പറക്കുന്നതിനിടെ വിമാനത്തിന്റെ കോക്പിറ്റ് വിന്‍ഡോ തകര്‍ന്നു, കോ-പൈലറ്റിന്റെ പകുതിഭാഗം പുറത്തേക്ക്; പിന്നീട് സംഭവിച്ചത്

Jaisha May 16, 2018

പറക്കുന്നതിനിടെ ചൈനീസ് വിമാനത്തിന്റെ കോക്പിറ്റ് വിന്‍ഡോ തകര്‍ന്നു. 119 യാത്രക്കാരുമായി പോയ എയര്‍ബസ് എ319 വിമാനമാണ് അപകടത്തില്‍ പെട്ടത്. അപകടത്തെ തുടര്‍ന്ന് പൊട്ടിയ വിന്‍ഡോയിലൂടെ പകുതിയോളം ഭാഗം പുറത്തേക്ക് പോയ കോ-പൈലറ്റ് രക്ഷപ്പെട്ടത് സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നത് കൊണ്ട്.

സിഷ്വാന്‍ എയര്‍ലൈന്‍സിന്റെ, ബീയ്ജിങില്‍ നിന്നും ടിബറ്റിലേക്ക് പോവുകയായിരുന്ന വിമാനത്തിലായിരുന്നു സംഭവം. 32,000 അടി ഉയരത്തില്‍ പറന്നു കൊണ്ടിരിക്കെ ഭയങ്കര ശബ്ദത്തോട് കൂടി കോക്പിറ്റ് വിന്‍ഡോ തകരുകയായിരുന്നു. ലിയു ഷുവാന്‍ജിയാനായിരുന്നു പ്രധാന പൈലറ്റ്. വിന്‍ഡോ തകര്‍ന്നതോടെ വിമാനത്തിനുള്ളിലെ സമ്മര്‍ദ്ദത്തിലും താപനിലയിലും വ്യത്യാസം വന്നു. ഇത് പരിഹരിക്കുന്നതിനിടയിലായിരുന്നു ലിയു കോ-പൈലറ്റിനെ ശ്രദ്ധിച്ചത്. പൊട്ടിയ വിന്‍ഡോയിലൂടെ പകുതിയോളം ഭാഗം പുറത്ത് പോയ കോ-പൈലറ്റ് സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു.

തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്റ് ചെയ്യാന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വലിയ അപകടത്തില്‍ നിന്നും യാത്രക്കാരെ മുഴുവന്‍ രക്ഷിച്ച പൈലറ്റിനെ തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹമാണ് എത്തുന്നത്. മാത്രമല്ല പൈലറ്റിന് അഭിനന്ദനമറിയിച്ച് സിഷ്വാന്‍ എയര്‍ലൈന്‍സ് പ്രത്യേക സന്ദേശവും പുറത്തിറക്കിയിരുന്നു.

Read more about:
RELATED POSTS
EDITORS PICK