ചിരിക്കണോ ഭയക്കണോ?കളമശ്ശേരിയിലെ ആ വീട്ടിൽ നടന്ന അസ്വാഭാവിക സംഭവങ്ങൾ മണിച്ചിത്രത്താഴ് സിനിമയുടേതിന് സമാനം!

Pavithra Janardhanan May 16, 2018

സ്വന്തം വീട്ടിൽ നടന്ന അസ്വാഭാവിക സംഭവങ്ങൾക്ക് ഉത്തരമില്ലാതെ ചിരിക്കണോ ഭയക്കണോ എന്നറിയാതെ ആശയ കുഴപ്പത്തിലായിരിക്കുകയാണ് ഒരു കുടുംബം. കൊച്ചി കളമശ്ശേരിയിൽ വട്ടേക്കുന്നത്ത് ഒരു വീട്ടിലാണ് മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് എന്ന സിനിമയുടേതിന് സമാനമായ സംഭവം നടന്നത്. വീട്ടുകാർ വീടിനകത്തുള്ളപ്പോഴാണ് സംഭവങ്ങൾ നടന്നത്.

മൊബൈലിന്റെ അഡാപ്റ്ററും പിന്നീടു മൊബൈൽ ഫോണും കാണാതായ തോടെയാണ് സംഭവങ്ങൾക്ക് തുടക്കമാകുന്നത്. ദിവസങ്ങൾക്കകം വീട്ടുവളപ്പിൽ നിന്ന് ഇവ രണ്ടും തിരികെക്കിട്ടിയപ്പോൾ ഫോണിൽ സിംകാർഡില്ല, എന്നാൽ തൊട്ടടുത്ത ദിവസം തന്നെ മതിലിനു മുകളിൽ നിന്ന് സിംകാർഡും അതിനടി യിൽ വെച്ചിരുന്ന കുറിപ്പും കിട്ടി. അമ്പതു ലക്ഷം രൂപ തന്നില്ലെങ്കിൽ മകളെ തട്ടിക്കൊണ്ടുപോകുമെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.ഒടുവിൽ വീട്ടമ്മ പോലീസിൽ പരാതി നല്കാൻ തീരുമാനിച്ചു.

വീടിനടുത്ത് താമസിക്കുന്ന പോലീസുകാരന്റെ സഹായത്തോടെ പരാതി നൽകിയെങ്കിലും പിറ്റേ ദിവസം സംഭവിച്ചത് മറ്റന്നായിരുന്നു.വീട്ടിലെത്തിയ പോലീസുകാർ മുറിയിൽ മറ്റൊരു കുറിപ്പും കണ്ടെത്തി.കേസന്വേഷിക്കുവാൻ വന്ന പോലീസുകാർ തന്റെ പരിചയക്കാരനാണെന്നും ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നുമാണ് ആ കുറിപ്പിൽ എഴുതിയിരുന്നത്.


പോലീസ് പോയതിനു ശേഷവും ഭീഷണിച്ചുവയുള്ള നിരവധി കത്തുകൾ ലഭിച്ചു. എഴുതാനുപയോഗിച്ചിട്ടുള്ള കടലാസ് വീട്ടിലെ തന്നെ കുട്ടിയുടെ ബുക്കിൽ നിന്നു വലിച്ചുകീറിയെടുത്തവ. മാത്രമല്ല പിന്നീട് നടന്ന സംഭവങ്ങൾ അത്യന്തം അപകടം നിറഞ്ഞതായിരുന്നു. വൈകിട്ടു കുടുംബാംഗങ്ങൾ വീടിനകത്തുള്ളപ്പോൾ തന്നെ അടുക്കളയിലെ പാചകവാതകം തുറന്നുവിട്ടു. ഇതിനുശേഷം കിടപ്പുമുറിയിൽ അടച്ചിട്ടിരുന്ന അലമാരയിൽ വസ്ത്രങ്ങൾക്കു തീപിടിച്ചു.

അലമാരയിൽ നിന്നു തീക്കട്ട കണ്ടെടുത്തു. അതോടെ വസ്ത്രങ്ങളിലേക്കു തീപടരാതിരിക്കാൻ അലമാരയിൽ നിന്നു വസ്ത്രങ്ങൾ വാരി പുറത്തിട്ടു വീട്ടുകാർ വെള്ളമൊഴിച്ചു തീകെടുത്തി. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന കുടുംബത്തിനൊപ്പം നാട്ടുകാരും ചേർന്നു. തുടർന്ന് അവർ വീടിനു കാവൽ നിൽക്കുവാൻ തീരുമാനിച്ചു. നാട്ടുകാർ കാവൽ നിന്നതോടെ പിന്നീടു ശല്യമുണ്ടായില്ല. മകൻ വിദേശത്തായ മാതാപിതാക്കളും മകന്റെ ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിലാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്.

Read more about:
EDITORS PICK