പ്രേതത്തെ കണ്ട യാത്രയെക്കുറിച്ച് വീണ നായർ

Pavithra Janardhanan May 17, 2018

മിനിസ്‌ക്രീനിലൂടെ വന്ന് ബിഗ് സ്‌ക്രീനില്‍ തന്റേതായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷക മനസ്സ് കീഴടക്കിയ ഹാസ്യ നായികയാണ് വീണ നായർ. സിനിമയും സീരിയലും അഭിനയുമൊക്കെയായി വീണ ഇപ്പോൾ തിരക്കിലാണെങ്കിലും തന്റെ സ്വകാര്യ ഇഷ്ടം എന്നും യാത്രകളോടാണെന്നാണ് വീണ പറയുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വീണ തന്റെ യാത്ര അനുഭവങ്ങൾ പങ്കുവെച്ചത്.

ഒരിക്കൽ ഭർത്താവും സുഹൃത്തുക്കളുമായി നടത്തിയ ദുബായ് യാത്രയുടെ മധുരം നിറഞ്ഞ ഓർമ്മകളാണ് വീണ ആദ്യം പങ്കുവെച്ചത്.ദുബായ് യാത്രയിലേറ്റവും കൂടുതലിഷ്ടപ്പെട്ടത് പ്രണയത്തെ താഴിട്ടു ബന്ധിച്ച പ്രോമിസിങ് ബ്രിഡ്‌ജായിരുന്നുവത്രേ.

‘പ്രണയിക്കുന്ന ആളുടെ പേരെഴുതി താഴിട്ടു പൂട്ടി, തടാകത്തിലേക്ക് താക്കോൽ വലിച്ചെറിഞ്ഞു കളഞ്ഞാൽ ആ പ്രണയം എന്നും ഭദ്രമായിരിക്കുമെന്നാണ് വിശ്വാസം. ഭർത്താവിനും ഏറ്റവുമടുത്ത സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ആ യാത്ര, യാത്രയിലെ ഏറ്റവും രസകരമായ കാര്യം, താഴും താക്കോലും എടുക്കാൻ മറന്നതായിരുന്നു. ആ താഴിന്റെ പേരിൽ പ്രണയം നിറഞ്ഞു നിൽക്കുന്ന അവിടെവെച്ചു വഴക്കുണ്ടാക്കിയ ആദ്യ ദമ്പതികൾ ഞാനും കണ്ണേട്ടനുമായിരിക്കും’ വീണ പറഞ്ഞു.

എന്നാൽ യാത്രക്കിടയിൽ സംഭവിച്ച രസകരവും അൽപ്പം ഭീതി ഉണർത്തുന്നതുമായ സംഭവത്തെക്കുറിച്ചും വീണ പറയുകയുണ്ടായി.രണ്ടു മലകൾക്കിടയിൽ നിന്നും സൂര്യൻ ഉദിച്ചുയരുന്ന കാഴ്ച!  വളരെ മനോഹരമായ ഈ ദൃശ്യം കാണാനായി ഞങ്ങൾ ജെബേൽ അൽ-ജയ്‌സ് എന്ന സ്ഥലത്തേക്ക് പോയി. അവിടെ വെച്ച് ഞങ്ങൾക്കൊരു അനുഭവമുണ്ടായി. രാത്രിയിൽ ഒട്ടും വെളിച്ചമില്ലാത്ത സ്ഥലമാണത്.

നമ്മുടെ കൈയിലുള്ള വെളിച്ചം മാത്രമാണ് ഏക ആശ്രയം. അവിടെ മലനിരകൾക്കുതാഴെ വലിയ കൊക്ക പോലെയുള്ള ഒരു ഭാഗമുണ്ട്. എന്റെ ഒരു കസിൻ അവിടെ ഒരു വെളുത്തരൂപത്തെ കണ്ടു ഭയന്ന് താഴെ വീണു. ചെറിയ പരിക്കുകൾ പറ്റി. പിറ്റേന്ന് യാത്ര അവസാനിച്ചത് ആശുപത്രിയിലായിരുന്നു’ വീണ പറഞ്ഞു.

എന്നാൽ  കുടുംബത്തോടൊപ്പമുള്ള യാത്രകളാണ് വീണക്ക് ഏറെ പ്രിയങ്കരം. ഷോ യുടെ ഭാഗമായി നിരവധി സ്ഥലങ്ങള്‍ സന്ദർശിച്ചിട്ടുണ്ടെങ്കിലും കുടുംബമൊന്നിച്ചുള്ള യാത്രയുടെ സുഖം ഒന്ന് വേറെ തന്നെയാണെന്നാണ് വീണ പറയുന്നത്.

ഷോയുടെ ഭാഗമായി പലതവണ അമേരിക്കയിൽ പോയിട്ടുണ്ട്. എന്നാൽ ഒരിക്കൽ ഭർത്താവുമൊത്ത് അമേരിക്കയിൽ പോകണമെന്നാണ് വീണയുടെ ആഗ്രഹം.

Tags:
Read more about:
EDITORS PICK