ആര്യയെ വെച്ച് കളേഴ്‌സ് ചാനലിന്റെ കോപ്രായം: ആര്യയെ വിവാഹം ചെയ്യാനെത്തിയവരില്‍ മലയാളി സുന്ദരികളും, പെണ്‍കുട്ടികളുടെ ജീവിതം വെച്ചുള്ള കളിയെന്ന് വിമര്‍ശനം

Sruthi March 13, 2018
arya-tamil

സോഷ്യല്‍ മീഡിയയിലെ ചൂടുള്ള ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് ആര്യയുടെ പരിണയം. ഒരു നടന്‍ റിയാലിറ്റി ഷോയിലൂടെ തന്റെ വധുവിനെ നിര്‍ണയിക്കുന്നു. ആര്യയ്ക്ക് ഭ്രാന്താണോ, അതോ ആര്യയെ വെച്ച് കളേഴ്‌സ് ചാനലിന്റെ കോപ്രായമാണോ എന്ന വിമര്‍ശനമാണ് ഉയരുന്നത്. ഇങ്ങനെയൊരു മണ്ടത്തരം ആര്യയെപോലുള്ള നടന്‍ ചെയ്യുമോ എന്ന ചോദ്യവും ഇല്ലാതില്ല.

എന്തൊക്കെയായാലും ചാനല്‍ ഷോ ജനപ്രീതി നേടി. തമിഴ് ചാനല്‍ കളേഴ്‌സാണ് ഇങ്ങനെയൊരു റിയാലിറ്റി ഷോ നടത്തുന്നത്. എങ്ക വീട്ടു മാപ്പിളൈ എന്നാണ് തമിഴില്‍ പരിപാടിയുടെ പേര്. മലയാളത്തില്‍ ഫ്‌ളവേഴ്‌സില്‍ ആര്യയ്ക്ക് പരിണയം എന്ന പേരില്‍ കാണിക്കുന്നു. 16 പെണ്‍കുട്ടികളാണ് ഇതില്‍ പങ്കെടുക്കുന്നത്. ഇതില്‍ ആറ് മലയാളി സുന്ദരികള്‍ ഉണ്ടെന്നുള്ളത് പരിഹാസം തന്നെ. അത്തരം ട്രോളുകള്‍ ഉയര്‍ന്നു കഴിഞ്ഞു.

enga-veettu-mappillai

ഇനി ഇതില്‍നിന്നും ആര്യ ആരെയെങ്കിലും തെരഞ്ഞെടുക്കുമോ എന്ന കാര്യത്തില്‍ ഉറപ്പുണ്ടോ? ഉണ്ടെങ്കില്‍ തന്നെ ഒരാളെ തെരഞ്ഞെടുത്താല്‍ മറ്റ് പെണ്‍കുട്ടികള്‍ പ്രശ്‌നമുണ്ടാക്കില്ലേയെന്നും പറയുന്നു. എന്തായാലും ആര്യയ്ക്ക് കഷ്ടകാലം തന്നെ. ചില റൗണ്ടുകള്‍ രസകരമാണെങ്കിലും മറ്റ് ചില റൗണ്ടുകള്‍ പരിതാപകരവുമാണ്. എന്തൊക്കെ കോപ്രായമാണ് ഇവര്‍ കാട്ടികൂട്ടുന്നതെന്ന് തോന്നിപ്പോകും.

arya-show

കുറച്ച് ദിവസമായി തുടങ്ങിയ ഷോയില്‍ ആദ്യ എലിമിനേഷനും നടന്നു കഴിഞ്ഞു. 29കാരിയായ ആന്‍സി, കോട്ടയം സ്വദേശി അനു (20), അയീഷ (28), ദേവസൂര്യ (27), ആലുവ സ്വദേശി സീതാലക്ഷ്മി (25), ശ്രീയ സുരേന്ദ്രന്‍(20) എന്നിവരാണ് മലയാളികള്‍. ഇതില്‍ ആന്‍സിയും അനുവും ഷോയില്‍ നിന്ന് പുറത്തായി.

റിയാലിറ്റി ഷോ എങ്ങനെ വ്യത്യസ്തമാക്കാം എന്നാണ് ചാനലുകള്‍ ആലോചിക്കുന്നത്. കടുത്ത മത്സരങ്ങളും നടക്കുന്നു. ജീവിതത്തിലെ ഒരു സുപ്രധാന വിഷയമാണ് വിവാഹം. ആ തീരുമാനം ആരെങ്കിലും റിയാലിറ്റി ഷോയെ ആശ്രയിച്ചു എടുക്കുമോ? അത് ശരിയായ നടപടി അല്ലാ എന്നാണ് മറ്റ് വിമര്‍ശകരുടെ വാദം. പെണ്‍കുട്ടികളുടെ ജീവിതം വെച്ചുള്ള കളിയാണിതെന്നും പറയുന്നു. ഇവരെ ഇതു മാനസികമായി തളര്‍ത്തുമെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

മാസങ്ങള്‍ക്കുമുന്‍പ് തന്റെ വിവാഹത്തെക്കുറിച്ച് ആര്യ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. പിന്നീട് നമ്പറും ബന്ധപ്പെടാനുള്ള വിവരങ്ങളും നല്‍കി. ഭാവി വധുവിനെ കുറിച്ചു തനിയ്ക്ക് ഡിമാന്റുകള്‍ ഒന്നുമില്ലെന്നും തന്നെ സ്നേഹിക്കുന്ന ഒരു കുട്ടിയെ മതിയെന്നും ആര്യ പറഞ്ഞു. ഇതിനു ശേഷം ഒരു ലക്ഷത്താളം ഫോണ്‍ കോളുകളും ഏഴായിരത്തോളും വിവാഹ അപേക്ഷകളുമാണ് താരത്തെ തേടി എത്തിയത്. അതില്‍ നിന്നാണ് 16 പെണ്‍കുട്ടികളെ ഷോയിലേയ്ക്ക് തിരഞ്ഞെടുത്തത്.

Read more about:
EDITORS PICK
SPONSORED