അവന്‍ വന്നപ്പോള്‍ ജനം കൗതുകത്തോടെ വരവേറ്റു; പക്ഷെ എന്തിനു വന്നു എന്നറിഞ്ഞപ്പോള്‍ കൗതുകം നിറഞ്ഞ കണ്ണുകളെല്ലാം ഈറനണിഞ്ഞു

Web Desk May 17, 2018

ചിന്നക്കനാലില്‍ കഴിഞ്ഞ ദിവസം കാടിറങ്ങി നാട്ടിലെത്തിയ കാട്ടാനക്കുട്ടി ഏവര്‍ക്കും കൗതുമായിരുന്നു. കടുത്ത വേനല്‍ ചൂടിന് ആശ്വാസമായി പെയ്ത വേനല്‍ മഴ നനഞ്ഞ് ടൗണിലെത്തിയ കുട്ടിക്കൊമ്പനെ നാട്ടുകാര്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. പാഞ്ഞടുത്ത ഓട്ടോറിക്ഷയെ കണ്ട് മറ്റൊരു ആനയെന്ന മട്ടില്‍ മുട്ടി ഉരുമ്മി നിന്ന കുട്ടിക്കൊമ്പന്‍ പിന്നീട് നാട്ടുകാര്‍ക്കിടയിലും ഓടി നടന്നു. വൈകാതെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തി കുട്ടികൊമ്പനെ താല്‍ക്കാലികമായി നിര്‍മ്മിച്ച കൂട്ടിലേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍ അവന്‍ എങ്ങനെ, എന്തിനു ഇവിടെ എത്തി എന്നാരും അന്വേഷിച്ചില്ല. അവന്റെ മുഖത്തെ കുട്ടിത്തം മാറാത്ത കൊണ്ടാവണം ആര്‍ക്കും അത് തിരിച്ചറിയാതെ പോയത്. എന്നാല്‍ ഇന്നാണ് അവന്‍ എന്തിനു എങ്ങനെ ഇവിടെ എത്തി എന്ന ചോദ്യത്തിനു പലര്‍ക്കും ഉത്തരം കിട്ടിയത്.

സ്വന്തം അമ്മയുടെ മരണമായിരുന്നു അവനെ നാട്ടുകാര്‍ക്ക് മുന്നിലെത്തിച്ചത്. അമ്മ ഇനി അവനെ തേടി വരില്ലെന്നു തിരിച്ചറിയാനുള്ള പ്രായം ആകാത്ത കൊണ്ടാവണം മുന്നില്‍ കണ്ട ഓട്ടോറിക്ഷ അവന്റെ അമ്മയാണെന്ന് തെറ്റിദ്ധരിച്ച് അവന്‍ ചെര്‍ന്ന് നിന്നത്. അവന്റെ പെരുമാറ്റത്തില്‍ ഉണ്ടായിരുന്നത് കുസൃതി ആയിരുന്നില്ല, അവന്റെ അന്നത്തിനുള്ള വഴിയും അവനെ മുന്നോട്ട് നയിക്കാനുള്ള തുണയും നഷ്ടമായതിന്റെ വേദനയായിരുന്നു ആ കുഞ്ഞ് നാട്ടുകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്.

ഇന്നാണ് ചിന്നക്കനാലിലെ വനത്തിനുള്ളില്‍ നിന്നും ദിവസങ്ങള്‍ പഴക്കമുള്ള കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ഇത് ഇന്നലെ നാട്ടിലിറങ്ങിയ കുട്ടിക്കൊമ്പന്റെ അമ്മയാണെന്ന് വനം വകുപ്പ് അധികൃതര്‍ തിരിച്ചറിഞ്ഞു. ആനയുടെ ജഡത്തിനു നാല് ദിവസത്തോളം പഴക്കമുണ്ടെന്നാണ് സൂചന.

അതിനാല്‍ തന്നെ നാല് ദിവസത്തെ പട്ടിണിയാണ് അവനെ തങ്ങള്‍ക്കു മുന്നിലെത്തിച്ചത് എന്ന് ചിന്നക്കനാലുകാര്‍ നീറുന്ന മനസോടെ ഓര്‍ക്കുന്നു. കുട്ടിക്കൊമ്പന്‍ ഇപ്പോള്‍ വനം വകുപ്പിന്റെ സംരക്ഷണത്തിലാണ്. വൈകാതെ തന്നെ ആനക്കൊട്ടിലിലേക്ക് മാറ്റും.

Read more about:
RELATED POSTS
EDITORS PICK