കാട്ടുപോത്തിനെ ചുംബിക്കുന്ന പുള്ളിപ്പുലി; വിചിത്ര ചിത്രത്തിന് പിന്നിലെ കാരണവും വിചിത്രമാണ്

Jaisha May 18, 2018

മനുഷ്യ ലോകത്തെ വിചിത്ര ചിത്രം എന്ന പേരിലാണ് നാഷ്ണല്‍ ജിയോഗ്രഫി ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ഈ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലായത്. പേര് പോലെ തന്നെ വിചിത്രം തന്നെയാണ് ഈ ചിത്രം. മരക്കൊമ്പിലിരിക്കുന്ന പുള്ളിപ്പുലി താഴെ നില്‍ക്കുന്ന കാട്ടുപോത്തിനെ ചുംബിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ സാബി സാന്‍ഡ് ഗെയിം റിസര്‍വില്‍ നിന്നാണ് ഈ ചിത്രം പകര്‍ത്തിയത്.

ചിത്രം വൈറലായതോടെ ഇതെങ്ങനെ സംഭവിച്ചു എന്ന ചോദ്യവുമായി ആളുകള്‍ രംഗത്തെത്തി. വിചിത്ര ചിത്രത്തിന് പിന്നിലെ കഥയും അല്‍പം വിചിത്രം തന്നെയാണെന്നാണ് ഫോട്ടോഗ്രാഫര്‍ പറയുന്നത്. വിശന്ന് വലഞ്ഞ പുള്ളിപ്പുലി ഒരു കാട്ടുപോത്തിന്‍ കുട്ടിയെ വേട്ടയാടാന്‍ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍ പുലിയുടെ ഉദ്ദേശം പ്രതീക്ഷിച്ച പോലെ നടന്നില്ല. തങ്ങളുടെ കൂട്ടത്തിലെ കുട്ടിയെ ഭക്ഷണമാക്കാന്‍ വന്ന പുലിയെ പോത്തിന്‍ കൂട്ടം ഓടിച്ച് മരത്തില്‍ കയറ്റി. രക്ഷപ്പെടാതിരിക്കാന്‍ അതിന് ചുറ്റും കാവലും നിന്നു.

മരക്കൊമ്പിലുരുന്ന് പോത്തുകളെ വിരട്ടാന്‍ പുലി ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ഇതിനിടയിലാണ് ഫോട്ടോയില്‍ കണ്ട സംഭവമുണ്ടായത്. പരസ്പരം അറിയാനുള്ള ശ്രമമെന്ന പോലെയാണ് പുലിയും പോത്തിന്‍ കൂട്ടത്തിലെ ഒരു കാട്ടുപോത്തും മുഖം അടുപ്പിച്ചത്. സമയം കളയാതെ ഫോട്ടോഗ്രാഫര്‍ അത് ക്യാമറയിലാക്കുകയും ചെയ്തു. ബെനറ്റ് മാത്തോന്‍സി എന്ന ഫോട്ടോഗ്രാഫറാണ് ചിത്രമെടുത്തത്. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രം പെട്ടെന്നു തന്നെ ആളുകള്‍ ഏറ്റെടുക്കുകയായിരുന്നു.

 

Tags: ,
Read more about:
RELATED POSTS
EDITORS PICK
SPONSORED