മലയാളികളുടെ മനസിലേക്ക് സുഡു അടിച്ച സൂപ്പര്‍ ഗോള്‍: സുഡാനി ഫ്രം നൈജീരിയ, മലയാളിയുടെ കണ്ണ് നിറച്ച് സുഡുവും മജീദും ഉമ്മയും

സ്വന്തം ലേഖകന്‍ March 28, 2018
sudani-from

നന്മ നിറഞ്ഞ മനസ്സില്‍ നിന്നെ ഇങ്ങനെയൊരു ഇതിവൃത്തം രൂപംകൊള്ളൂ..സുഡാനി ഫ്രം നൈജീരിയ… സക്കറിയ കൂട്ടുക്കെട്ടില്‍ പിറന്ന റിയലിസ്റ്റിക് കഥ. അന്ന് ഉണ്ണിക്കുട്ടനാണെങ്കില്‍ ഇന്ന് എല്ലാവരുടെയും ഹൃദയം കീഴടക്കിയത് സുഡുമോനാണ്.

ഉണ്ണിക്കുട്ടന്‍ നേപ്പാളിയാണെങ്കില്‍ സുഡുമോന്‍ നൈജീരിയക്കാരനാണ്. സുഡാനി ഫ്രം നൈജീരിയയെക്കുറിച്ച് എഴുതുമ്പോള്‍ സുഡു എന്ന സാമുവല്‍ എബിയോള റോബിന്‍സണിനെക്കുറിച്ച് പറയാതിരിക്കാനാകില്ല. ഒപ്പം മജീദിന്റെ ഉമ്മ സാവിത്രിയെക്കുറിച്ചും.

film-sudani

ഇത്രനാളും എവിടെയായിരുന്നുവെന്നാണ് ഇവരെ കാണുമ്പോള്‍ ആരുടെയും മനസ്സില്‍ ഉയര്‍ന്നുവരുന്ന ചോദ്യം. സക്കറിയ മലയാളികള്‍ക്ക് തന്ന മുത്താണ് ചിത്രത്തിലെ സുഡുവും ഉമ്മയും. മലപ്പുറത്തിന്റെ സെവന്‍സ് ഫുട്‌ബോള്‍ ആവേശവും അതിനെ ചുറ്റിപറ്റിയുമുള്ള കഥ. ഒരു സാധാരണക്കാരന്റെ മനസ്സിലും ജീവിതത്തിലും ഇറങ്ങിച്ചെന്ന് ഒരു കഥ നെയ്‌തെടുത്തുവെന്ന് പറയുന്നതില്‍ തെറ്റില്ല. സക്കറിയ അതില്‍ പൂര്‍ണ്ണമായി വിജയിച്ചു.

film

സിനിമയും സാഹിത്യവും എക്കാലവും തെറ്റിദ്ധരിപ്പിച്ച ജില്ലയാണ് മലപ്പുറം. എന്നാല്‍, കേവലം സെവന്‍സ് ഫുട്‌ബോളിനുമപ്പുറം മലപ്പുറത്തിന്റെ സ്‌നേഹത്തെ അടയാളപ്പെടുത്താനാണ് സംവിധായകന്‍ ശ്രമിച്ചത്. ഫുട്‌ബോളിന്റെ മാനേജറായി നടക്കുന്ന മജീദ് എന്ന സൗബിന്‍ എപ്പോഴത്തെയും പോലെ മലയാളികളെ ചിരിപ്പിച്ചു, ചിന്തിപ്പിച്ചു. സൗബിനില്‍ നിന്ന് മലയാളികള്‍ ഇതൊക്കെ തന്നെയാണ് പ്രതീക്ഷിക്കുന്നതും.

sudani

സുഡാനിയുടെയും മജീദിന്റെയും ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഓരോ മലയാളിയും സിനിമ കണ്ടിറങ്ങുമ്പോള്‍ ഒരുപക്ഷെ സുഡാനിയെക്കുറിച്ചോ സൗബിനെക്കുറിച്ചോ അല്ല സംസാരിക്കുന്നത്. ചിത്രത്തിലെ രണ്ട് ഉമ്മൂമ്മമാരെക്കുറിച്ചാണ്. എവിടെയും കാണാത്ത രണ്ട് മുഖങ്ങള്‍. ഇവര്‍ ആരാണ്? എവിടെയായിരുന്നു ഇത്രനാള്‍ എന്നുള്ള ചോദ്യമാണ് മനസ്സില്‍ നിറയുന്നത്.

umma

നമ്മുടെ സ്വന്തം കോഴിക്കോട്ടുക്കാരിയായ ജമീല എന്ന സാവിത്രി ശ്രീധരന്‍, മജീദിന്റെ ഉമ്മ. നിഷ്‌കളങ്കമായി ചിരിക്കുകയും കരയുകയും സംസാരിക്കുകയും ചെയ്യുന്ന ഈ ഉമ്മ പ്രേക്ഷകരെ കരയിപ്പിച്ചു. ഉമ്മയുടെ വായില്‍ നിന്നു വരുന്ന ഓരോ വാക്കും സ്‌നേഹത്തിന്റെ മൊട്ടുകളായിരുന്നു. നാടകത്തില്‍ നിന്നും സിനിമയിലേക്ക് വന്ന സാവിത്രിക്ക് ഒട്ടേറെ വിശേഷങ്ങള്‍ പറയാനുണ്ട്.

sudani

ഭര്‍ത്താവ് മരിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഒറ്റയ്ക്കാണെന്ന് തോന്നിയ വികാരനിമിഷം സുഡാനി ഫ്രം നൈജീരിയ തിയറ്ററില്‍ നിന്ന് കണ്ടിറങ്ങിയ സമയമായിരുന്നുവെന്ന് സാവിത്രി പറയുന്നു. തിയറ്ററില്‍ നിന്ന് സിനിമ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞുപോയി. താന്‍ ഒറ്റയ്ക്കാണല്ലോ എന്ന് തോന്നിയ നിമിഷം. ഭര്‍ത്താവിന്റെ കൂടെ ദേവാസുരം ആണ് അവസാനമായി തിയറ്ററില്‍ പോയി കണ്ട സിനിമ. വര്‍ഷങ്ങള്‍ക്കുശേഷം സുഡാനി കണ്ട സാവിത്രി പറയുന്നു. താന്‍ വലിയൊരു നടിയായി കാണാനാണ് അദ്ദേഹം ആഗ്രഹിച്ചത്. മരിക്കുന്നതിനുമുന്‍പ് ഒരു അവാര്‍ഡ് കിട്ടുന്നത് കാണണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, അവാര്‍ഡ് കിട്ടിയപ്പോള്‍ കാണാന്‍ അദ്ദേഹമില്ലായിരുന്നു. ക്യാന്‍സര്‍ പിടിപ്പെട്ടാണ് സാവിത്രിയുടെ ഭര്‍ത്താവ് ഈ ലോകത്തോട് വിടപറയുന്നത്.

sudani

മുന്‍പും സിനിമയിലേക്ക് പല അവസരങ്ങളും വന്നിട്ടുണ്ടെന്ന് സാവിത്രി പറയുന്നു. എന്നാല്‍, അപ്പോഴൊക്കെ പേടിയായിരുന്നു. ഈ ചിത്രം ധൈര്യപൂര്‍വ്വം ചെയ്തത് കൂടെ നാടകത്തില്‍ അഭിനയിച്ച സഹതാരങ്ങള്‍ ഉണ്ടെന്ന ആശ്വാസത്തിലാണ്. കോഴിക്കോട്ടുകാരിയായ സാവിത്രി നാടകത്തില്‍ രണ്ട് തവണ മികച്ച നടിയായിട്ടുണ്ട്. ഹിന്ദുവാണെങ്കിലും കൂടുതലും മുസ്ലീം വേഷമാണ് നാടകത്തില്‍ താന്‍ ചെയ്തിട്ടുള്ളതെന്ന് സാവിത്രി പറയുന്നു.

film

അയല്‍വാസിയായ അഭിനയിച്ച ഉമ്മയെക്കുറിച്ചും പറയാതിരിക്കാനാകില്ല. ജമീലയ്ക്ക് ധൈര്യവും ആശ്വാസവും പകരുന്ന സരസയും സുഡാനിയിലെ വേറിട്ട കഥാപാത്രമായിരുന്നു. തന്റെ രണ്ടാംഭര്‍ത്താവിനെ അവഗണിക്കുന്ന മകനെ നോക്കി പരാതിയൊന്നും പറയാതെ സങ്കടങ്ങള്‍ ഉള്ളിലൊതുക്കുന്ന മജീദിന്റെ ഉമ്മ. ഓനിത്തിരി തുമ്മലുണ്ടെന്ന് പറയുന്ന ഉമ്മയുടെ കരുതല്‍ നമുക്കനുഭവിക്കാനാകും. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെങ്കിലും സുഡുവിനോടു സംസാരിക്കാന്‍ ഉമ്മയ്ക്ക് യാതൊരു മടിയുമില്ല. പല രംഗങ്ങളിലും സ്‌നേഹത്തിന്റെ കമ്മ്യൂണിക്കേഷനാണ് നടക്കുന്നത്.

sudu

ചിത്രത്തിന്റെ ഓരോ രംഗങ്ങളും മികവുറ്റതാക്കാന്‍ ക്യാമാറാമന്‍ സൈജു ഖാലിദ് ശ്രമിച്ചിട്ടുണ്ട്. മായാനദിക്കുശേഷം ഷഹബാസ് അമന്റെ സംഗീതവും വേറിട്ടുനില്‍ക്കുന്നു. ആവേശം നല്‍കുന്ന പശ്ചാത്തലസംഗീതവും ചിത്രത്തില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. ഒരുപറ്റം സാധാരണക്കാര്‍ക്കിടയില്‍ ഒരു ക്യാമറവെച്ച് പടം പിടിച്ചാല്‍ എങ്ങനെയിരിക്കും. അത്തരമൊരു അനുഭവം സുഡാനി ഫ്രം നൈജീരിയ കണ്ടിറങ്ങുന്ന ഓരോ മലയാളിയുടെ മനസ്സിലുമുണ്ടാകും.

saoubin

Read more about:
RELATED POSTS
EDITORS PICK