സൂര്യതാപത്തില്‍ എരിഞ്ഞൊടുങ്ങി കൊല്‍ക്കത്ത! 13 റണ്‍സ് വിജയവുമായി സണ്‍റൈസേഴ്‌സ് ഐ.പി.എല്‍ 11ാം സീസണ്‍ ഫൈനലിലേക്ക്‌

Web Desk May 25, 2018

കൊല്‍ക്കത്തയെ തകര്‍ത്ത് ഐ.പി.എല്‍ പതിനൊന്നാം സീസണിലേക്ക് ചുവട് വെച്ച് സണ്‍റൈസേഴ്‌സ്. ഹൈദരാബാദ് ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ കൊല്‍കത്തയുടെ ഇന്നിങ്‌സ് നിശ്ചിത ഓവറില്‍ 161 റണ്‍സില്‍ അവസാനിച്ചു. 13 റണ്‍സിനാണ് ഹൈദരാബാദിന്റെ വിജയം.

കൊല്‍ക്കത്തക്കു വേണ്ടി ശുഭ്മാന്‍ ഗില്ല് 20 പന്തില്‍ 30 റണ്‍സ് നേടി അവസാനം വരെ പൊരുതിയെങ്കിലും ജയത്തിലേക്കെത്താന്‍ കഴിഞ്ഞില്ല. ക്രിസ് ലിന്ന് 31 പന്തില്‍ 48 റണ്‍സും സുനില്‍ നരെയ്ന്‍ 13 പന്തില്‍ 26 റണ്‍സും നിതീഷ് റാണ 22 റണ്‍സും നേടി.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുക്കുകയായിരുന്നു. ഓപ്പണറായെത്തിയ വൃദ്ധിമാന്‍ സാഹ (27 പന്തില്‍ 35), ശിഖര്‍ ധവാന്‍ (24 പന്തില്‍ 34) എന്നിവരാണ് ഹൈദരാബാദ് നിരയില്‍ തിളങ്ങിയത്. ഇരുവരും പുറത്തായശേഷം അവസാന ഓവറുകളില്‍ 10 പന്തില്‍ നിന്നും രണ്ടു ബൗണ്ടറിയും നാലു സിക്‌സും ഉള്‍പ്പെടെ 34 റണ്‍സെടുത്ത റാഷിദ് ഖാന്റെ പ്രകടനമാണ് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്.

കൊല്‍ക്കത്തയ്ക്കായി കുല്‍ദീപ് യാദവ് നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. സുനില്‍ നരെയ്ന്‍ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങിയും പിയുഷ് ചാവ്ല മൂന്ന് ഓവറില്‍ 22 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

ഞയറാഴ്ച നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് സണ്‍റൈസേഴ്‌സിന്റെ എതിരാളി. ഇതിനു മുമ്പത്തെ മത്സരത്തില്‍ ജയം ചെന്നൈയക്ക് ഒപ്പമായിരുന്നു.

Read more about:
EDITORS PICK
SPONSORED