സ്മിത്തിന്റെയും വാര്‍ണറുടേയും വിലക്കിനെ തുടര്‍ന്ന് പ്രതാപം നഷ്ടമായ ഓസിസ് ടീമിലേക്ക് വാട്‌സണ്‍ മടങ്ങിയെത്തുന്നു

Web Desk May 31, 2018

ഐ.പി.എല്ലില്‍ മിന്നുന്ന സെഞ്ചുറിയുമായി ചെന്നൈ സൂപ്പര്‍ കിങ്സിന് കിരീടം നേടിക്കൊടുത്ത ഷെയ്ന്‍ വാട്‌സണെ ഓസിസ് ടീമിലേക്ക് മടക്കികൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്നു.

പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട് ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്ന് പുറത്തായ സ്മിത്തിനും വാര്‍ണറിനും പകരം മിന്നും ഫോമിലുള്ള വാട്സണ്‍ തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 37ാം വയസ്സിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുന്ന വാട്‌സണ്‍ പുറത്താകാതെ 57 പന്തില്‍ നിന്ന് 117 റണ്‍സ് നേടിയാണ് ചെന്നൈയ്ക്ക് കിരീടം സമ്മാനിച്ചത്. ക്രിക്കറ്റ് ലോകമാകെ ചര്‍ച്ച ചെയ്ത ഇന്നിംഗ്‌സിന് പിന്നാലെയാണ് വാട്‌സണെ ദേശീയ ടീമിലേക്ക് മടക്കികൊണ്ടുവരണമെന്ന ആവശ്യം ഓസ്‌ട്രേലിയയില്‍ തന്നെ ശക്തമാകുന്നത്.

ഓസ്‌ട്രേലിയന്‍ ദേശീയതാരം മാര്‍ക്കസ് സ്റ്റോയിണ്‍സ് അടക്കമുളളവര്‍ പരസ്യമായി ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും സമാന നിലപാടാണ് വ്യക്തമാക്കുന്നത്. പന്തില്‍ കൃത്രിമം കാട്ടിയതിന് വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്തിന്റേയും വാര്‍ണറുടേയും അഭാവം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ പ്രതാപത്തിന് വലിയ തിരിച്ചടി നല്‍കിയിരിക്കുന്ന സാഹചര്യം കൂടിയായതിനാല്‍ വാട്‌സന്റെ സാന്നിധ്യം ആശ്വാസമാകുമെന്നാണ് ആരാധകര്‍ പറയുന്നത്.

ഓസ്‌ട്രേലിയന്‍ ടീമിന് വേണ്ടി കളിക്കാനുള്ള പ്രതിഭ വാട്‌സന് ഇപ്പോഴുമുണ്ടെന്നാണ് ആരാധകരുടെ വാദം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 40 വയസുവരെ കളിച്ചിരുന്നതും അവര്‍ ചൂണ്ടികാട്ടുന്നു. ഐ.പി.എല്ലില്‍ 15 മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറിയടക്കം 555 റണ്‍സ് നേടിയ വാട്‌സന്‍ ആറ് വിക്കറ്റുകളും വീഴ്ത്തിയിരുന്നു. എന്തായാലും ദേശീയ ടീമിലേക്ക് മടങ്ങിവരുന്നത് സംബന്ധിച്ച വാര്‍ത്തകളോട് വാട്‌സണ്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Read more about:
RELATED POSTS
EDITORS PICK