ചെന്നൈ താരങ്ങളുടെ സെല്‍ഫിയില്‍ കുമ്മനടിച്ച് ഋഷഭ് പന്ത്‌

Web Desk May 28, 2018

ക്രിക്കറ്റ് ആരാധകര്‍ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഒരു ഐ.പി.എല്‍ സീസണാണ് കടന്നു പോയത്. 11 ാം സീസണ്‍ ഐ.പി.എല്ലിനെക്കുറിച്ച് പറയാന്‍ അത്ര തന്നെ ഉണ്ട്. വാളെടുത്തവര്‍ എല്ലാം വെളിച്ചപ്പാടായി എന്ന ചൊല്ല് അന്വേര്‍ത്ഥമാക്കുന്ന രീതിയായിലായിരുന്നു ഇന്ത്യന്‍ യുവ നിരയുടെ ഐ.പി.എല്ലിലെ പ്രകടനം. സഞ്ജു സാംസണ്‍, ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിങ്ങനെ എല്ലാവരും തങ്ങളുടെ കടമ ഭംഗിയായി നിറവേറ്റി.

ഐപിഎല്ലിലെ യുവതാരങ്ങള്‍ക്കിടയില്‍ വളറെയധികം ശ്രദ്ധേയനാണ് ഡല്‍ഹി താരം റിഷഭ് പന്ത്. തോല്‍വിയിലും പലപ്പോഴും ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ആശ്വാസമായത് റിഷഭ് പന്തിന്റെ പ്രകടനമാണ്. മൈതാനത്ത് കാഴ്ചവെച്ച മിന്നുന്ന പ്രകടനം പന്തിനു നേടിക്കൊടുത്തത് ഇത്തവണത്തെ എമേര്‍ജിങ് പ്ലെയറിനുള്ള പുരസ്‌കാരമാണ്.

ഇതിനിടെ കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങള്‍ക്കൊപ്പം സെല്‍ഫിയ്ക്ക് പോസ് ചെയ്യുന്ന റിഷഭിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇന്നലെ മല്‍സരശേഷം നടന്ന പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പന്ത്. കിരീട നേട്ടത്തിന് ശേഷം ചെന്നൈ താരങ്ങള്‍ സെല്‍ഫിയെടുത്തപ്പോള്‍ പന്തിനേയും വിളിക്കുകയായിരുന്നു.

ഐപിഎല്ലിന് പുറത്ത് തങ്ങളെല്ലാം സുഹൃത്തുക്കളാണെന്ന് താരങ്ങള്‍ പറയാതെ പറയുകയാണ് ചിത്രത്തിലൂടെ. അതേസമയം, ധോണിയുടെ ടീം വിജയിച്ചു എന്നതില്‍ താന്‍ ഒരുപാട് സന്തോഷിക്കുന്നുണ്ടെന്ന് പന്ത് പറഞ്ഞു.

Read more about:
EDITORS PICK