ജാനകിയമ്മയുടെ പത്തു വര്‍ഷത്തെ കാത്തിരിപ്പിന്റെ ഫലം, മകന്‍ തിരിച്ചെത്തി

Web Desk May 17, 2018

മാതൃസ്‌നേഹത്തിന്റെ അര്‍ത്ഥത്തിനും വ്യാപ്തിക്കും തലസ്ഥാന നഗരി ഒരിക്കല്‍കൂടി സാക്ഷിയായി. പത്തുവര്‍ഷംമുമ്പ് നഷ്ടപ്പെട്ട മകനെ അമ്മയുടെ പ്രാര്‍ത്ഥനയും കാത്തിരിപ്പും കൊണ്ട് തിരികെ കിട്ടി. മകനെത്തേടി തിരുവനന്തപുരത്ത് അലഞ്ഞു തിരിഞ്ഞ കൊയിലാണ്ടി സ്വദേശിനിയായ ജാനകിയമ്മയുടെ കഥ മാധ്യമങ്ങള്‍ പുറത്തു വിട്ടതോടെയാണ് അമ്മയുടെ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് മകന്‍ ഷാജികുമാര്‍ തിരികെയെത്തിയത്.

പത്തുവര്‍ഷങ്ങള്‍ക്കു ശേഷം ജാനകിയമ്മ മകനെ കണ്‍നിറയെ കണ്ടു. ഷാജികുമാര്‍ അമ്മയെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു. അമ്മയുടെ സ്വപ്‌ന സാക്ഷാത്കാരത്തിനു സാക്ഷിയായവരുടെയെല്ലാം കണ്ണും മനസും നിറഞ്ഞു. തലസ്ഥാനത്തെ ബേക്കറി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ മാധ്യമവാര്‍ത്തകള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തതോടെയാണ് തിരുവല്ലത്ത് ബേക്കറിയില്‍ ജോലിചെയ്യുന്ന ഷാജികുമാര്‍ അമ്മയെത്തേടിയെത്തിയത്.

ആരോഗ്യമന്ത്രി കെ.കെ ശൈലജയും കൂടിച്ചേരലിനു ചുക്കാന്‍ പിടിച്ച സാമൂഹ്യസുരക്ഷാ മിഷന്‍ ഡയറക്ടര്‍ ഡോ മുഹമ്മദ് അഷീലും സന്തോഷമുഹൂര്‍ത്തത്തിന് സാക്ഷികളായി.

മാധ്യമവാര്‍ത്തകള്‍ കണ്ട് ഉടനടി ഇടപെട്ട മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയും ഇരുവരും നന്ദി പറഞ്ഞു. പത്തു വര്‍ഷം കൊടുക്കാന്‍ കഴിയാതിരുന്ന സ്‌നേഹവും സുരക്ഷയും ഇരട്ടിയായി നല്‍കുമെന്ന് ഉറപ്പു പറഞ്ഞാണ് ഷാജികുമാര്‍ അമ്മയെക്കൂട്ടി വീട്ടിലേക്ക് മടങ്ങിയത്.

Read more about:
EDITORS PICK