കണ്ണീരോടെ കാത്തിരുന്നവർക്കിടയിലേക്ക് റാഷിദ് പറന്നിറങ്ങി: സുഹൃത്തിന്റെ ചതിയിൽ കുടുങ്ങി കുവൈത്ത് ജയിലിലായ റാഷിദിന് ഇത് രണ്ടാം ജന്മം

Pavithra Janardhanan June 5, 2018

കൂട്ടുകാരന്റെ ചതിയിൽപ്പെട്ട് കുവൈറ്റി ജയിലിൽ അകപ്പെട്ട മലയാളിക്ക് മോചനം. മീനാപ്പീസിലെ ചേലക്കാടത്ത് റാഷിദിനാണ് തന്റേതല്ലാത്ത കുറ്റത്തിന് നാല് വർഷം കുവൈറ്റിൽ കാരാഗൃഹവാസം അനുഭവിക്കേണ്ടി വന്നത്.എന്നാൽ റംസാൻ മാസം തന്നെ തന്റെ കുടുംബത്തിന്റെ അടുക്കൽ എത്തിച്ചേരാനായതിൽ സന്തോഷമുണ്ടെങ്കിലും തന്നെ ഒരു നോക്ക് കാണാൻ കാത്തിരുന്ന തന്റെ പിതാവിന്റെ കബറിടം കാണാൻ മാത്രമാണ് റാഷിദിനായത്.


കുവൈത്ത് അബ്ബാസിയയിൽ ഇന്റർനെറ്റ് കഫെ ജീവനക്കാരനായ റാഷിദ് 2014 ജൂൺ 25നു രാത്രി അവധി കഴിഞ്ഞു മടങ്ങുമ്പോഴാണു ലഗേജിൽ ലഹരിമരുന്നുമായി കുവൈത്ത് വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലാകുന്നത്. പിന്നീട് ജയിലിലാവുകയായിരുന്നു.
റാഷിദിനോടു കുവൈത്തിലുള്ള സുഹൃത്ത് പഴയങ്ങാടി മാട്ടൂലിലെ ഫവാസ് തന്റെ പിതാവിന്റെ കണ്ണടയും മരുന്നും അടങ്ങുന്ന പായ്ക്കറ്റ് വാങ്ങിക്കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടിരുന്നു.തനിക്കു മാട്ടൂലിൽ പോയി പായ്ക്കറ്റ് വാങ്ങാൻ സമയമുണ്ടാകില്ലെന്നു റാഷിദ് പറഞ്ഞതിനെ തുടർന്ന് ഒരു അപരിചിതൻ കാഞ്ഞങ്ങാട്ട് വന്നു പായ്ക്കറ്റ് റാഷിദിനെ ഏൽപിച്ചു. ലഹരിമരുന്നാണെന്നറിയാതെ റാഷിദ് പായ്ക്കറ്റ് ഭദ്രമായി ലഗേജിൽ വയ്ക്കുകയും ചെയ്തു. ലഹരിമരുന്നു കൈവശം വച്ചതിനു കോടതി റാഷിദിനു 10ലക്ഷം രൂപ പിഴയും അഞ്ചുവർഷം തടവും വിധിക്കുകയായിരുന്നു.

അപ്പീൽ നൽകിയെങ്കിലും ഫലമുണ്ടായില്ല. റാഷിദിന്റെ മോചനത്തിനായി വീട്ടുകാരും നാട്ടുകാരും കുവൈത്തിലെ സുഹൃത്തുക്കളും കഠിനശ്രമത്തിലായിരുന്നു. ജനകീയ സമിതി രൂപീകരിക്കുകയും കേസ് നടത്താൻ അഭിഭാഷകനെ ഏർപ്പെടുത്തുകയും ചെയ്തു. ഒടുവിൽ കുവൈത്ത് രാജാവ് റാഷിദിന്റെ ശിക്ഷ കുറയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കുവൈത്തിൽ നിന്നു മുംബൈക്കു റാഷിദിനെ വിമാനം കയറ്റി വിട്ടത്.അവിടെ നിന്നു സുഹൃത്തുക്കളുടെ സഹായത്തോടെ ഞായറാഴ്ച രാത്രി മംഗളൂരു വിമാനത്താവളത്തിലെത്തി. റാഷിദിന്റെ പിതാവ് അബൂബക്കർ 2016 മാർച്ചിലാണ് മരിച്ചത്. ഉപ്പയെ അവസാനമായി ഒരു നോക്ക് കാണാൻ കഴിഞ്ഞില്ലെന്ന ദു:ഖമുണ്ടെങ്കിലും തന്നെ കണ്ണീരോടെ കാത്തിരിക്കുകയായിരുന്ന ഉമ്മ കുഞ്ഞായിശക്കും സഹോദരി റാഷിദക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ദുഃഖത്തിലും ആനന്ദത്തിലും കുതിർന്നൊരു പെരുന്നാളാണ് ഇക്കുറി റാഷിദിന്.

Tags:
Read more about:
EDITORS PICK