ഇന്ത്യയുടെ ആദ്യ സ്മാർട്ട് ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിലേക്ക് : ഏഥർ പ്രീ ലോഞ്ച് ബുക്കിങ് തുടങ്ങി

Arathy Anil June 6, 2018

ഇന്ത്യയുടെ ആദ്യ സ്മാർട്ട് ഇലക്ട്രിക് സ്‌കൂട്ടർ ആയ ഏഥർ S340 രൂപകല്പന കഴിഞ്ഞ്  അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിപണിയിലേക്കെത്തുന്നു. ഐ ഐ ടി മദ്രാസിലെ ബിരുദധാരികളായ തരുൺ മെഹ്‌തയും സ്വപ്നിൽ ജെയിനും ഡിസൈൻ ചെയ്ത ഏഥർ S340 യും അതിൻ്റെ മെച്ചപ്പെട്ട പതിപ്പായ  ഏഥർ 450 യും ആഗസ്റ്റിൽ നിരത്തിലിറങ്ങുന്നതിനു മുന്നോടിയായി പ്രീ ബുക്കിങ് ആരംഭിച്ചു.

ഏഥർ എനർജി പുറത്തിറക്കുന്ന ഈ രണ്ടു ഇലക്ട്രിക് സ്‌കൂട്ടറുകൾ ആദ്യഘട്ടത്തിൽ ബെംഗളൂരുവിൽ  മാത്രമാണ് ലഭ്യമാകുക. 340 യുടെ വില ഏകദേശം 1.09 ലക്ഷവും 450 യുടേത് ഏകദേശം ഒന്നേകാൽ ലക്ഷവുമാണ്. നയപരമായ പാളിച്ചകൾ കൊണ്ടും അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം കൊണ്ടും കഷ്ടപ്പെടുന്ന ഇന്ത്യയിലെ വൈദ്യുത വാഹന വിപണിയിലെ ഒരു സുപ്രധാന ചുവടുവയ്പാണിത്.

ഫ്ലിപ് കാർട്ട് സ്ഥാപകരായ സച്ചിൻ ബൻസാൽ, ബിന്നി ബൻസാൽ ,ടൈഗർ ഗ്ലോബൽ തുടങ്ങിയവരുടെയൊപ്പം ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹനനിർമാതാക്കളായ ഹീറോ മോട്ടോകോർപ്പിൻ്റെ നിക്ഷേപം കൂടെ കടന്നുവന്നപ്പോൾ ആണ് ഈ സ്വപ്നം യാഥാർത്ഥമായത്.

തട്ടിക്കൂട്ടിയ ചൈനീസ് മോഡലുകൾക്കപ്പുറം ഒരു യഥാർത്ഥ ഇൻഡ്യൻ  ഇലക്ട്രിക് സ്‌കൂട്ടർ കടന്നുവരുന്നത് അതിൻ്റേതായ വെല്ലുവിളികൾ നേരിട്ടുകൊണ്ടുതന്നെയാണ്. ചാർജിങ് സ്റ്റേഷനുകളുടെ അഭാവം തന്നെയാണ് ഇതിൽ ഏറ്റവും പ്രധാനം. എന്നാൽ വൈദ്യുതി വിൽക്കാനുള്ള ലൈസെൻസ് ഇല്ലാതെ തന്നെ ചാർജിങ് സ്റ്റേഷനുകൾ നിർമിക്കാനുള്ള അനുമതി നൽകിക്കൊണ്ട് ഏപ്രിലിൽ  സർക്കാർ ഉത്തരവിറക്കി. ഏഥർ എനെർജിയുടെ സ്വന്തമായി ബെംഗളൂരുവിൽ ‘ഏഥർഗ്രിഡ്’ എന്നൊരു ചാർജിങ് നെറ്റ്‌വർക്ക് ഉയർത്തി ആദ്യത്തെ ആറുമാസത്തേക്ക് എല്ലാത്തരം വൈദ്യുതവാഹനങ്ങൾക്കും സൗജന്യമായി ചാർജ് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് കമ്പനി അറിയിച്ചു.

വൈറ്റ്ഫീൽഡിലെ നിർമാണകേന്ദ്രത്തിൽ പ്രതിവാരം 600 വാഹനങ്ങളാണ് പൂർത്തിയാക്കുന്നത്. 2019 ഓടെ ചെന്നൈയിലേക്കും പൂനയിലേക്കും വില്പന വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

110 സിസി ഗിയർലെസ്സ് സ്കൂട്ടറിന് സമാനമായ ഗുണവിശേഷങ്ങളുള്ള ഏഥർ 340 , ഒറ്റ ചാർജിങ്ങിൽ മണിക്കൂറിൽ  72കി മീ വേഗത്തിൽ  60 കിലോമീറ്റർ വരെ  സഞ്ചരിക്കും. വാട്ടർ പ്രൂഫും വൈബ്രേഷൻപ്രൂഫുമായ ബാറ്ററിയുടെ ആയുസ്സ് 50000 കിമീ ആണ്. സാധാരണ സ്‌കൂട്ടറിനേക്കാൾ 20 ശതമാനത്തോളം ഭാരം കുറഞ്ഞ ഈ വാഹനത്തിനു സമതുലിതമായ ഭാരവിതരണമാണുള്ളത്.

 

ഏഥർ450  കാണാൻ സദൃശമാണെങ്കിലും 75 കിലോമീറ്റർ റേഞ്ചും മണിക്കൂറിൽ 80 കിമീ  ഉയർന്നവേഗതയും പ്രകടമാക്കുന്നു.

സ്മാർട്ട് വാഹനമാണ് ഏഥർ.  ക്ലൗഡുമായി ബന്ധിതമായ 7 ഇഞ്ച് കപ്പാസിറ്റിവ് ടച് സ്‌ക്രീൻ ഡാഷ്ബോർഡ് ഉള്ള ഇതിന്  ഉടമസ്ഥരുടെ യാത്രാശീലങ്ങൾ ശേഖരിച്ചു കൂടുതൽ സൗകര്യപ്രദമായ വഴികളും മറ്റും നിർദേശിക്കാൻ കഴിയും. വേഗത്തിനും  മൈലേജിനുമൊപ്പം റേഞ്ച് , ബാറ്ററി ലൈഫ് ,ജി പി എസ് മാപ്പ് എല്ലാം സ്‌ക്രീനിൽ തെളിയും.

മാളുകൾ , ബിസിനസ് കേന്ദ്രങ്ങൾ , ഓഫീസുകൾ, ജിം, റസ്റ്റോറൻറുകൾ മുതലായ ഇടങ്ങളിലാവും ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുക.4  കിലോമീറ്റർ ചുറ്റളവിനുള്ളിൽ ഒരു ചാർജിങ് സ്റ്റേഷൻ എങ്കിലും ഉറപ്പുവരുത്താവുന്ന രീതിയിൽ ശൃംഖല വിന്യസിക്കുകയാണ് കമ്പനിയുടെ ലക്‌ഷ്യം.

ലോകമെങ്ങും ഫോസിൽ ഇന്ധനങ്ങളുടെ ശേഖരം  വറ്റിപ്പോകുന്ന പ്രതിസന്ധി അടുക്കവേ ഇന്ത്യ ഘട്ടം ഘട്ടമായി വൈദ്യുത വാഹനങ്ങളിലേക്ക് മാറാൻ തുടങ്ങുകയാണ്. 2030 ഓടെ വിപണിയിൽ ഇറങ്ങുന്ന കാറുകളെല്ലാം തന്നെ വൈദ്യുതികൊണ്ടു സഞ്ചരിക്കുന്നവയാകും എന്നാണു പ്രഖ്യാപനം.

Read more about:
EDITORS PICK