എവിടെയാണു തീയിടേണ്ടത്‌? റവന്യൂ വകുപ്പിനെയും സർക്കാരിനെയും അടച്ചാക്ഷേപിച്ച് ജോയ് മാത്യു

Pavithra Janardhanan May 16, 2018

റവന്യൂ വകുപ്പിനെയും സർക്കാരിനെയും അടച്ചാക്ഷേപിച്ച് ജോയ് മാത്യു. റവന്യൂ വകുപ്പിനാവശ്യമുള്ള സോഫ്റ്റ്‌ വെയർ രൂപകൽപന ചെയ്യാനോ കംപ്യൂട്ടർവൽക്കരിക്കാനോ താൽപ്പര്യം കാണിക്കാത്തത്‌ തങ്ങളുടെ പാർട്ടികളിലുള്ള ഉദ്യോഗസ്‌ഥർക്ക്‌ കൈക്കൂലി വാങ്ങാനുള്ള അവസരം ഇല്ലാതാവും എന്നത്‌ കൊണ്ടാണെന്നു പരിഹാസ രൂപേണ തുറന്നു പറയുകയാണ് ജോയ് മാത്യു.

കഴിഞ്ഞ ദിവസം ആമ്പല്ലൂർ വില്ലേജ്‌ ഓഫീസിലെ രേഖകൾക്ക്‌ പെട്രോൾ ഒഴിച്ച്‌ തീകൊടുത്ത കാഞ്ഞിരമറ്റം ചക്കാലപറബിൽ രവീന്ദ്രൻ എന്ന എഴുപതുകാരനോട് തികഞ്ഞ ബഹുമാനം മാത്രമാണുള്ളതെന്നും ചെബനോട്ടെ കർഷകൻ ജോയിയുടെ കൊലക്ക്‌ ഉത്തരവാദികളായവർക്ക്‌ വെറും സസ്പെൻഷൻ മാത്രം നൽകിയപ്പോൾ ഗതികേട്‌ കൊണ്ട്‌ റിക്കോർഡുകൾക്ക്‌ തീയിട്ട എഴുപതുകാരൻ വൃദ്ധനു ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം അറസ്റ്റും തടവും നല്കിയതിലെ വിരോധാഭാസവും ജോയ് മാത്യു തുറന്നെഴുതുന്നു.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ചുവടെ:

എനിക്ക്‌
ബഹുമാനം തോന്നിയ ഈ എഴുപതു
കാരന്റെ പേരാണു കാഞ്ഞിരമറ്റം ചക്കാലപറബിൽ രവീന്ദ്രൻ.
കഴിഞ്ഞ ദിവസം ആമ്പല്ലൂർ വില്ലേജ്‌ ഓഫീസിലെ രേഖകൾക്ക്‌ പെട്രോൾ ഒഴിച്ച്‌ തീകൊടുത്തയാൾ-
താൻ കരമടച്ച്‌ കൈവശം വെച്ചുകൊണ്ടിരിക്കുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്തുവാൻ അപേക്ഷയുമായി
വില്ലേജ്‌ ഓഫീസിൽ വർഷങ്ങളോളം കയറിയിറങ്ങി ചെരുപ്പ്‌ തേഞ്ഞുപോയ ഹതഭാഗ്യൻ- സഹികെട്ട്‌ ഇദ്ദേഹം വില്ലേജ്‌ ആപ്പീസിലെ റിക്കോർഡുകൾക്ക്‌ തീയിട്ടു-
മാസങ്ങൾക്ക്‌ മുബ്‌ കോഴിക്കോട്‌ ചക്കിട്ടപ്പാറ ചെബനോട്‌ കാവിൽ പുരയിടത്തിൽ ജോയി എന്ന കർഷകൻ വില്ലേജ്‌ ഓഫീസിനു മുന്നിൽ
കെട്ടിതൂങ്ങി ജീവനൊടുക്കി-
കേരളത്തിൽ അഴിമതിക്കേസുകളിൽ ഏറ്റവുമധികം അകപ്പെടുന്നത്‌ റവന്യൂ വകുപ്പിലുള്ളവരാണെന്ന് കണക്കുകൾ പറയുന്നു.
ഒരു ബാങ്ക്‌ വായ്പലഭിക്കണമെങ്കിൽ, സ്വന്തം ഭൂമി വിൽക്കണമെങ്കിൽ അവശ്യം വേണ്ടതായ കുടിക്കടം, സ്കെച്ച്‌, അടിയാധാരം തുടങ്ങിയ രേഖകൾ ലഭിക്കാൻ ആർക്കൊക്കെ എവിടെയൊക്കെ കൈക്കൂലി കൊടുക്കണം എന്ന് എല്ലാവർക്കുമറിയാം-
ഇതിനു വേണ്ടി ചെരുപ്പ്‌തേയും വരെ നടക്കുന്ന സാധാരണക്കാരൻ
റിക്കോർഡുകളല്ല ആപ്പീസ്‌ ഒന്നടങ്കം
തീയിട്ടാലും അത്ഭുതപ്പെടാനില്ല-
സ്റ്റാർട്ട്‌ അപ്പുകൾക്ക്‌ പ്രോൽസാഹനം നടത്തുന്ന ഗവർമ്മെന്റ്‌ എന്ത് കൊണ്ടാണു
നമ്മുടെ റവന്യൂ വകുപ്പിനാവശ്യമുള്ള സോഫ്റ്റ്‌ വെയർ രൂപകൽപന ചെയ്യാനോ
‌കബ്യൂട്ടർവൽക്കരിക്കാനോ താൽപ്പര്യം കാണിക്കാത്തത്‌ എന്ന് ചോദിച്ചാൽ ഉത്തരം ലളിതം- തങ്ങളുടെ പാർട്ടികളിലുള്ള ഉദ്യോഗസ്‌ഥർക്ക്‌
കൈക്കൂലി വാങ്ങാനുള്ള അവസരം ഇല്ലാതാവും എന്നത്‌ തന്നെ-( കൈക്കൂലി വാങ്ങാത്ത നിരവധി നല്ലവരായ ഉദ്യോഗസ്‌ഥരെ മറന്നുകൊണ്ടല്ല പറയുന്നത്‌)
ചെബനോട്ടെ കർഷകൻ ജോയിയുടെ കൊലക്ക്‌ ഉത്തരവാദികളായവർക്ക്‌
വെറും സസ്പെൻഷൻ, ഗതികേട്‌ കൊണ്ട്‌ റിക്കോർഡുകൾക്ക്‌ തീയിട്ട എഴുപതുകാരൻ വൃദ്ധനു
ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം അറസ്റ്റും തടവും-
എവിടെയാണു തീയിടേണ്ടത്‌?

Read more about:
EDITORS PICK