മുടി ചീകി കെട്ടുന്ന പണി വരെ ചെയ്യിച്ചു! രാജേശ്വരിക്കെതിരെ സുരക്ഷാ ചുമതലയുള്ള വനിതാ പോലീസുകാരുടെ പരാതി, സുരക്ഷ പിന്‍വലിച്ചു

Web Desk March 13, 2018

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ മാതാവ് രാജേശ്വരിയുടെ പോലീസ് സുരക്ഷ പിന്‍വലിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള മോശം പെരുമാറ്റത്തിന്റെ പേരിലാണ് നടപടി. രാജേശ്വരിയുമായി പൊരുത്തപ്പെട്ടു പോകാന്‍ കഴിയില്ലെന്ന കാര്യം സുരക്ഷാ ചുമതലയുള്ള വനിതാ പോലീസുകാര്‍ നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു.

വേലക്കാരെന്ന പോലെയാണ് രാജേശ്വരി പോലീസുകാരെ കണ്ടിരുന്നതെന്ന് പരാതിയില്‍ പറയുന്നു. തങ്ങളെ കൊണ്ട് മുടി ചീകി കെട്ടിക്കുന്ന പണി വരെ ഇവര്‍ ചെയ്യിച്ചിട്ടുണ്ടെന്ന് വനിതാ പോലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു.

ആശുപത്രിയില്‍ ആയിരുന്ന സമയത്ത് രാജേശ്വരിയുടെ കട്ടിലിന്റെ ചുവട്ടിലാണ് പോലീസുകാരെ കിടത്തിയിരുന്നത്. അനുസരിച്ചില്ലെങ്കില്‍ മോശമായി പെരുമാറിയെന്നു പരാതി നല്‍കുമെന്നു ഇവര്‍ ഭീഷണിപ്പെടുത്തിയതായും പോലീസുകാരുടെ പരാതിയില്‍ പറയുന്നു.

ജിഷാ വധക്കേസില്‍ പ്രതിയെ കോടതി വധശിക്ഷയ്ക്കു വിധിച്ച് ജയിലില്‍ അടച്ചതിനാല്‍ നിലവില്‍ രാജേശ്വരിക്ക് ഭിഷണി ഇല്ലെന്നും സുരക്ഷാ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്നും വനിതാ പോലീസുകാര്‍ ആവശ്യപ്പെടുകയായിരുന്നു.

24 മണിക്കൂറും 2 പോലീസുകാരുടെ സുരക്ഷയായിരുന്നു രാജേശ്വരിക്ക് ഉണ്ടായിരുന്നത്. വീട്ടിലും ആശുപത്രിയിലും മാത്രമല്ല രാജേശ്വരി പോകുന്നിടത്തെല്ലാം പോലീസുകാരും കൂടെ പോകുമായിരുന്നു. കോടനാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് രാജേശ്വരിയുടെ വീടെങ്കിലും ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള വനിതാ പോലീസുകാരെ മാറിമാറി സുരക്ഷാ ചുമതല ഏല്‍പിക്കുകയായിരുന്നു പതിവ്.

Read more about:
EDITORS PICK
SPONSORED