കാളിദാസിന്റെ മാസ് എന്‍ട്രിക്കായി കാത്തിരുന്ന ആരാധകര്‍ വിഡ്ഢികളായി, എവിടെയാണ് എബ്രിഡ് ഷൈനിന്റെ മാജിക്…പൂവില്ലാത്ത വെറും മരം മാത്രം..

Sruthi March 16, 2018
poomaram-film

സ്വന്തം ലേഖകന്‍

കാത്തിരുന്നു..കാത്തിരുന്നു ഒടുവില്‍ പൂമരം എത്തി… എന്നിട്ട് എന്തു സംഭവിച്ചു. പാട്ടില്‍ പൂത്ത പൂമരം, നിറഞ്ഞ സദസ്സില്‍ പൂമരം, കാളിദാസിന്റെ തകര്‍പ്പന്‍ പ്രകടനം എന്നൊക്കെ നിരൂപണം എഴുതുന്നവരോട് ഒന്ന് ചോദിച്ചോട്ടെ..ശരിക്കും നിങ്ങള്‍ സിനിമ കണ്ടിട്ടാണോ നിരൂപണം എഴുതുന്നത്. ഇന്നലെ ആദ്യ പ്രദര്‍ശനം കാണാന്‍ പോയ ഒരു പ്രേക്ഷകയാണ് ഞാന്‍… നിറഞ്ഞ സദസും കണ്ടില്ല…എബ്രിഡ് ഷൈനിന്റെ ഒരു മാജികും കണ്ടില്ല.

ഞങ്ങളില്‍ ചിലര്‍ കാളിദാസന്‍ എന്ന നടനില്‍ നിന്നും ഇതല്ല പ്രതീക്ഷിച്ചത്. അല്ലെങ്കിലും മഹാരാജാസിലെ ചെയര്‍മാന്‍മാരൊക്കെ ഇത്രയ്ക്ക് ദയനീയമായിരുന്നോ.. ഒരിക്കലുമല്ല. നല്ല നേതാവായിരുന്നു അവിടുത്തെ ചെയര്‍മാന്‍മാരൊക്കെയും. അമല്‍ നീരദ്, ആഷിക് അബു ഇവരൊക്കെ മഹാരാജാസിനെ പിടിച്ചുയര്‍ത്തിയവരാണ്. അത്തരത്തിലൊരു ചെയര്‍മാനാകാന്‍ കാളിദാസിന് ഒരിക്കലും സാധിച്ചിട്ടില്ല. തുടക്കം മുതല്‍ ഒടുക്കം വരെ പൂമരം നിരാശമാത്രമാണ് നല്‍കിയത്.

actor

ചാമ്പ്യന്‍ഷിപ്പിനുവേണ്ടി രണ്ട് കലാലയങ്ങള്‍ തമ്മിലുള്ള മത്സരമാണ് ചിത്രത്തിലെ സാരം. മഹാരാജാസിലെ ചരിത്രം പറഞ്ഞുകൊണ്ടാണ് കഥ മുന്നോട്ട് പോകുന്നത്. തിരക്കഥ എഴുതിയിരിക്കുന്നത് എബ്രിഡ് ഷൈന്‍ തന്നെയാണ്. സംഗീതം കുത്തിനിറച്ച് തത്ത്വചിന്തകളും ഉപദേശങ്ങളും കൊണ്ട് പ്രേക്ഷകരെ രണ്ടര മണിക്കൂര്‍ ഇരുട്ടുമുറിയില്‍ ഇരുത്തി ബുദ്ധിമുട്ടിച്ചു. ഒരു കലോത്സവം ഷോട്ട് ഫിലിം ആക്കിയാല്‍ എങ്ങനെയിരിക്കും. എബ്രിഡേ..ഞങ്ങള്‍ കലോത്സവം കാണാത്തവരല്ല. കലോത്സവം കാണാന്‍ അല്ല ഞങ്ങള്‍ ഇത്രയും പൈസമുടക്കി തിയറ്ററില്‍ എത്തിയത്.. ആക്ഷന്‍ ഹീറോ ബിജു, 1983 എന്നീ മാജിക് നല്‍കിയ എബ്രിഡില്‍ നിന്നും ഇതല്ല ഒരു നല്ല ആസ്വാധകന്‍ പ്രതീക്ഷിച്ചതും.

abrid-shine

കാളിദാസിനെക്കാള്‍ ശ്രദ്ധേയമായത് ചിത്രത്തിലെ ഐറിന്‍ എന്ന ചെയര്‍മാനാണ്. സെന്റ് തെരാസസ്സിലെ ഐറിന്‍ പരാജയത്തിലും വിജയത്തിലും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിന്നു. ഒരു ക്യാംപസ് ചിത്രം എന്നു പൂമരത്തെ താരമത്യം ചെയ്യാനാവില്ല. ഒരു ക്യാംപസ് ഓര്‍മ്മയും ഈ ചിത്രം നല്‍കുന്നില്ല. ഗൗതമന്റെ(കാളിദാസ്) അച്ഛനായി വേഷമിടുന്ന പുതുമുഖ താരം മുതല്‍ കുഞ്ചാക്കോ ബോബനെ വരെ തത്ത്വചിന്തകരാക്കി നശിപ്പിച്ചു.

actress

ഒരു റിയലിസ്റ്റിക് ചിത്രമാക്കാന്‍ എബ്രിഡ് ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, പല കഥാപാത്രങ്ങളും അഭിനയിക്കുന്നതായി തോന്നി. ആദ്യ പകുതിയില്‍ പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ചു. രണ്ടാം പകുതിയില്‍ എന്തെങ്കിലും ഉണ്ടാകുമെന്ന് കരുതി കാത്തിരുന്നു. നൃത്തഅധ്യാപകരെ മുഴുവന്‍ കോമാളിയാക്കുന്ന രംഗങ്ങളുമുണ്ട്. അവസാന ഭാഗത്തായി പോലീസുകാരനായെത്തിയ ജോജു ജോര്‍ജ് കുറച്ചാശ്വാസം പകര്‍ന്നു. എങ്കിലും സാധാരണയായി ജോജോവില്‍ നിന്നുണ്ടാകുന്ന രസകരമായ സന്ദര്‍ഭങ്ങളൊന്നുമല്ലായിരുന്നു. എങ്കിലുമൊരു ആശ്വാസം…

poomaram

കലോത്സവ വേദിയിലെ പ്രകടനങ്ങളും വേദിക്കുപിന്നിലെ ചമയങ്ങളും വളരെ ഭംഗിയായി തന്നെ ക്യാമറാന്‍മാന്‍ ഒപ്പിയെടുത്തിട്ടുണ്ട്. അതു പറയാതിരിക്കാന്‍ വയ്യ. ജ്ഞാനം എന്ന ഛായാഗ്രാഹകനാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. കടവത്തൊരു തോണീ… എന്ന പാട്ടും ഞാനും ഞാനുമെന്റാളും എന്ന പാട്ടും ഈ ചിത്രത്തെ മാറ്റുകൂട്ടിയെന്ന് പല പ്രമുഖ മാധ്യമങ്ങളും എഴുതി. എന്നാല്‍, ആ ചിത്രത്തില്‍ എവിടെയായിരുന്നു കടവത്തൊരു തോണീ എന്നൊരു പാട്ട് ഉണ്ടായിരുന്നത്. ഞങ്ങള്‍ അങ്ങനെയൊരു പാട്ട് എവിടെയും കേട്ടില്ല.

ഒടുവില്‍ ക്ലൈമാക്‌സില്‍ ബുദ്ധനെ കാണിച്ച് എന്തു മെസേജാണ് സംവിധായകന്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമായില്ല. ഒരു നെഗറ്റീവ് നിരൂപണം അല്ല ഇത്. ഒരു പ്രേക്ഷകയുടെ അവലോകനം മാത്രം…

poomaram-film-review

Read more about:
EDITORS PICK
SPONSORED