രാജസ്ഥാന്‍ ഔട്ട് കൊല്‍ക്കത്ത ഇന്‍! രാജസ്ഥാനെ തകര്‍ത്ത് കൊല്‍ക്കത്ത പ്ലേ ഓഫ് ഉറപ്പിച്ചു

Web Desk May 16, 2018

ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു 6 വിക്കറ്റ് ജയം. രാജസ്ഥാന്റെ 142 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത രണ്ടോവര്‍ ബാക്കിനില്‍ക്കെ മറികടന്നു.

ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ ബൗളിംഗ് പ്രകടനത്തിനുമുന്നില്‍ പകച്ചുനിന്നു. നാലുവിക്കറ്റെടുത്ത കുല്‍ദീപിന്റെ മികവില്‍ കൊല്‍ക്കത്ത രാജസ്ഥാനെ 19 ഓവറില്‍ 142 റണ്‍സിന് പുറത്താക്കി.

മികച്ച തുടക്കം ലഭിച്ച ശേഷമായിരുന്നു രാജസ്ഥാന്റെ തകര്‍ച്ച. 27 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയും 39 റണ്‍സെടുത്ത ജോസ് ബട്ലറും രാജസ്ഥാന് കണ്ണഞ്ചിപ്പിക്കുന്ന തുടക്കം നല്‍കി. എന്നാല്‍ തുടര്‍ച്ചയായി അര്‍ധസെഞ്ച്വറി കുറിക്കുന്ന ബട്ലറെ കുല്‍ദീപ് പുറത്താക്കിയതോടെ രാജസ്ഥാന്റെ തകര്‍ച്ച ആരംഭിച്ചു. പിന്നാലെ എത്തിയവരില്‍ ഉനദ്കടാണ് രാജസ്ഥാന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. മലയാളി താരം സഞ്ജു 12 റണ്‍സെടുത്ത് പുറത്തായി.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് സുനില്‍ നരെയ്നും ക്രിസ് ലിനും മികച്ച തുടക്കം നല്‍കി. ലിന്‍ 45 റണ്‍സും നരെയ്ന്‍ 21 റണ്‍സെടുത്തു. പിന്നാലെയെത്തിയ റോബിന്‍ ഉത്തപ്പയും വേഗം പുറത്തായെങ്കിലും 31 പന്തില്‍ 45 റണ്‍സെടുത്ത നായകന്‍ ദിനേഷ് കാര്‍ത്തിക് ടീമിനെ വിജയത്തിലെത്തിച്ചു.

Read more about:
EDITORS PICK