അന്ന് എകെജി, ഇന്ന് വിജു കൃഷ്ണന്‍; രാജ്യത്തെ ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭത്തെ മുന്നില്‍ നിന്ന് നയിയ്ക്കുന്നത് കണ്ണൂരുകാരന്‍

Sruthi March 12, 2018
kannur-viju

സ്വന്തം ലേഖകന്‍

അഖിലേന്ത്യ കിസാന്‍ സഭയുടെ അമരത്ത് എകെജി ഇരുന്നകാലം കമ്മ്യൂണിസ്റ്റുകാര്‍ ആരും മറക്കാനിടയില്ല. കാരണം എകെജി ദേശീയ പ്രസിഡന്റ് ആയിരുന്ന കാലത്ത് നടത്തിയ കര്‍ഷ പ്രക്ഷോഭങ്ങള്‍ പാര്‍ലമെന്റിനെപ്പോലും പിടിച്ചുകുലുക്കിയിരുന്നു. അതേ പാതയിലാണ് പതിറ്റാണ്ടുകള്‍ക്കിപ്പുറം, കണ്ണൂര്‍ -ചെറുകുന്ന് സ്വദേശി വിജു കൃഷ്ണനും. മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്ക് കരുത്തേകിക്കൊണ്ട് ബിജെപി ഭരണകൂടത്തെ പിടിച്ചുകുലുക്കി മുന്നേറുന്ന പ്രക്ഷോഭത്തിന്റെ പിന്നിലെ ബുദ്ധികേന്ദ്രം ഈ കണ്ണൂരുകാരനാണ്. നാസിക്കില്‍ നിന്നും 200 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് ലോങ്ങ് മാര്‍ച്ച് മഹാരാഷ്ട്ര നിയമസഭ മന്ദിരത്തിലെത്തിയപ്പോള്‍ ആ ചരിത്രപോരാട്ടത്തില്‍ മലയാളിക്കും അഭിമാനിക്കാം. സിപിഐഎം കേന്ദ്ര കമ്മിറ്റി സ്ഥിരം ക്ഷണിതാവും, അഖിലേന്ത്യാ കിസാന്‍സഭ ജോയിന്റ് സെക്രട്ടറിയുമാണ് ഈ പോരാളി.

viju-krishnan

2009 മുതല്‍ക്കേ അദ്ദേഹം കര്‍ഷകര്‍ക്കൊപ്പമുണ്ട്. കരിവെള്ളൂരിന്റെ മണ്ണില്‍ നിന്നാണ് അദ്ദേഹം ആ സമര ജീവിതം ആരംഭിച്ചത്. ഇകെ നായനാര്‍ ഉള്‍പ്പെടെ നിരവധി കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വിജു കൃഷ്ണന്റെ വീട്ടില്‍ ഒളിവില്‍ താമസിച്ചിട്ടുണ്ട്. കഴിഞ്ഞമാസം രാജസ്ഥാനില്‍ നടന്ന കര്‍ഷക സമരത്തിലും നിറസാന്നിധ്യമായിരുന്നു വിജു. ജെഎന്‍ യുവില്‍ പഠിക്കുന്ന കാലത്തായിരുന്നു രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുന്നത്. എസ്എഫ്ഐയുടെ സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റായിരുന്ന വിജു കൃഷ്ണന്‍ ജെഎന്‍യുവില്‍ നിരവധി വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ‘ഉദാരവത്കരണകാലത്തെ കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ : കേരളത്തെയും ആന്ധ്രയേയും സംബന്ധിച്ച സവിശേഷ പഠനം’ ഈ വിഷയത്തില്‍ ഊന്നിയായിരുന്നു ജെഎന്‍യുവിലെ ഗവേഷണം.

farmer-protest

ഗവേഷണ ബിരുദം നേടുകയും തുടര്‍ന്ന് ബാംഗ്ലൂര്‍ സെന്റ് ജോസഫ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് മേധാവിയാവുകയും ചെയ്തു. കോളേജ് അധ്യാപകനായിരിക്കെയാണ് ജോലി രാജി വെച്ച് മുഴുവന്‍ സമയ പ്രവര്‍ത്തകനാകാന്‍ തീരുമാനിച്ചത്. ഒരിക്കല്‍ അമ്മയുടെ അഭിപ്രായമറിയാന്‍ വിജു കരിവെള്ളൂരിലെ വീട്ടിലെത്തി. പഴയ കോണ്‍ഗ്രസ്സിന്റെ വനിതാ നേതാവായിരുന്ന ടീച്ചര്‍ വിജുവിന്റെ തീരുമാനം സന്തോഷപൂര്‍വ്വം അംഗീകരിച്ചു. ഒപ്പം ചില ഉപദേശവും. ‘നിന്റെ തീരുമാനം അതാണെങ്കില്‍ എനിക്ക് സന്തോഷമേയുള്ളൂ. നീ നമ്മുടെ നാടിന്റെ ഒരു നേതാവായി വളരണം. ഒരു സാധാരണ നേതാവായിട്ടല്ല. എ കെ ജിയെപ്പോലെ ഒരു വലിയ നേതാവാകണം. അമ്മ പറഞ്ഞു. അമ്മയുടെ ഈ വാക്കാണ് വിജുവിന്റെ ഊര്‍ജ്ജം.

maharashtra

കരിവെള്ളൂരിലെ ഏറ്റവും പഴയ കോണ്‍ഗ്രസ് കുടുംബം അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ ഡി സി സി മെമ്പറായിരുന്ന ശ്രീമതി.വി.കുഞ്ഞിമാണിക്കം ടീച്ചറുടെതാണ്. പല തലമുറകളുടെ പ്രിയപ്പെട്ട അദ്ധ്യാപിക. വാര്‍ദ്ധക്യത്തിന്റെയും രോഗങ്ങളുടെയും അവശതയില്‍ ഇപ്പോഴും കരിവെള്ളൂരില്‍ അവര്‍ ജീവിച്ചിരിപ്പുണ്ട്. അവരുടെ മകള്‍ ശ്യാമളയുടെ മകനാണ് ആള്‍ ഇന്ത്യാ കിസാന്‍ സഭയുടെ ഇന്നത്തെ അഖിലേന്ത്യാ ജോയിന്റ്സെക്രട്ടറിയും സിപിഐ (എം )കേന്ദ്രക്കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവുമായ വിജു കൃഷ്ണന്‍. ഇന്ന് രാജ്യമെമ്പാടും ഉറ്റുനോക്കുന്ന അഖിലേന്ത്യാ കിസ്സാന്‍ സഭയുടെ നേതൃത്വത്തില്‍ 200 കിലോമീറ്ററോളം കാല്‍നടയായി മഹാരാഷ്ട്രയിലെ കര്‍ഷകര്‍ നടത്തുന്ന ലോങ്ങ് മാര്‍ച്ചില്‍ അടിച്ചമര്‍ത്തപ്പെടുന്ന കര്‍ഷരുടെ നാവായും ശക്തിയായും റാലിയുടെ നേതൃനിരയിലുള്ള അവരുടെ പ്രിയപ്പെട്ട നേതാവാണ് വിജു. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് 30,000 ആളുകളുമായി തുടങ്ങിയ കര്‍ഷക മാര്‍ച്ചില്‍ ദേശീയ മാധ്യമങ്ങളുടെ കണക്കു പ്രകാരം ഒരു ലക്ഷത്തിലധികം കര്‍ഷകര്‍ അണിചേര്‍ന്നിരിക്കുന്നു.

protest

വരള്‍ച്ച വിളവെടുപ്പിനെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. കര്‍ഷകര്‍ കടക്കെണിയില്‍ നട്ടം തിരിയുകയാണ്. താങ്ങ് വില നന്നെ കുറവ്. ദേശീയ ഏജന്‍സികളുടെ കണക്കുകള്‍ പ്രകാരം 2017 ജൂലായ് തൊട്ട് 178 കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത്. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭം ആവശ്യമായി വരുന്നത്. വനാവകാശ നിയമം നടപ്പിലാക്കുക, കാര്‍ഷിക പെന്‍ഷനില്‍ കാലഘട്ടത്തിനനുസരിച്ചുള്ള വര്‍ധനവ് വരുത്തുക, പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന റേഷന്‍ സമ്പ്രദായത്തിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുക, കീടങ്ങളുടെ ശല്യം കാരണം വിള നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കണം, വിളകള്‍ക്ക് കൃത്യമായ താങ്ങുവില അനുവദിക്കണം, എം.എസ്.സ്വാമിനാഥന്‍ കമ്മീഷന്‍ കര്‍ഷകര്‍ക്കായി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കണം, നദീസംയോജന പദ്ദതികള്‍ നടപ്പിലാക്കി കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വരള്‍ച്ചക്ക് അറുതി വരുത്തുക, അനുവാദമില്ലാതെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍ നിന്ന് പിന്മാറുക, ഭൂമിക്ക് തക്കതായ നഷ്ടപരിഹാര തുക നല്‍കണം തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക സമരം.

Read more about:
RELATED POSTS
EDITORS PICK
SPONSORED