അഭയം തേടി കൊച്ചിയിലേക്ക്! കോണ്‍ഗ്രസ് ജെ.ഡി.എസ് എം.എല്‍.എമാരെ കൊച്ചിയിലേക്ക് മാറ്റാന്‍ നീക്കം

Web Desk May 17, 2018

കര്‍ണാടകയില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ ബി.ജെ.പിയുടെ കുതിരക്കച്ചവടം തടയാന്‍ കോണ്‍ണ്‍ഗ്രസ് ജെ.ഡി.എസ് എംഎല്‍എമാരെ കൊച്ചിയിലേക്ക് മാറ്റാന്‍ നീക്കം. ഇതിനായി ഇരുപാര്‍ട്ടികളും ചാര്‍ട്ടേഡ് വിമാനങ്ങളും ഏര്‍പ്പാടാക്കി.

എം.എല്‍.എമാരെ രാത്രിയോടെ കേരളത്തിലെത്തിച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന. സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടിക്കെതിരെ വെള്ളിയാഴ്ച രാജ്യവ്യാപകമായി ധര്‍ണ നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

യെദ്യൂരപ്പ അധികാരമെറ്റതിനു പിന്നാലെ കോണ്‍ഗ്രസ് ജെ.ഡി.എസ് എംഎല്‍എമാര്‍ താമസിച്ചിരുന്ന റിസോര്‍ട്ടിനുള്ള സുരക്ഷ പിന്‍വലിച്ചിരുന്നു. അതിനിടെ കര്‍ണാടകയില്‍ നാലു ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കു സ്ഥലം മാറ്റം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവും പുറത്തിറങ്ങി.

ബാംഗ്ലൂര്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ അമര്‍ കുമാര്‍ പാണ്ഡെയെ ബാംഗ്ലൂര്‍ ഇന്റലിജന്‍സിലേക്കാണു മാറ്റിയത്. കെ.എസ്.ആര്‍.പി ഡി.ഐ.ജി സന്ദീപ് പാട്ടീലിനും ഇന്റലിജന്‍സിലേക്കാണു മാറ്റം. ബിദാര്‍ ജില്ല എസ്.പി ഡി. ദേവരാജയെ ബംഗലുരു സെന്‍ട്രല്‍ ഡിവിഷന്‍ ഡി.സി.പിയായും എസ്. ഗിരീഷിനെ ബംഗലുരു നോര്‍ത്ത് ഈസ്റ്റ് ഡിവിഷന്‍ ഡി.സി.പിയായും നിയമിച്ചു.

അതേസമയം ഗോവ, മേഘാലയ, മണിപ്പൂര്‍, ബീഹാര്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ഗവര്‍ണറെ കാണാന്‍ സമയം ചോദിച്ചിട്ടുണ്ട്.

Read more about:
RELATED POSTS
EDITORS PICK