കേരളം തലയുയര്‍ത്തി നില്‍ക്കുകയാണ് ലണ്ടനിലെ ഡബിള്‍ ഡെക്കര്‍ ബസുകളിൽ..!

Falcon News Desk March 12, 2018

തിരുവനന്തപുരം:വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ക്ഷണിക്കാൻ സംസ്ഥാന സർക്കാരിന്റെ പുതിയ മാര്‍ക്കറ്റിംഗ് തന്ത്രം.പുതിയ രീതിയിലുളള ടൂറിസം ബ്രാന്‍ഡിംഗിനായി ബ്രിട്ടനിലെ ബസുകളെ തിരഞ്ഞെടുത്തിരിക്കുകയാണ് കേരള ടൂറിസം വിഭാഗം.ബ്രിട്ടീഷ് തലസ്ഥാനനഗരിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ബസുകളില്‍ ‘ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് പോകൂ’ എന്ന പരസ്യം നൽകി. ആഗോളതലത്തില്‍ തന്നെയുളള വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ക്ഷണിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ക്കറ്റിംഗ് തന്ത്രത്തിലൂടെ.

ഇത് ആദ്യമായാണ് ലണ്ടനില്‍ റെഡ് ബസുകളില്‍ ഇത്തരത്തില്‍ ടൂറിസം പരസ്യം നല്‍കുന്നതെന്ന് ടൂറിസം അധികൃതര്‍ വ്യക്തമാക്കി. ലണ്ടനില്‍ അങ്ങോളമിങ്ങോളം ഒടുന്ന ഡബിള്‍ ഡെക്കര്‍ ബസുകളിലാണ് കേരളം തലയുയര്‍ത്തി നില്‍ക്കുന്നത്.കഥകളി ചിത്രങ്ങളും ഹൗസ്ബോട്ടുകളും സംസ്ഥാനത്തിന്റെ ബാക്ക്‍വാട്ടര്‍ സൗന്ദര്യവും ബസുകളിലെ ചിത്രങ്ങളില്‍ നിറയുന്നു. ‘ഗോ കേരള’ എന്ന വാചകത്തിനൊപ്പം കേരള ടൂറിസം വെബ്സൈറ്റിന്റെ വിവരങ്ങളും നല്‍കിയിട്ടുണ്ട്. ലണ്ടന്‍, ബിര്‍മിംഗാം, ഗ്ലാസ്ഗോ എന്നീ നഗരങ്ങളിലെ ടാക്സികളില്‍ കേരളം നേരത്തേ ഇത്തരത്തില്‍ പരസ്യം നല്‍കിയിരുന്നു. അന്ന് വളരെയധികം വിജയകരമായിരുന്നു ഈ പരസ്യരീതി.

ദുബായിലും സൗദി അറേബ്യയിലും കേരളം ഇത്തരത്തില്‍ ബ്രാന്‍ഡിംഗ് നല്‍കി വരുന്നുണ്ട്. ബിബിസി വേള്‍ഡ്, അല്‍ജസീറ എന്നീ ചാനലുകളിലൂടെ യുഎഇയിലെ വിമാനത്താവളങ്ങളിലും കേരളത്തിന്റെ ടൂറിസം പരസ്യം നല്‍കുന്നുണ്ട്.

Read more about:
EDITORS PICK
SPONSORED