ഒടുവില്‍ ഓസില്‍ വിളി കേട്ടു! ആരാധന മൂത്ത് മകന് ഓസില്‍ എന്നു പേരിട്ട മഞ്ചേരിക്കാരന്റെ ഹൃദയം കവര്‍ന്ന് മെസ്യൂട്ട് ഓസിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌, വീഡിയോ കാണാം

Web Desk April 10, 2018

മെസ്യൂട് ഓസിലിനോടും ആഴ്‌സണലിനോടുമുള്ള ആരാധനമൂത്ത് മകന് മെഹ്ദ് ഓസില്‍ എന്ന് പേരിട്ട മഞ്ചേരിക്കാരന്‍ ഇന്‍സമാം ഉള്‍ ഹഖിന്റെയും കുടുംബാംഗളുടെയും മനസ് കീഴടക്കി മെസ്യൂട് ഓസില്‍. തന്റെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ എഴുതിയ കുറിപ്പിലാണ് ഓസില്‍ മഞ്ചേരിക്കാരന്‍ മെഹ്ദ് ഓസിലിന് ആശംസയറിച്ചിത്.

തന്റെ പേരിട്ട ഈ കുട്ടി തന്നെ സംബന്ധിച്ചിടത്തോളം വലിയ ബഹുമതിയും പ്രചോദനമാണെന്ന് ഓസില്‍ കുറിച്ചു. ഇന്ത്യക്കാര്‍ക്കും മെഹ്ദ് ഓസിലും എല്ലാവിധ ആശംസകളും. വരുംവര്‍ഷങ്ങളില്‍ മെഹ്ദ് തന്റെ കുടുംബത്തെ സന്തോഷംകൊണ്ടും ഓര്‍മകള്‍കൊണ്ടും വിരുന്നൂട്ടുമെന്ന് കരുതട്ടെ-ഓസില്‍ കുറിച്ചു.

കട്ട ആഴ്സനല്‍ ആരാധകനാണ് മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള കിടങ്ങഴി സ്വദേശി ഇന്‍സമാം ഉള്‍ ഹഖ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ആഴ്‌സണിനെ മനസില്‍ കൊണ്ടു നടക്കാന്‍ തുടങ്ങിയിട്ട് 12 വര്‍ഷത്തോളമായി. അനിയനും അളിയനും എല്ലാം ആഴ്സനല്‍ ആരാധകരാണ്. ചുരുക്കിപ്പറഞ്ഞാല്‍ ചെറിയൊരു ആഴ്സനല്‍ കുടുംബം.

കളിക്കണ്ട് കൂടെ കൂടിയത് തന്നെയാണ്. ഇന്‍സിയുടെ ആഴ്‌സണല്‍ പ്രേമത്തെക്കുറിച്ചും മകന് മെഹ്ദ് ഓസില്‍ എന്ന് പേരിട്ടതിനെക്കുറിച്ചുമുള്ള വാര്‍ത്ത തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ ആഴ്‌സണല്‍ കഴിഞ്ഞദിവസം ആരാധകരുമായി പങ്കുവെച്ചിരുന്നു. അവിടെ നിന്നാണ് ആരാധകന്റെ കഥ ഫുട്‌ബോള്‍ ലോകവും ഓസിലും അറിഞ്ഞത്.

ആഴ്സനല്‍ കേരള സപ്പോര്‍ട്ടേഴ്സ് ക്ലബില്‍ നിന്നായിരുന്നു എല്ലാത്തിന്റേയും തുടക്കം. ഗ്രൂപ്പില്‍ വളര്‍ന്ന സൗഹൃദ ബന്ധങ്ങളാണ് ഫേസ്ബുക്ക് പേജ് അധികൃതരെ ഇന്‍സിയുടെ വീട്ടിലെത്തിച്ചത്. കേരളത്തിലെ പോലെ തന്നെ ഇന്ത്യയുടെ പ്രധാന നഗരങ്ങളിലെല്ലാം ക്ലബിന് ആരാധകരുണ്ട്. ബംഗളൂരു, പൂനെ, മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി എന്നിങ്ങനെ നീളുന്നു നഗരങ്ങളുടെ നിര. ഇവരെയെല്ലാം ഏകോപിച്ച് നിര്‍ത്തുന്ന മറ്റൊരു സംഘം വേറെയും.

അടുത്തിടെയാണ് പൂനെയില്‍ നിന്നുള്ള രണ്ടംഗ സംഘം മഞ്ചേരിയിലെത്തിയത്. ഇന്‍സിയെ തേടിപ്പിടിച്ചായിരുന്നു വരവ്. ആഴസ്നലിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിടാന്‍ വീഡിയോ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. ഇന്ത്യയില്‍ മാത്രമല്ല, ക്ലബിന് ആരാധകരുള്ള എല്ലാ രാജ്യങ്ങളിലെല്ലാം ഇത്തരത്തില്‍ വീഡിയോ പിടുത്തം നടക്കുന്നുന്നുണ്ട്. അതിലൊരാളായി മാറി ഇന്‍സിയും കുടുംബവും.

ഫേസ്ബുക്ക് പേജ് അധികൃതരെ ഇങ്ങോട്ടേക്ക് നയിച്ചത് മകന് ഇന്‍സി ഇട്ട ഈ പേരായിരുന്നു. ഓസിലിനോടുള്ള വലിയ ആരാധനയാണ് മകനും ഈ പേര് നല്‍കാന്‍ തീരുമാനിച്ചത്. വീട്ടുകാരോടും കുടുംബത്തോടും ആലോചിച്ചപ്പോള്‍ എല്ലാവര്‍ക്കും സമ്മതം. ഫുട്ബോള്‍ താരം കൂടിയാണ് ഇന്‍സി. സ്‌കൂള്‍ തലത്തിലും കളിച്ചു. ഇന്‍സിക്ക് ഒരാഗ്രഹമുണ്ട്, കുഞ്ഞു ഓസിലിനെ ഒരു ഫുട്ബോള്‍ താരമാക്കി മാറ്റുക. മെസ്യുട് ഓസിലിനെ പോലെ. ഫിദ സനം ആണ് ഇന്‍സിയുടെ ഭാര്യ.

Read more about:
EDITORS PICK
SPONSORED