‘ഗദ്ദാമ’യെ അനുസ്മരിപ്പിച്ച് റസിയയുടെ ജീവിതം, അവസാനം കൊടിയ പീഡനങ്ങളില്‍ നിന്നും രക്ഷപ്പെട്ടത് ഇങ്ങനെ

Jaisha May 14, 2018

ഒരുപാട് സ്വപ്‌നങ്ങളുമായായിരുന്നു റസിയ അസീസെന്ന(42) എറണാകുളം പള്ളുരുത്തി സ്വദേശിനി ദുബായിലെത്തിയത്. എന്നാല്‍ വിസാ ഏജന്റിന്റെ ചതിയില്‍പ്പെട്ട റസിയക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങളായിരുന്നു. ഒടുവില്‍ തുണയായത് ദുബായിലെ മലയാളി സാമൂഹിക പ്രവര്‍ത്തകരും.

കഴിഞ്ഞ വര്‍ഷം നവംബര്‍ 12നായിരുന്നു റസിയ യുഎഇലെത്തിയത്. നാട്ടുകാരനായ ഒരാള്‍ നല്‍കിയ സന്ദര്‍ശക വിസയില്‍ ഡല്‍ഹിയില്‍ നിന്ന് മറ്റ് 15 സ്ത്രീകളോടൊപ്പം യുഎഇലെത്തിയ റസിയക്ക് ഒരു ഡോക്ടറുടെ വീട്ടില്‍ പ്രതിമാസം 30,000 രൂപ ശമ്പളത്തിന് പാചകക്കാരിയുടെ ജോലിയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. ഇതിനായി 25,000 രൂപ ഏജന്റ് ആവശ്യപ്പെടുകയും ചെയ്തു. 10,000 രൂപ നല്‍കുകയും ബാക്കി ശമ്പളത്തില്‍ നിന്ന് പിടിക്കാനുമായിരുന്നു കരാര്‍.

എന്നാല്‍ ദുബായിലെത്തിയതോടെ 15 പേരെയും പലയിടങ്ങളിലായി കഠിനമായ ജോലികള്‍ ചെയ്യാന്‍ നിയോഗിച്ചു. ഒരു കാലിന് അല്‍പം സ്വാധീനക്കുറവുള്ള റസിയ ഈ ജോലി ചെയ്യാന്‍ വിമുഖത കാണിച്ചെങ്കിലും ഏജന്റ് നിര്‍ബന്ധിച്ച് ചെയ്യിക്കുകയായിരുന്നു. കൂടെ വീട്ടുടമയുടെ പീഡനവും. ഒടുവില്‍ ഒരു വീട്ടില്‍ നിന്ന് ആരുമറിയാതെ റസിയ ഓടി രക്ഷപ്പെടുകയായിരുന്നു. റോഡരികിലൂടെ പോകുന്ന വണ്ടികള്‍ക്കൊക്കെ കൈകാണിക്കുന്ന റസിയയെ കണ്ട ഒരു മലയാളിയാണ് ഇവരെ ഷാര്‍ജയിലെ സുരക്ഷിത കേന്ദ്രത്തില്‍ എത്തിച്ചത്. തുടര്‍ന്ന് ചില സാമൂഹിക പ്രവര്‍ത്തകരെയും ഇയാള്‍ വിവരം ധരിപ്പിച്ചു. ഔട് പാസ് സംഘടിപ്പിച്ച് റസിയയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.

വിവധ ജോലികള്‍ ചെയ്തായിരുന്നു റസിയ മൂന്ന് മക്കളെ വളര്‍ത്തിക്കൊണ്ട് വന്നത്. മൂത്ത മകളുടെ വിവാഹം കഴിഞ്ഞതോടെയുണ്ടായ കടങ്ങള്‍ വീട്ടുന്നതിനായാണ് റസിയ പ്രവാസ ജീവിതം തെരഞ്ഞെടുത്തത്. അവിവാഹിതയായ രണ്ടാമത്തെ മകള്‍ക്ക് 23 വയസുണ്ട്. ഇളയ മകന്‍ വിദ്യാര്‍ഥിയാണ്.

Tags:
Read more about:
EDITORS PICK