സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സ്റ്റെന്റ് വിതരണം നിര്‍ത്തുന്നു; 18 കോടി രൂപയുടെ കുടിശിക അടക്കാത്തതിനാല്‍ നിലവിലെ സ്റ്റോക്ക് പിടിച്ചെടുക്കാനും കമ്പനികളുടെ നീക്കം

Web Desk May 17, 2018

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഹൃദയ ശസ്ത്രക്രിയയുടെ ആവശ്യ ഘടകമായ സ്റ്റെന്റ് വിതരണം അവതാളത്തില്‍. സ്റ്റെന്റ് വിതരണത്തിന്റെ കരാറു കമ്പനികള്‍ക്ക് 18 കോടി രൂപയുടെ കടം വരുത്തിയതിനാലാണ് സ്റ്റെന്റ് വിതരണം തകിടം മറിയാന്‍ കാരണം. മെഡിക്കല്‍ കോളേജുകളിലെക്ക് വിതരണം ചെയ്ത സ്റ്റോക്ക് പിടിച്ചെടുക്കാന്‍ ചേംബര്‍ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫ് മെഡിക്കല്‍ ഇംപ്ലാന്റ്‌സ് ആന്‍ഡ് ഡിസ്‌പോസിബിള്‍സ് (സിഡിഎംഐഡി) എന്ന സംഘടന തിരുവനന്തപുരം മെഡിക്കല്‍കോളേജ് പൊലീസിന്റെ സഹായം തേടി.

2017 ഡിസംബര്‍ 31വരെയുള്ള സ്റ്റെന്റ് വിതരണത്തിലാണ് 18 കോടി രൂപയുടെ കുടിശിക വരുത്തിയതെന്ന് സിഡിഎംഐഡി സെക്രട്ടറി പി.കെ. നിധീഷ് പറഞ്ഞു. പലവട്ടം സര്‍ക്കാരിനോടും മെഡിക്കല്‍കോളേജ് അധികൃതരോടും ആവശ്യപ്പെട്ടിട്ടും പണം തരാന്‍ തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് സഹായം തേടി ബാക്കിയിരിക്കുന്ന സ്റ്റോക്ക് പിടിച്ചെടുക്കാനുള്ള കടുത്ത നീക്കത്തിലേക്ക് കമ്പനികള്‍ കടക്കുന്നത്. ഡിഎംഇ, ഹെല്‍ത്ത് സെക്രട്ടറി, ആരോഗ്യവകുപ്പ് മന്ത്രി തുടങ്ങിയവരുമായി ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കുടിശിക തന്നുതീര്‍ക്കാനുള്ള ബാധ്യത അതത് മെഡിക്കല്‍ കോളേജുകളുടേതാണെന്നാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട്.

സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് സ്റ്റെന്റ് ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയാ ഉപകരണങ്ങളും മറ്റു സാമഗ്രികളും വിതരണം ചെയ്യുന്ന 20ഓളം കമ്പനികളുണ്ട്. ഉത്പാദകരില്‍ നിന്നും നേരിട്ട് വാങ്ങി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് നല്‍കുകയാണ് പതിവ്. മെഡിക്കല്‍കോളേജ് അധികൃതര്‍ കൃത്യസമയത്ത് പണം നല്‍കാത്തതു മൂലം വിതരണക്കാര്‍ കടുത്ത സാമ്പത്തിക ബാധ്യതയിലാണ്. പല കമ്പനികളും പൂട്ടേണ്ട അവസ്ഥയിലാണെന്നും നിധീഷ് പറയുന്നു.

നിലവില്‍ 20 ദിവസം ശസ്ത്രക്രിയ നടത്താനുള്ള സ്റ്റോക്ക് മാത്രമാണ് മെഡിക്കല്‍കോളേജുകളില്‍ ഉള്ളത്. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട സര്‍ക്കാര്‍ മെഡിക്കല്‍കോളേജുകളില്‍ ഹൃദയ ശസ്ത്രക്രിയ പൂര്‍ണമായും നിലക്കും. സ്റ്റെന്റ് കമ്പനികള്‍ക്ക് പണം നല്‍കാനുള്ള കാര്യം സര്‍ക്കാരിനെയും ആരോഗ്യമന്ത്രിയെയും അറിയിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടികള്‍ ഒന്നും തന്നെ ഉണ്ടാകുന്നില്ല. പൊലീസിനെ ഉപയോഗിച്ച് സ്റ്റോക്ക് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് കൂടുതല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. പരാതി കിട്ടിയിട്ടുണ്ടെങ്കിലും അതിന്‍മേല്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് മെഡിക്കല്‍കോളേജ് എസ്‌ഐ ബിനുലാല്‍ പറഞ്ഞു.

Read more about:
EDITORS PICK