സാധ്യയുള്ള മത്സരമായതിനാലാണ് ഫുട്ബോള്‍ ഏവര്‍ക്കും ആവേശമാകുന്നത്.

എന്നാല്‍ കാല്‍പന്ത് മൈതാനങ്ങള്‍ പലവട്ടം കയ്യാങ്കളിക്കും വേദിയായിട്ടുണ്ട്. മത്സരത്തില്‍ വീറും വാശിയും കൂടുമ്പോള്‍ കളി പരുക്കനാകും. പിന്നെ ഫൈനല്‍ വിസില്‍ വിളിക്കാന്‍ വേണ്ടിയാകും ഫുട്ബോളിലെ ഗുസ്തിക്കാര്‍ കാത്തിരിക്കുക. എന്നാല്‍ ഇത്രയും നാളും ഫുട്ബോളില്‍ കയ്യാങ്കളി നടത്തിയിരുന്നത് താരങ്ങള്‍ തന്നെയായിരുന്നു.

എന്നാല്‍ ഇത്തവണ ആ പതിവൊന്നു മാറ്റിയിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തവണ തോല്‍വിയില്‍ അരിശം പൂണ്ട് ആരാധകരാണ് താരങ്ങളെ കൈകാര്യം ചെയ്തത്.

ഫ്രഞ്ച് ലീഗ് വണ്ണിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ലില്ലെയും മോണ്ട്പില്ലെറും തമ്മിലുള്ള മത്സരത്തിനിടെയാണ് കാല്‍പ്പന്ത് കളിക്കു തന്നെ നാണക്കേടുണ്ടാക്കിയ സംഭവം. കളി മോശമായിതിന് താരങ്ങളെ തല്ലാന്‍ ആരാധകര്‍ സുരക്ഷാ വലയം ഭേദിച്ച് ഗ്രൗണ്ടിലേക്ക് കടക്കുകയായിരുന്നു.

പോയന്റ് പട്ടികയില്‍ താഴെ നിന്നും രണ്ടാമതാണ് ലില്ലെയുടെ സ്ഥാനം. തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന ടീം മോണ്ട്പില്ലറിനോട് സമനില വഴങ്ങുകയായിരുന്നു. വിജയം കാണാതെ തുടര്‍ച്ചയായ ആറാമത്തെ മത്സരമായിരുന്നു ഇത്.

മത്സരത്തിനിടെ ഗ്യാലറിയില്‍ നിന്നും താരങ്ങള്‍ക്കെതിരെ ആരാധകര്‍ മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു. നിങ്ങള്‍ ഞങ്ങളുടെ ജഴ്‌സിയെ അപമാനിക്കുകയാണെന്നായിരുന്നു ആരാധകര്‍ വിളിച്ചു പറഞ്ഞിരുന്നത്. ആരാധകരെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളരെ പാടുപെട്ടിരുന്നു.

നേരത്തെ ക്ലബ് പ്രസിഡന്റ് ജെറാര്‍ഡ് ലോപ്പസ് എന്തു സംഭവിച്ചാലും ടീം ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുമെന്ന് വാക്കു നല്‍കിയിരുന്നു. ടീമിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ആരാധകരും വ്യക്താക്കിയിരുന്നു. എന്നാല്‍ ടീം നിരന്തരം പരാജയപ്പെട്ടതോടെ ആരാധകരുടെ നിയന്ത്രണം വിടുകയായിരുന്നു.

ലോപ്പസ് നോക്കി നില്‍ക്കെ ഗ്യാലറിയില്‍ നിന്നും 200 ഓളം ആരാധകര്‍ സുരക്ഷാ ഭിത്തികള്‍ തകര്‍ത്ത് ഗ്രൗണ്ടിലേക്ക് കടക്കുകയായിരുന്നു. ഏറെ പാടുപ്പെട്ടായിരുന്നു താരങ്ങളെ സ്റ്റേഡിയത്തിന് പുറത്തെത്തിച്ചത്. താരങ്ങളെ കായികമായി നേരിടാനായിരുന്നു ആരാധകര്‍ മൈതാനത്തെത്തിയത്.

അതേസമയം, ആരാധകരുടെ അമര്‍ഷം ന്യായമാണെന്നും എന്നാല്‍ അവര്‍ പ്രതികരിച്ച രീതി ഒട്ടും അംഗീകരിക്കാന്‍ കഴിയില്ലെന്നും കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടി പറഞ്ഞു.

 

താരങ്ങള്‍ക്ക് ആരാധകരിലുണ്ടായിരുന്ന വിശ്വാസം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.

Tags: ,
Read more about:
EDITORS PICK
SPONSORED