ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടോ?? എങ്കില്‍ നിങ്ങള്‍ വൃക്ക രോഗത്തിന്റെ പിടിയിലാണ്

News Desk March 12, 2018

ഇന്ന് സാധാരണയായ രോഗങ്ങളില്‍ ഒന്നാണ് വൃക്ക രോഗം.മുതിര്‍ന്നവരിലും,കുട്ടികളിലും കണ്ടുവരുന്ന ഈ രോഗം അവഗണിച്ചാല്‍ കൂടുതല്‍ ഗുരുതരമാകും.വൃക്ക രോഗത്തിന് മുന്നോടിയായി ശരീരം ചില അടയാളങ്ങള്‍ നല്‍കും.അത് അവഗണിക്കരുത്. ശരീരം നല്‍കുന്ന ഈ സൂചനകള്‍ വൃക്കരോഗം വരാനുള്ള സാധ്യതയുടെ സൂചനകളല്ല. മറിച്ച് വിവിധ വൃക്കരോഗങ്ങള്‍ മാരകമാകുന്നതിന്റെ ലക്ഷണങ്ങളാണ്.അതിനാല്‍ ഇവയൊന്നും അവഗണിക്കരുത്.

1. മുഖത്തും കാലിലും നീര്

മുഖത്തും പാദങ്ങളിലും കൈകളിലുമൊക്കെ കാണുന്ന നീര് നിസാരമാക്കരുത്. തകരാറിലായിക്കഴിഞ്ഞ വൃക്കകള്‍ ശരീരത്തില്‍ അധികമുള്ള വെള്ളം പുറന്തള്ളുന്നതില്‍ പരാജയപ്പെടുന്നതിന്റെ ഫലമായാണിത്.

2.ചൊറിച്ചില്‍

ശരീരത്തില്‍ മാലിന്യം പുറന്തള്ളുന്നതില്‍ വൃക്കകള്‍ പരാജയപ്പെടുന്നത് ചര്‍മത്തില്‍ ചൊറിച്ചിലും തടിപ്പും ഉണ്ടാകാന്‍ ഇടയാകും.

3. മൂത്രത്തിന്റെ മാറ്റം

ആരോഗ്യവാനായ ഒരാള്‍ രാത്രിയില്‍ ഒരു തവണയും പകല്‍ മൂന്നു നാലുതവണയും മൂത്രമൊഴിക്കുന്നത് സാധാരണമാണ്. എന്നാല്‍ രാത്രിയില്‍ കൂടുതല്‍ തവണ മൂത്രമൊഴിക്കാന്‍ എഴുന്നേല്‍ക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം. ഇതിനു പുറമേ മൂത്രമൊഴിക്കുമ്പോള്‍ അമിതമായി പതയുകയോ നുരയുകയോ കുമിളകള്‍ ഉണ്ടാകുകയോ ചെയ്യുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം.സാധാരണമല്ലാത്ത വിധം മൂത്രം നേര്‍ത്ത് കട്ടികുറഞ്ഞ് പോകുക, കട്ടികൂടിയ മൂത്രം അല്‍പാല്‍പമായി പോകുക, മൂത്രത്തിന്റെ നിറം കട്ടന്‍ ചായയുടെ നിറം പോലെയാകുക, മൂത്രത്തില്‍ രക്തം കാണുക, മൂത്രമൊഴിക്കാന്‍ പ്രയാസം നേരിടുക-മുതലായവയും വൃക്കരോഗങ്ങളെ സൂചിപ്പിക്കുന്നു.

4. ക്ഷീണവും ശ്വാസം മുട്ടും

അകാരണവും നീണ്ടു നില്‍ക്കുന്നതുമായ ക്ഷീണം സൂക്ഷിക്കണം. വൃക്കയുടെ തകരാറുമൂലം ചുവന്ന രക്താണുക്കളുടെ ഉല്‍പാദനവും വളര്‍ച്ചയും അവതാളത്തിലാവും. ഇതുമൂലം ശരീരപ്രവര്‍ത്തനത്തിനാവശ്യമായ ഓക്‌സിജന്‍ എത്തിക്കാന്‍ ചുവന്ന രക്താണുക്കള്‍ക്കു കഴിയാതെ വരുന്നതുമൂലം തലച്ചോറും പേശികളും ക്ഷീണിക്കുന്നു. വിളര്‍ച്ചയുണ്ടാകുന്നു. കടുത്തക്ഷീണം അനുഭവപ്പെടുന്നു. ചിലര്‍ക്ക് തണുപ്പും അനുഭവപ്പെടും.

5.രുചിയില്ലായ്മയും ദുര്‍ഗന്ധവും

ശ്വാസത്തിന് അമോണിയയുടെ ഗന്ധം തോന്നുന്നത് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. രക്തത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനാകാത്തവിധം വൃക്കയ്ക്ക് തകരാറു സംഭവിച്ചു കഴിഞ്ഞാല്‍ വിശപ്പും രുചിയും നഷ്ടപ്പെടാം. ഒപ്പം ഛര്‍ദിയും മനംപിരട്ടലും ഉണ്ടായെന്നും വരും.

6 വേദന

മുതുകിലും, ഇടുപ്പിനും വാരിയെല്ലിനും ഇടയിലും, കാലിലും കാണുന്ന വേദന പോളിസിസ്റ്റിക് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. വൃക്കയില്‍ നീര്‍ക്കുമിളകള്‍ രൂപം കൊള്ളുന്ന അവസ്ഥയാണിത്. ഇത് വേദനയും ഉണ്ടാക്കാം.

കുഞ്ഞുങ്ങളിലെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

കുഞ്ഞുങ്ങളുടെ അകാരണമായി തുടര്‍ച്ചയായുള്ള കരച്ചില്‍, മൂത്രം അസാധാരണമായി ഇടയ്ക്കിടെ ഒഴിഞ്ഞു പോകല്‍, മൂത്രത്തിന്റെ അളവു കുറവ്, ശരീരത്തില്‍ കാണുന്ന നീര്‍ക്കെട്ടുകള്‍ എന്നിവ സൂചനകളാണ്. ശരീരത്തിന്റെ വളര്‍ച്ചക്കുറവ്, കൈകാലുകളിലെ അസ്ഥിവളവുകള്‍, അസ്ഥിയുടെ വളര്‍ച്ചക്കുറവ് എന്നിവ വൃക്കരോഗങ്ങളുടെ ലക്ഷണങ്ങളാവാം.

Tags:
Read more about:
EDITORS PICK